ധോണി ക്രിക്കറ്റ് ആസ്ട്രേലിയയുടെ ഏകദിന ക്യാപ്റ്റൻ; കോഹ്‌ലി ടെസ്റ്റ് നായകൻ
text_fieldsമെൽബൺ: മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയെ ക്രിക്കറ്റ് ആസ്ട്രേലിയ കടന്നുപോകുന്ന പതിറ്റാണ്ടിന്‍റെ ഏകദിന ടീം ക്യാപ്റ്റനായി തിരഞ്ഞെടുത്തു. കഴിഞ്ഞ പത്ത് വർഷത്തെ മികച്ച ടീമിനെയാണ് ക്രിക്കറ്റ് ആസ്ട്രേലിയ തെരഞ്ഞെടുത്തത്. 11 അംഗ ടീമിൽ മൂന്ന് ഇന്ത്യക്കാർ ഇടം കണ്ടെത്തി. 2011ൽ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച എം.എസ്. ധോണി ഏകദിന ടീമിലെ വിക്കറ്റ് കീപ്പർ കൂടിയാണ്. ധോണിക്ക് പുറമെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, ഓപ്പണർ രോഹിത് ശർമ എന്നിവരും ഈ ദശകത്തിലെ ടീമിൽ ഇടം നേടി. ഹാഷിം അംലയ്‌ക്കൊപ്പം രോഹിത് ആണ് ഒാപണർ. കോഹ്‌ലി പതിവുപോലെ മൂന്നാം സ്ഥാനത്താണ്.
പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ സുവർണ്ണ കാലഘട്ടമായിരുന്നു ഇതെന്നും എം.എസ് ധോണി ഒരു മഹാശക്തിയായി പ്രവർത്തിച്ചെന്നും ക്രിക്കറ്റ് ആസ്‌ട്രേലിയക്കായി ഈ വർഷത്തെ ഏകദിന ടീമിനെ തെരഞ്ഞെടുത്ത മാധ്യമപ്രവർത്തകൻ മാർട്ടിൻ സ്മിത്ത് പറഞ്ഞു. ഈ ദശകത്തിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാൻ ആണ് വിരാട് കോഹ്‌ലിയെന്നും മാർട്ടിൻ സ്മിത്ത് വ്യക്തമാക്കി.
ക്രിക്കറ്റ് ആസ്ട്രേലിയയുടെ ഏകദിന ടീം
എം.എസ് ധോണി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രോഹിത് ശർമ, ഹാഷിം അംല, വിരാട് കോഹ്‌ലി, എ.ബി ഡിവില്ലിയേഴ്‌സ്, ഷാക്കിബ് അൽ ഹസൻ, ജോസ് ബട്‌ലർ, റാഷിദ് ഖാൻ, മിച്ചൽ സ്റ്റാർക്ക്, ട്രെൻറ് ബോൾട്ട്, ലസിത് മലിംഗ.
അതേസമയം, ഈ ദശകത്തിലെ ക്രിക്കറ്റ് ആസ്ട്രേലിയയുടെ ടെസ്റ്റ് ടീമിൽ ഇടം നേടിയ ഏക ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ വിരാട് കോഹ്‌ലിയാണ്. ടീമിനെ നയിക്കുന്നതും ഇന്ത്യൻ ക്യാപ്റ്റനാണ്. എ.ബി ഡിവില്ലിയേഴ്സിനെ ടീമിൻെറ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തു. അലിസ്റ്റർ കുക്ക്, ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ, സ്റ്റീവ് സ്മിത്ത് എന്നിവർക്ക് ശേഷം വിരാട് കോഹ്‌ലി അഞ്ചാം സ്ഥാനത്താണ് ബാറ്റിനെത്തുക.
ക്രിക്കറ്റ് ആസ്ട്രേലിയയുടെ ടെസ്റ്റ് ടീം:
വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), അലിസ്റ്റർ കുക്ക്, ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ, സ്റ്റീവ് സ്മിത്ത്, ഡി വില്ലിയേഴ്‌സ് (വിക്കറ്റ് കീപ്പർ), ബെൻ സ്റ്റോക്സ്, ഡേൽ സ്റ്റെയ്ൻ, സ്റ്റുവർട്ട് ബ്രോഡ്, നഥാൻ ലിയോൺ, ജെയിംസ് ആൻഡേഴ്സൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.