മിസ്ബാഹുൽ ഹഖ് കളി മതിയാക്കുന്നു; വിൻഡീസ് പരമ്പരയോടെ വിരമിക്കും
text_fields
കറാച്ചി: പാകിസ്താൻ ക്രിക്കറ്റിലെ വല്യേട്ടൻ മിസ്ബാഹുൽ ഹഖ് രാജ്യാന്തര കരിയറിന് അവസാനം കുറിക്കുന്നു. വെസ്റ്റിൻഡീസിനെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിക്കുകയാണെന്ന് 42കാരനായ പാകിസ്താൻ നായകൻ പ്രഖ്യാപിച്ചു. ജമൈക്കയിലെ കിങ്സ്റ്റണിൽ ഏപ്രിൽ 21നാണ് പരമ്പരക്ക് തുടക്കം. മേയ് പത്ത് മുതൽ ഡൊമിനികയിലെ വിൻഡ്സർ പാർക്കിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് തെൻറ വിടവാങ്ങൽ മത്സരമായിരിക്കുമെന്ന് മിസ്ബാഹുൽ ഹഖ് പറഞ്ഞു.
പാകിസ്താെൻറ ഏറ്റവും മികച്ച ടെസ്റ്റ് നായകനെന്ന പെരുമയുമായാണ് മിസ്ബാ പടിയിറങ്ങുന്നത്. 2010ലെ വാതുവെപ്പ് വിവാദത്തിൽ കുരുങ്ങി തകർന്നടിഞ്ഞ പാകിസ്താെൻറ നായകത്വമേറ്റെടുത്ത് വിജയവഴിയിലെത്തിച്ചതിെൻറ ക്രെഡിറ്റ് മുഴുവൻ പക്വമതിയായ മിസ്ബക്ക് മാത്രം അവകാശപ്പെട്ടതാണ്. നായകനായ 53 ടെസ്റ്റിൽ 24 ജയം സമ്മാനിച്ചപ്പോൾ, പാകിസ്താൻ െഎ.സി.സി റാങ്കിങ്ങിൽ ചരിത്രത്തിലാദ്യമായി കഴിഞ്ഞ ആഗസ്റ്റിൽ ഒന്നാം സ്ഥാനെത്തത്തി. ബാറ്റിങ്ങിലും ക്യാപ്റ്റൻസിയിലും സ്ഥിരത നിലനിർത്തിയതോടെ കഴിഞ്ഞ ഏഴുവർഷക്കാലം പാകിസ്താന് മറ്റൊരു ടെസ്റ്റ് നായകനെ തേടേണ്ടി വന്നിരുന്നില്ല. സ്വന്തം പേരിൽ കുറിച്ച പത്തിൽ എട്ട് സെഞ്ച്വറിയും നായകെൻറ കുപ്പായത്തിലുമായിരുന്നു.
2001ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മിസ്ബാഹുൽ ഹഖ്, 2003ൽ ദേശീയ ടീമിൽ നിന്ന് പുറത്തായ ശേഷം 2007ലാണ് തിരിച്ചെത്തുന്നത്. 162 ഏകദിനവും, 39 ട്വൻറി20യും കളിച്ചു. ഏകദിനത്തിൽ 2015 മാർച്ചിലും, ട്വൻറി20യിൽ 2012 ഫെബ്രുവരിയിലുമാണ് അവസാനമായി പാകിസ്താൻ ജഴ്സിയണിഞ്ഞത്. 72 ടെസ്റ്റിൽ 10 സെഞ്ച്വറിയുമായി 4951 റൺസടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.