വെല്ലുവിളിക്ക് മുന്നിൽ ‘മുട്ടു കുത്താതെ’ സചിൻെറ മനം കവർന്ന് മഡ്ഡ റാം -Video
text_fieldsറായ്പുർ (ഛത്തീസ്ഗഡ്): വിധിയുടെ വെല്ലുവിളിക്ക് മുന്നിൽ ‘മുട്ടു കുത്താതെ’, മുട്ടു കുത്തി ഓടി കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിച്ച് ദേശീയ ശ്രദ്ധ നേടുകയാണ് ഛത്തീസ്ഗഡിലെ ദന്തെവാഡയിലുള്ള മഡ്ഡ റാം എന്ന 13കാരൻ.
പോളിയോ തളർത്തിയ കാലുകളുമായി ക്രിക്കറ്റ് കളിച്ച് കായിക പ്രേമികളുടെ മനം കവർന്ന മഡ്ഡയെ തേടി കഴിഞ്ഞ ദിവസമൊരു സമ്മാനമെത്തി. ഒരു ബാറ്റും ബാളും. അയച്ചത് മറ്റാരുമല്ല. സാക്ഷാൽ മാസ്റ്റർ ബ്ലാസ്റ്റർ സചിൻ ടെൻഡുൽക്കർ. കാലുകൾക്ക് ചലനശേഷി ഇല്ലാത്തതിനാൽ കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കാൽമുട്ടുകളും വലതും കൈയും കുത്തിയോടി റൺ എടുക്കുന്ന മഡ്ഡയുടെ വീഡിയോ ഈ പുതുവത്സരദിനത്തിൽ സചിൻ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. വീഡിയോ വൈറലായതോടെ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ താരമായതിൻെറ സന്തോഷത്തിലാണ് ഈ ദന്തെവാഡ കതെകല്യാൺ സ്വദേശി.
സചിൻെറ സമ്മാനമായി ബാറ്റും ബാളും എത്തിയതോടെ ഈ സന്തോഷത്തിന് ഇരട്ടി മധുരമായി. ‘മഡ്ഡ റാം എന്ന ഈ ബാലൻ കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന പ്രചോദനപരമായ വീഡിയോ കണ്ട് നിങ്ങളുടെ 2020 തുടങ്ങൂ. ഇത് എൻെറ മനം കവർന്നു. എനിക്കുറപ്പാണ്, ഇത് നിങ്ങളുടെയും മനം കവരും’ എന്നാണ് വീഡിയോക്കൊപ്പം സചിൻ കുറിച്ചത്.
അതിന് പിന്നാലെയാണ് മഡ്ഡക്ക് സമ്മാനമായി സചിൻ ബാറ്റും ബാളും അയച്ചത്. ‘നിനക്ക് ക്രിക്കറ്റിനോടുള്ള സ്നേഹവും അർപ്പണവും അഭിനന്ദനാർഹമാണ്. നീ ഈ ഗെയിം ആസ്വദിക്കുന്ന രീതി എന്നെ ആകർഷിച്ചു. കളി തുടരുക. നിനക്കും സുഹൃത്തുക്കൾക്കും എൻെറ ആശംസകൾ’ എന്ന കത്തും സമ്മാനത്തിനൊപ്പം സചിൻ നൽകി.
Start your 2020 with the inspirational video of this kid Madda Ram playing cricket with his friends.
— Sachin Tendulkar (@sachin_rt) January 1, 2020
It warmed my heart and I am sure it will warm yours too. pic.twitter.com/Wgwh1kLegS
കർഷകനായ ഡൂമറാമിൻെറ മകനായ മഡ്ഡ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ചെറുപ്പത്തിൽ പോളിയോ വന്ന് കാലുകൾ തളർന്ന മഡ്ഡ രണ്ട് വർഷമായി ക്രിക്കറ്റ് കളിക്കുന്നു. ‘എൻെറ കളി ശ്രദ്ധിക്കുകയും അതിൻെറ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്ത സചിനോട് നന്ദിയുണ്ട്. അദ്ദേഹത്തിൻെറ വാക്കുകൾ ഏറെ പ്രചോദനം നൽകുന്നു. ഒരു ഡോക്ടറാകണമെന്നാണ് എൻെറ ആഗ്രഹം’ -മഡ്ഡ റാം പറയുന്നു. സചിൻ തൻെറ ഗ്രാമം സന്ദർശിക്കണമെന്ന ആഗ്രഹവും മഡ്ഡ മറച്ചുവെക്കുന്നില്ല. സചിൻെറ നല്ല വാക്കുകൾക്കും സമ്മാനത്തിനും നന്ദിയുണ്ടെന്ന് മഡ്ഡയുടെ പരിശീലകൻ ശരത് കുമാറും പറഞ്ഞു.
കോസ, രാജ തുടങ്ങിയ കൂട്ടുകാരാണ് ക്രിക്കറ്റ് കളിക്കാൻ മഡ്ഡയെ േപ്രാത്സാഹിപ്പിക്കുന്നത്. മറ്റൊരു സുഹൃത്തായ ഗോലു തൻെറ പിതാവിൻെറ മൊബൈലിൽ പകർത്തിയ വീഡിയോയാണ് പിന്നീട് വൈറലായത്. ഇതോടെ മഡ്ഡക്കും കൂട്ടുകാർക്കും ക്രിക്കറ്റ് കിറ്റുമായി ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ ഗോപാൽ പാണ്ഡെയെത്തി. ദന്തെവാഡ് കലക്ടർ തോപേശ്വർ വെർമയും മഡ്ഡയെ അഭിനന്ദിച്ച് രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.