ഹിന്ദുവായതിനാൽ കനേറിയക്ക് പാക് ടീമിൽ വിവേചനം നേരിട്ടു -അക്തർ; വെളിപ്പെടുത്തൽ സത്യമെന്ന് കനേറിയ
text_fieldsന്യൂഡൽഹി: ഹിന്ദു ആയതിനാൽ പാകിസ്താൻ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയയോട് സഹതാരങ്ങൾ മോശമായിട്ടാണ് പെരുമാറിയിരുന്നതെന്ന് മുൻ പാക് പേസ് ബൗളർ ശുഐബ് അക്തർ. ഒരേ മേശയിൽ നിന്ന് ഭക്ഷണം എടുക്കാൻ പോലും ഡാനിഷിനെ ടീമംഗങ്ങൾ അനുവദിച്ചിരുന്നില്ലെന്നും അക്തർ വെളിപ്പെടുത്തുന്നു.
‘ഗെയിം ഓൺ ഹെ’ എന്ന ക്രിക്കറ്റ് ഷോയിൽ ആണ് അക്തർ വിവാദ പരാമർശങ്ങളുമായി രംഗത്തെത്തിയത്. അനിൽ ദൽപതിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ പാകിസ്താനെ പ്രതിനിധീകരിച്ച ഹിന്ദു താരമാണ് സ്പിന്നറായ ഡാനിഷ്. അക്തറിന്റെ വെളിപ്പെടുത്തൽ സത്യമാണെന്നായിരുന്നു ഡാനിഷിന്‍റെ പ്രതികരണം. ‘ഹിന്ദുവായതിനാൽ എന്നോട് സംസാരിക്കാൻ പോലും മടിച്ചിരുന്ന താരങ്ങളുടെ പേര് ഞാൻ ഉടൻ വെളിപ്പെടുത്തും. അന്ന് എനിക്ക് അതേക്കുറിച്ച് പറയാൻ പേടിയായിരുന്നു. ഇപ്പോൾ ഞാൻ അതിന് തയാറാണ്’ -ഡാനിഷ് പറഞ്ഞു.
‘ഡാനിഷ് ഞങ്ങൾക്കൊപ്പം ആഹാരം കഴിക്കുേമ്പാളോ അതേ മേശയിൽ നിന്ന് ഭക്ഷണം എടുക്കുേമ്പാളോ അന്നത്തെ കാപ്റ്റൻ നെറ്റിചുളിച്ചിരുന്നു. കാപ്റ്റൻ എന്ന നിലയിൽ നിങ്ങളുടെ ഈ പ്രവൃത്തി നിന്ദ്യമാണെന്ന് ഞാൻ പല തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡാനിഷ് നമ്മുടെ വിജയത്തിനായി നിരവധി വിക്കറ്റുകൾ വീഴ്ത്തിയ കളിക്കാരനാണ്. അയാളോട് ഇങ്ങനെ പെരുമാറുന്നത് ശരിയല്ലെന്നും ഞാൻ പറഞ്ഞിരുന്നു’ -അക്തർ വെളിപ്പെടുത്തുന്നു.
കളിയുടെ ജയത്തിന്‍റെ ക്രെഡിറ്റ് ഡാനിഷിന് നൽകാൻ സഹതാരങ്ങൾ തയാറായിരുന്നില്ല. 2005ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരീസ് പാകിസ്താൻ ജയിച്ചത് ഡാനിഷിന്‍റെ മികവിലാണ്. എങ്കിലും അത് അംഗീകാരിക്കാൻ ആരും തയാറാകാതിരുന്നതിനെയും താൻ വിമർശിച്ചിരുന്നു. പാകിസ്താനിൽ ജനിച്ച ഒരു ഹിന്ദുവിന് ജന്മരാജ്യത്തിന് വേണ്ടി കളിക്കാൻ അവകാശമുണ്ട്. പാകിസ്താന് വേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയ കളിക്കാരുടെ പട്ടികയിൽ വസിം അക്രം, വഖാർ യൂനിസ്, ഇമ്രാൻ ഖാൻ എന്നിവർക്ക് പിന്നിലായി നാലാം സ്ഥാനത്താണ് ഡാനിഷിന്‍റെ സഥാനം. ഇത്തരമൊരു മികച്ച കളിക്കാരനോട് ജാതിയുടെ പേരിൽ വേർതിരിവ് കാട്ടുന്നത് തന്നെ പലപ്പോഴും ദേഷ്യം പിടിപ്പിച്ചിട്ടുണ്ടെന്നും അക്തർ പറഞ്ഞു.
അതേസമയം, അക്തറിന്റെ പരാമർശം ഏറെ ആവേശത്തോടെയാണ് സംഘ്പരിവാർ അനുയായികൾ ഏറ്റെടുത്തത്. ‘ദേശീയ ക്രിക്കറ്റ് ടീമിൽ അംഗമെന്ന നല്ല നിലയിൽ എത്തിയ ഹിന്ദുക്കൾക്ക് േപാലും പാകിസ്താനിൽ മോശം പെരുമാറ്റമാണ് നേരിടേണ്ടി വരുന്നത്. അപ്പോൾ പാവപ്പെട്ട ഹിന്ദുക്കളുടെ അവസ്ഥ എന്താണെന്ന് ആലോചിച്ച് നോക്കൂ. പാകിസ്താന്റെ ഹിന്ദു വിരോധം പുറത്തെത്തിച്ചതിന് അക്തറിന് നന്ദി’ -അമിത് കുമാർ സിന്ധി ട്വിറ്ററിൽ കുറിച്ചു.
പാക് ജഴ്സിയണിഞ്ഞ രണ്ടാമത്തെ ഹിന്ദുമതവിശ്വാസിയായ കനേറിയ 61 ടെസ്റ്റിൽനിന്ന് 261 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 2009ലെ ഒത്തുകളി വിവാദത്തെത്തുടർന്ന് കരിയർ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.