തുടക്കം മോശം, ഒടുക്കം ദുരന്തം; ഇന്ത്യ 189ന് പുറത്ത്
text_fieldsബംഗളൂരു: പുണെ മാറി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയമായി, സ്റ്റീവൻ ഒകീഫെക്ക് പകരം നതാൻ ലിയോണായി. ഇതിനിടയിൽ ഒരു കൂട്ടിച്ചേർക്കൽ മാത്രം. ധീരമായ ചെറുത്തുനിൽപ് നടത്തിയ ഇന്ത്യൻ ഒാപണർ ലോകേഷ് രാഹുലിെൻറ 90 റൺസ്. ബാക്കിയെല്ലാം പഴയ തിരക്കഥയിൽ നായകർ മാറിയൊരു ആവർത്തനം. പുണെ ആവർത്തിക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞിറങ്ങിയ വിരാട് കോഹ്ലിയെയും സംഘത്തെയും 189 റൺസിൽ ചുരുട്ടിക്കെട്ടി ബംഗളൂരുവിലെ രണ്ടാം ടെസ്റ്റിലും ആസ്ട്രേലിയ മേധാവിത്വമുറപ്പിച്ചു. ഒന്നാം ദിനം കളി അവസാനിക്കുേമ്പാൾ ഇന്ത്യൻ ടോട്ടലിന് മറുപടി ആരംഭിച്ച ഒാസീസ് വിക്കറ്റൊന്നും നഷ്ടമാവാതെ 40 റൺസെടുത്തിട്ടുണ്ട്. പ്രവചനാതീതമായി മാറിയ പിച്ചിൽ ഇനിയെന്തെല്ലാമെന്ന് ഇന്നറിയാം.
ഒന്നാം ടെസ്റ്റിൽ ഇന്ത്യയുടെ അന്തകനായി മാറിയ സ്റ്റീവൻ ഒകീഫെയെ പഠിച്ച് പെരുമാറുന്നതിൽ ആതിഥേയ ബാറ്റിങ് വിജയിച്ചെങ്കിലും, ആ കരുതൽ നതാൻ ലിയോണിന് മുന്നിൽ നഷ്ടമായി. ആതിഥേയരെ അടിമുടി വട്ടംകറക്കിയ ലിയോണിന് മുന്നിൽ മുൻനിരയിലെയും വാലറ്റത്തെയുമായി എട്ടുപേർ ആയുധംവെച്ച് കീഴടങ്ങി. 22.2 ഒാവറിൽ 50 റൺസ് വഴങ്ങിയാണ് ലിയോൺ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ഒകീെഫയും (കരുൺ നായർ), മിച്ചൽ സ്റ്റാർകും (അഭിനവ് മുകുന്ദ് ) ഒാരോ വിക്കറ്റ് വീഴ്ത്തി. തുടക്കത്തിൽ ബാറ്റിങ്ങിന് വഴിയൊരുക്കിയ പിച്ച്, ഉച്ച കഴിഞ്ഞ് ടേൺ കണ്ടെത്തിയതോടെ കളി വഴിതിരിഞ്ഞു. രണ്ടിന് 72 എന്ന നിലയിൽ ഉച്ചപിരിഞ്ഞ ഇന്ത്യ അടുത്ത സെഷൻ അവസാനിക്കുംമുേമ്പ തകർച്ചയുടെ വഴിയിലായി. ചായക്ക് പിരിയു േമ്പാൾ 168/5 എന്ന നിലയിലും, അടുത്ത 12 ഒാവറിനുള്ളിൽ ഒാൾ ഒൗട്ടാവുകയും ചെയ്തു.
പേടിച്ച് വിറച്ച് ഇന്ത്യ,
സധൈര്യം ലോകേഷ് രാഹുൽ
ഒന്നാം ടെസ്റ്റിലെ ടീമിൽ മാറ്റമില്ലെന്ന് കട്ടായംപറഞ്ഞ കോച്ച് അനിൽ കുംെബ്ലയും ക്യാപ്റ്റൻ വിരാട് കോഹ്ലിയും ശനിയാഴ്ച രാവിലെ എല്ലാവരെയും ഞെട്ടിച്ചു. ജയന്ത് യാദവിനെ ഒഴിവാക്കി മലയാളി താരം കരുൺ നായർക്ക് ഇടംനൽകിയപ്പോൾ മാധ്യമങ്ങളുടെയും മുൻതാരങ്ങളുടെയും മുറവിളിക്ക് കോച്ചും ക്യാപ്റ്റനും ചെവികൊടുക്കുകയായിരുന്നു. ഇതിനിടെ, മറ്റൊരു മാറ്റത്തിനും നിർബന്ധിതരായി. പരിക്കേറ്റ ഒാപണർ മുരളി വിജയിനു പകരം അഭിനവ് മുകുന്ദ് എത്തി. ആദ്യ ദിനം ബാറ്റിങ്ങിനെ തുണക്കുമെന്ന് പ്രതീക്ഷിച്ച പിച്ചിൽ ടോസിലെ ജയം ഇന്ത്യക്കായിരുന്നു. മനസ്സിൽ കരുതിയപോലെ ആദ്യം ബാറ്റിങ്ങിനിറങ്ങി. പക്ഷേ, പേസിലായിരുന്നു ഒാസീസ് തുടങ്ങിയത്.
