അടിതെറ്റി അർജൻറീന
text_fieldsബ്വേനസ് എയ്റിസ്: റഷ്യൻ ടിക്കറ്റിനായി പെടാപ്പാട് പെടുന്ന അർജൻറീനക്കുമേൽ വീണ്ടും സമനിലക്കുരുക്ക്. ലോകകപ്പ് യോഗ്യത മത്സരത്തിൽ അവസാന സ്ഥാനക്കാരായ വെനിേസ്വലയാണ് അർജൻറീനെയ സമനിലയിൽ കുരുക്കിയത് (സ്കോർ 1-1). ഇതോടെ റഷ്യൻ ലോകകപ്പിനുള്ള അർജൻറീനയുടെ സാധ്യത കൂടുതൽ കുരുക്കിലായി. രണ്ടാം പകുതിയിൽ വെനിേസ്വലൻ താരം റോൾ ഫെൽഷറുടെ കാലിൽനിന്ന് വീണ സെൽഫ് ഗോളാണ് അർജൻറീനക്ക് സമനില നേടിക്കൊടുത്തത്. അതേസമയം, ബൊളീവിയയോട് എതിരില്ലാത്ത ഒരു ഗോളിന് ചിലി തോറ്റത് അർജൻറീനക്ക് പ്രതീക്ഷ നൽകുന്നു.
മെസ്സി, ഡിബാല, ഇക്കാർഡി, മഷറാനോ തുടങ്ങിയ സൂപ്പർ താരനിരയുമായി നാട്ടുകാർക്കുമുന്നിൽ പന്ത് തട്ടാനിറങ്ങിയ അർജൻറീന ഒരുഡസൻ അവസരങ്ങൾ പാഴാക്കിയാണ് സമനില ഏറ്റുവാങ്ങിയത്. കളിതുടങ്ങി ആദ്യ 15 മിനിറ്റിനിടെ ആറ് അവസരങ്ങളാണ് അർജൻറീനയുടെ മുൻനിര ഗോളിയുടെ കൈയിൽ അവസാനിപ്പിച്ചത്. ഗോളിയില്ലാ പോസ്റ്റിലേക്ക് നിറയൊഴിക്കാനുള്ള അവസരങ്ങൾ പോലും ഡിബാല നഷ്ടപ്പെടുത്തി. 50ാം മിനിറ്റിൽ കാണികളെ നിശ്ശബ്ദരാക്കി വെനിസ്വേല ആദ്യ ഗോൾ നേടി. അർജൻറീനൻ പ്രതിരോധത്തെ കീറിമുറിച്ച് സെർജിയോ കൊർഡോവ നൽകിയ പാസ് ജോൺ മുറില്ലോ വലയിലെത്തിച്ചു. നാല് മിനിറ്റിനപ്പുറം അർജൻറീനക്ക് ആശ്വാസമേകി സെൽഫ് ഗോൾ പിറന്നു. വലതുവിങ്ങിൽ നിന്ന് ബോക്സിലേക്കെത്തിയ ബോൾ പുറത്തേക്ക് തട്ടിയകറ്റാനുള്ള റോൾഫ് ഫെൽഷറുടെ ശ്രമം സെൽഫ് ഗോളിൽ അവസാനിച്ചു. ഇൻജുറി ടൈമിെൻറ അവസാന നിമിഷം വെര അവസരങ്ങൾ പാഴാക്കി അർജൻറീന സമനില ചോദിച്ചുവാങ്ങുകയായിരുന്നു.
യോഗ്യത റൗണ്ടിൽ അർജൻറീനക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്ന ചിലിയെ അട്ടിമറിച്ചത് ബൊളീവിയയാണ്. 59ാം മിനിറ്റിൽ ജുവാൻ ആർസ് നേടിയ ഗോളാണ് ബൊളീവിയയെ വിജയത്തിലെത്തിച്ചത്. 90ാം മിനിറ്റിൽ ബൊളീവിയൻ താരം അലസാൻഡ്രോ ചുമാസെറോ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയെങ്കിലും ഗോൾ വഴങ്ങാതെ ബൊളീവിയ കളി അവസാനിപ്പിച്ചു.
