കോഹ്ലിക്ക് ഏഴാം ഇരട്ട സെഞ്ച്വറി; ഇന്ത്യ അഞ്ചിന് 601 ഡിക്ലയർ; ദക്ഷിണാഫ്രിക്ക മൂന്നിന് 36
text_fieldsപുണെ: ആധുനിക ക്രിക്കറ്റിലെ ഇതിഹാസത്തെ തേടുന്നവർക്ക് ഉത്തരം നൽകി പുണെയിലെ എം.സി.എ സ്റ്റേഡിയത്തിൽനിന്ന് വിരാട് കോഹ്ലിയുടെ ഡബ്ൾ സെഞ്ച്വറി ഇന്നിങ്സ്. കരിയറിലെ ഏഴാം ഇരട്ട സെഞ്ച്വറിയുമായി കോഹ്ലി (254 നോട്ടൗട്ട്) മുന്നിൽനിന്ന് നയിച്ചപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ആധിപത്യം. ഇന്ത്യൻ ടീമിലെ ഓൾറൗണ്ടർ സ്ഥാനത്ത് ചിരപ്രതിഷ്ഠ നേടാനുറച്ച രവീന്ദ്ര ജദേജയുടെ (91) സെഞ്ച്വറിയോളം പോന്ന അർധ സെഞ്ച്വറിയുടെയും ആദ്യ ദിനത്തിലെ മായങ്ക് അഗർവാളിെൻറയും (108) മികവിൽ ഇന്ത്യ ആദ്യ ഇന്നിങ്സിൽ അഞ്ചിന് 601 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു.
മറുപടി ബാറ്റിങ്ങിൽ പത്ത് ഓവറിനിടെ മൂന്നുപേരെ നഷ്ടമായ ദക്ഷിണാഫ്രിക്ക മൂന്നിന് 36 റൺസ് എന്ന നിലയിലാണ്. ഓപണർമാരെ രണ്ട് ഓവറിനുള്ളിൽ മടക്കി ഉമേഷ് യാദവാണ് ഇന്ത്യക്ക് ബ്രേക്ക് നൽകിയത്. ത്യൂനിസ് ഡിബ്രൂയിനും (20) നൈറ്റ്വാച്ച്മാൻ ആൻറിച്ച് നോർയെയുമാണ് (രണ്ട്) ക്രീസിൽ. ഏഴുവിക്കറ്റും മൂന്ന് ദിവസവും ശേഷിക്കേ 565 റൺസിന് പിന്നിലാണ് പ്രോട്ടിയേസ്.
ആധിപത്യം തുടർന്ന് ഇന്ത്യ
രണ്ടാം ദിനം മൂന്നിന് 273 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആദ്യ സെഷൻ മുതൽ വ്യക്തമായ ആധിപത്യത്തോെട മുന്നേറി. വെർനോൻ ഫിലാൻഡറെ സ്ട്രെയിറ്റ് ഡ്രൈവിലൂടെ അതിർത്തി കടത്തി കോഹ്ലി 10 ഇന്നിങ്സിലെ സെഞ്ച്വറി വരൾച്ചക്ക് വിരാമമിട്ട് ടെസ്റ്റിലെ 26ാമത്തെയും കരിയറിലെ 69ാമത്തെയും സെഞ്ച്വറി പൂർത്തിയാക്കി. ഈ വർഷം ടെസ്റ്റിൽ കോഹ്ലി നേടുന്ന ആദ്യ സെഞ്ച്വറിയാണിത്. ഉപനായകൻ അജിൻക്യ രഹാനെയോടൊപ്പം നാലാം വിക്കറ്റിൽ കോഹ്ലി 178 റൺസ് ചേർത്തു. 50 ഓവർ ബൗൾ ചെയ്ത് 196 റൺസ് വഴങ്ങിയ കേശവ് മഹാരാജിന് ആശ്വാസമായി രഹാനെയുടെ (59) വിക്കറ്റ്.
കോഹ്ലി-ജദ്ദു 225 റൺസ് കൂട്ടുകെട്ട്
രഹാനെ മടങ്ങിയ ശേഷം ഒരുമിച്ച കോഹ്ലി-ജദേജ സഖ്യം 225 റൺസ് ചേർത്ത് ദക്ഷിണാഫ്രിക്കൻ ബൗളർമാരെ വിശ്രമിക്കാൻ അനുവദിച്ചില്ല. ഇതിനിടെ സ്കോർ 208ൽ എത്തിനിൽക്കേ സെനുറാൻ മുത്തുസാമിയുടെ പന്തിൽ കോഹ്ലി സ്ലിപ്പിൽ ക്യാച്ച് നൽകിയെങ്കിലും അമ്പയർ നോബോൾ വിളിച്ചത് ദക്ഷിണാഫ്രക്കക്ക് നിർഭാഗ്യമായി. മുത്തുസാമിയുടെ പന്തിൽ ഡിബ്രൂയിന് പിടികൊടുത്ത് മടങ്ങിയ ജദേജയോടൊപ്പം കോഹ്ലികൂടി പവലിയനിലേക്ക് നടന്നതോടെ ഇന്ത്യൻ ഇന്നിങ്സിന് അവസാനമായി. 33 ഫോറും രണ്ട് സിക്സറുകളും പറത്തിയ കോഹ്ലി ട്രിപ്ൾ സെഞ്ച്വറി പൂർത്തിയാക്കാൻ ആഗ്രഹിച്ച ആരാധകരെ നിരാശരാക്കുന്നതായിരുന്നു തീരുമാനം. ഇന്നിങ്സിലൂടെ ടെസ്റ്റിലെ 7000 റൺസ് ക്ലബിലും കോഹ്ലി ഇടം നേടി.
ദയനീയം ദക്ഷിണാഫ്രിക്ക
ആദ്യ ഇന്നിങ്സിന് പാഡുകെട്ടിയ ദക്ഷിണാഫ്രിക്കൻ ഓപണർമാരിൽ ഡീൻ എൽഗാറിനെ (6) ബൗൾഡാക്കിയ ഉമേഷ് എയ്ഡൻ മർക്രമിനെ (0) വിക്കറ്റിനുമുന്നിൽ കുരുക്കി. മുഹമ്മദ് ഷമിക്കായിരുന്നു ടെംപ ബവുമയുടെ (എട്ട്) വിക്കറ്റ്. ക്യാച്ചുകൾ നിലത്തിടുക, ഫീൽഡിങ്ങിൽ അബന്ധങ്ങൾ, ഓവർത്രോകൾ, നോബോളുകൾ (11) എന്നിവയിലൂടെ ഉഴപ്പിയ ദക്ഷിണാഫ്രിക്ക ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുന്നതിനായി കാത്തിരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.