ഹേസൽവുഡും മിച്ചൽ സ്റ്റാർകും. വലിയ പ്രതീക്ഷകളുമായിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഒാവറിൽതന്നെ വിക്കറ്റ് നഷ്ടമായി. സ്റ്റാർകിെൻറ ഫുൾടോസ് പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി അഭിനവ് മുകുന്ദ് (0) പുറത്തേക്ക്. രണ്ടാം വിക്കറ്റിൽ രാഹുലും പുജാരയും അതിജാഗ്ര തയോടെയാണ് കളിച്ചത്. ഒകീഫെയുടെ പന്തുകളെ പ്രതിരോധിച്ചും, ലിയോണിനെ അടിക്കാനും ശ്രമിച്ച് ഒച്ചിെൻറ വേഗത്തിൽ മാത്രം സ്കോർ ചെയ്തു. 14 പന്ത് നേരിട്ടശേഷമാണ് പുജാര ആദ്യ റൺ നേടിയത്. 27ാം പന്തിൽ രണ്ടാം റൺ. ഒകീഫെയുടെ ക്ഷമ പരീക്ഷിച്ചവർ വല്ലപ്പോഴും ബൗണ്ടറി പറത്തി നിലയുറപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, ഉച്ചപിരിയുംമുേമ്പ പുജാര (66 പന്തിൽ 17) ഹാൻഡ്സ്കോമ്പിന് പിടികൊടുത്ത് മടങ്ങി.
ഇടവേള കഴിഞ്ഞാണ് ക്യാപ്റ്റൻ കോഹ്ലിയെത്തിയത്. അതിജാഗ്രതയിലായിരുന്ന ക്യാപ്റ്റൻ സ്റ്റാർകിനെ ബൗണ്ടറി കടത്തി. പക്ഷേ, മേധാവിത്വം നിലനിർത്താൻ കഴിഞ്ഞില്ല. 17 പന്തിൽ 12 റൺസുമായി ലിയോണിെൻറ മുന്നിൽ കുരുങ്ങി. ഡി.ആർ.എസ് നൽകിയെങ്കിലും അമ്പയറുടെ തീരുമാനം പിഴച്ചില്ല. അടുത്ത വിക്കറ്റിൽ രാഹുലിന് കൂട്ടായെത്തിയ അജിൻക്യ രഹാനെ (17) ലിയോണിനെ ചാടിയിറങ്ങി അടിക്കാനുള്ള ശ്രമത്തിൽ സ്റ്റംപ്ഡ്. അഞ്ചാം വിക്കറ്റിൽ മലയാളി താരം കരുൺ നായർ ക്രീസിലെത്തിയതോടെ പ്രതീക്ഷകൾ വീണ്ടും തളിർത്തു. ഒകീഫെയെയും സ്റ്റാർകിനെയും മനോഹരമായി നേരിട്ട കരുൺ 39 പന്തിൽ 26 റൺസെടുത്തുനിൽക്കെ ഒകീഫെയുടെ പന്തിൽതന്നെ സ്റ്റംപ് ചെയ്ത് പുറത്താക്കപ്പെട്ടു. അഞ്ചിന് 156. പിന്നെ കൂട്ടവീഴ്ചയായിരുന്നു. ഒന്നിനു പിന്നാലെ ഒന്നായി പവിലിയനിലേക്കുള്ള യാത്ര. വൻ തകർച്ചക്കിടയിലും െപാരുതിക്കളിച്ച രാഹുലിന് കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയിലേക്ക് കൂട്ടുചേരാൻ ആരുമില്ലാതെ പോയി. ഒമ്പതാമനായി രാഹുൽ ലിയോണിനുതന്നെ വിക്കറ്റ് സമ്മാനിച്ചു. ഉച്ചകഴിഞ്ഞതോടെ പിച്ചിൽ ഒാസീസ് സ്പിന്നർമാർക്ക് പന്ത് ടേൺചെയ്യാൻ കഴിഞ്ഞതാണ് മുൻതൂക്കമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.