അരങ്ങേറ്റത്തിൽ ഹാട്രിക്കിനരികെ; മാൻ ഒാഫ് ദ മാച്ച് -സെയ്നിക്ക് എല്ലാം ഒരു സ്വപ്നംപോലെ
text_fieldsഅമേരിക്കൻ മണ്ണിൽ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിക്കുക. മുൻഗാമികൾക്കാർക്കുമില്ലാത്ത ഭാഗ്യമാണ് നവദീപ് സെയ്നിയെന്ന അരങ്ങേറ്റക്കാരന് ലഭിച്ചത്. ആ തുടക്കം ഒട്ടും മോശമാക്കിയുമില്ല. വിൻഡീസിനെതിരെ േഫ്ലാറിഡയിലെ ലൗഡർഹില്ലിൽ അരങ്ങേറിയപ്പോൾ ആദ്യ ഒാവറിൽതന്നെ രണ്ടു വിക്കറ്റ് വീഴ്ത്തി ഹാട്രിക് ചാൻസ്. നാല് ഒാവർ എറിഞ്ഞപ്പോൾ 17 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. കളിയിൽ ഇന്ത്യ നാലു വിക്കറ്റിന് ജയിച്ചപ്പോൾ അർഹിച്ചപോലെ മാൻ ഒാഫ് ദ മാച്ച് പുരസ്കാരവും.
സ്വപ്നതുല്യമായ അരങ്ങേറ്റത്തിെൻറ ത്രില്ലിലാണ് നവദീപ് സെയ്നി എന്ന 26കാരൻ. സംഭവിച്ചത് സ്വപ്നമോ യാഥാർഥ്യമോയെന്നതിെൻറ ഞെട്ടൽ മാറിയിട്ടില്ല. ‘‘ശനിയാഴ്ച രാവിലെ ഇന്ത്യൻ തൊപ്പി കൈയിൽ കിട്ടിയപ്പോൾ വിശ്വസിക്കാനായില്ല. കാലങ്ങളായി കാത്തിരുന്ന ആ ദിനമാണ് ഇതെന്ന് ഉൾക്കൊള്ളാൻ വിഷമിച്ചു. ഇൗ അരങ്ങേറ്റം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു’’ -ആദ്യ മത്സരത്തിെൻറ ത്രില്ലിൽ സെയ്നിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
വാഷിങ്ടൺ സുന്ദറും ഭുവനേശ്വർ കുമാറും രണ്ട് ഒാവർ വീതമെറിഞ്ഞശേഷം, അഞ്ചാം ഒാവർ എറിയാനാണ് സെയ്നിയെത്തിയത്. രണ്ടാം പന്ത് നികോളസ് പൂരാൻ മിഡ് ഒാഫിലൂടെ സിക്സർ പറത്തി. ഏത് അരങ്ങേറ്റക്കാരെൻറയും ആത്മവിശ്വാസം ചോർത്താൻ പാകത്തിലുള്ള ഷോട്ട്. മൂന്നാം പന്തിൽ റൺസ് കൊടുത്തില്ല. നാലാം പന്തിൽ മറ്റൊരു ഹിറ്റിനുള്ള ശ്രമത്തിനിടെയാണ് പൂരാൻ പന്തിെൻറ കൈകളിൽ പിടികൊടുക്കുന്നത്. ആദ്യ ഒാവറിൽ ആദ്യ വിക്കറ്റിെൻറ ആഘോഷം.
അഞ്ചാം പന്തിൽ മുന്നിൽ കൂറ്റനടികൾക്കു പേരുകേട്ട ഷിംറാൺ ഹെറ്റ്മയർ. ഒാഫ്സ്റ്റംപിനു മുകളിലായി പറന്ന പന്തിനെ ഡിഫൻഡ് ചെയ്യാനുള്ള ശ്രമത്തിൽ ഹെറ്റ്മയറിന് പാളി. ബാറ്റിൽ തട്ടിയ പന്ത് ഹിറ്റ്വിക്കറ്റായി ഹെറ്റ്മയറും പുറത്ത്. സെയ്നി ഹാട്രിക്കിനു മുന്നിൽ. ഹാട്രിക് ചാൻസ് പന്തിനെക്കുറിച്ച് സെയ്നി തന്നെ പറയുന്നു: ‘‘അരങ്ങേറ്റ മത്സരത്തിെൻറ സമ്മർദം വേണ്ടുവോളമുണ്ടായിരുന്നു. ആത്മവിശ്വാസം വളരെ കുറവ്. എന്നാൽ, ആദ്യ വിക്കറ്റ് സമ്മർദമകറ്റി. രണ്ടാം വിക്കറ്റുകൂടി ലഭിച്ചതോടെ ആത്മവിശ്വാസമുയർന്നു. പതിവുപോലെ കളിക്കാനുള്ള ധൈര്യമായി. എങ്കിലും ഒരു ഹാട്രിക്കിെൻറ വക്കിൽ നിൽക്കുന്ന ടെൻഷനുണ്ടായിരുന്നു. വിക്കറ്റ് വീഴ്ത്താൻ ലക്ഷ്യമിട്ടുതന്നെ പന്തെറിഞ്ഞു’’ -ഭുവനേശ്വറിെൻറ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.