പുണെ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ധോണി പുറത്ത്
text_fieldsപുണെ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പുണെ സൂപ്പർ ജയന്റ്സ് ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മഹേന്ദ്ര സിങ് ധോണിയെ പുറത്താക്കി. ഓസീസ് നായകൻ സ്റ്റീവ് സ്മിത്താണ് പുതിയ ക്യാപ്റ്റൻ. ധോണിയെ പുറത്താക്കിയതല്ലെന്നും അദ്ദേഹം സ്ഥാനമൊഴിഞ്ഞതാണെന്നും റിപ്പോർട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയിലുള്ള ധോണിയുടെ പടിയിറക്കം ഇതോടെ പൂർണമായി. ഇന്ത്യയുടെ ടെസ്റ്റ്,ഏകദിന, ട്വന്റി20 ടീമുകളുടെയും ക്യാപ്റ്റൻ സ്ഥാനം ധോണി നേരത്തേ ഒഴിഞ്ഞിരുന്നു.
ധോണി രാജിവെച്ചിട്ടില്ലെന്നും അടുത്ത സീസണിൽ നായകനായി സ്റ്റീവ് സ്മിത്തിനെ തീരുമാനിക്കുകയായിരുന്നുവെന്നും പുണെ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക പറഞ്ഞു. തുറന്നുപറയുകയാണെങ്കിൽ കഴിഞ്ഞ സീസണിൽ ടീമിന് തിളങ്ങാനായില്ലെന്നും ഈ സീസണിൽ ടീമിനെ നയിക്കാൻ യുവതാരത്തെ വേണമെന്ന അഭിപ്രായമുയർന്നതിനാലാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒമ്പതു സീസണുകളിലും ക്യാപ്റ്റൻെറ റോളിലായിരുന്നു ധോണി. 2008 മുതൽ 2015 വരെ ചെന്നൈ സൂപ്പർ കിങ്സിനെ നയിച്ച ധോണി 2010, 2011 വർഷങ്ങളിൽ ടീമിനെ ഐ.പി.എൽ ചാമ്പ്യൻമാരാക്കി. 2010, 2014 വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് ട്വന്റി-20യിലും ടീമിനെ ജേതാക്കളാക്കി. ഒത്തുകളി വിവാദത്തെ തുടർന്ന് ചെന്നൈ ടീമിനെ വിലക്കിയതോടെയാണ് 2016ൽ പുണെ സൂപ്പർ ജയന്റ്സിന്റെ നായകനായി എത്തുന്നത്. കഴിഞ്ഞ സീസണിൽ ധോണിക്കു കീഴിൽ 14 മൽസരങ്ങളിൽ അഞ്ചു മൽസരങ്ങൾ മാത്രമാണ് ടീം ജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.