ബ്രസീലിനെ തളച്ച് കൊളംബിയ
യോഗ്യത ഉറപ്പിച്ച ബ്രസീലിനെ സമനിലയിൽ തളച്ച് കൊളംബിയ കരുത്ത്കാട്ടി (1^1). ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ വില്യൻ ബ്രസീലിന് ലീഡ് നേടിക്കൊടുത്തെങ്കിലും 56ാം മിനിറ്റിൽ റഡാമൽ ഫാൽക്കാവോ കൊളംബിയക്കായി സമനില കെണ്ടത്തുകയായിരുന്നു. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത് കൊളംബിയയായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നെയ്മറുടെ പാസിലാണ് വില്യൻ ഗോൾ കണ്ടെത്തിയത്. മറ്റൊരു മത്സരത്തിൽ എക്വഡോറിനെ 2-1ന് തോൽപിച്ച് പെറുവും പരഗ്വേയെ അതേ സ്കോറിന് തോൽപിച്ച് ഉറുഗ്വായും ലോകകപ്പ് പ്രതീക്ഷകൾ സജീവമാക്കി.
ഗ്രൂപ് ജിയിൽ ഇസ്രായേലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് ഇറ്റലി രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. 53ാം മിനിറ്റിൽ ഇമ്മൊബിലെയാണ് ഇറ്റലിക്കായി ഗോൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൂന്ന് ഗോളുകൾക്ക് സ്പെയിനിനോട് തോറ്റ ഇറ്റലിക്ക് ആശ്വാസജയമാണിത്. അതേസമയം, ലിച്ചെൻസ്റ്റെയ്നെ എതിരില്ലാത്ത എട്ട് ഗോളുകൾക്ക് തോൽപിച്ച് സ്പെയിൻ ഗോൾ വേട്ട തുടരുകയാണ്. സ്പെയിനിനായി മൊറാട്ടയും ആസ്പാസും രണ്ട് ഗോൾ വീതം നേടിയപ്പോൾ റാമോസ്, ഇസ്കോ, സിൽവ എന്നിവർ ഒാരോ ഗോൾ കുറിച്ചു. ഒരു ഗോൾ മാക്സ്മില്ല്യൻ ഗോപ്പലിെൻറ വക സെൽഫ് ഗോളായിരുന്നു. ഗ്രൂപ് െഎയിൽ െഎസ്ലാൻഡ്, യുക്രെയ്നിനെയും തുർക്കി, ക്രൊയേഷ്യയെയും തോൽപിച്ചു.
അർജൻറീനയുടെ സാധ്യത ഇങ്ങനെ
വെനിേസ്വലയോട് സമനിലയിൽ കുരുങ്ങിയെങ്കിലും ചിലിയുടെ പരാജയം അർജൻറീനക്ക് പ്രതീക്ഷ നൽകുന്നു. നിലവിൽ 24 പോയൻറുമായി അഞ്ചാം സ്ഥാനത്ത് തുടരുകയാണ് അർജൻറീന. 23 പോയൻറുള്ള ചിലി ആറാം സ്ഥാനത്താണ്. നാലാം സ്ഥാനത്തുള്ള പെറുവുമായാണ് അർജൻറീനയുടെ അടുത്ത മത്സരം. ഇൗ മത്സരത്തിൽ അർജൻറീന ജയിച്ചാൽ പെറുവിനെ മറികടന്ന് നാലാം സ്ഥാനത്ത് ഇടം നേടാം. എക്വഡോറുമായുള്ള അവസാന മത്സരം കൂടി ജയിച്ചാൽ അർജൻറീനക്ക് നേരിട്ട് ലോകകപ്പ് യോഗ്യത നേടാനാവും. അടുത്ത രണ്ട് മത്സരങ്ങളും തോൽക്കുകയോ സമനിലയിലാവുകയോ ചെയ്താൽ അർജൻറീനയുടെ നില പരുങ്ങലിലാവും. അഞ്ചാം സ്ഥാനത്ത് തന്നെ തുടരുകയാണെങ്കിൽ േപ്ല ഒാഫ് കളിച്ച് യോഗ്യത നേടേണ്ടി വരും. ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാൽ മെസ്സിക്ക് വീട്ടിലിരുന്ന് കളി കാണേണ്ടി വരും. അർജൻറീനക്ക് വെല്ലുവിളി ഉയർത്തുന്ന ചിലിക്ക് അവസാന മത്സരം ബ്രസീലുമായാണ്. ഇതും അർജൻറീനക്ക് പ്രതീക്ഷ നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.