തോറ്റമ്പി ഇന്ത്യ
text_fieldsപുണെ: പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം ഇന്ത്യയിലെ 25ാമത് ടെസ്റ്റ് വേദിയായി അരേങ്ങറ്റം കുറിക്കുേമ്പാൾ ക്യാപ്റ്റൻ വിരാട് കോഹ്ലിയോ ഇന്ത്യൻ ആരാധകരോ ഇത്തരമൊരു തോൽവി സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ആദ്യദിനത്തിലെ ആദ്യ പന്ത് മുതൽ കുത്തിത്തിരിഞ്ഞ പിച്ചിൽ ആസ്ട്രേലിയൻ ബാറ്റ്സ്മാന്മാർ കറങ്ങിവീഴുന്നത് സ്വപ്നംകണ്ട ഇന്ത്യയുടെ തന്ത്രം ആസ്ട്രേലിയക്കാർക്ക് പരിചിതമായ ബൂമറാങ് പോലെ തിരിച്ചടിച്ചപ്പോൾ അടിതെറ്റിയത് ഇന്ത്യയുടെ പ്രതിഭകൾ നിറഞ്ഞ ബാറ്റിങ് സംഘത്തിന്. ആദ്യ ഇന്നിങ്സിൽ 105 റൺസിന് തകർന്ന ആതിഥേയർ രണ്ടാം വട്ടം രണ്ടു റൺസ് മാത്രം കൂടുതൽ എടുത്ത് 107 റൺസിന് ബാറ്റുവെച്ച് കീഴടങ്ങിയപ്പോൾ സന്ദർശകർ സ്വന്തമാക്കിയത് 333 റൺസിെൻറ കൂറ്റൻ ജയം. സ്കോർ: ആസ്ട്രേലിയ 260, 285. ഇന്ത്യ 105, 107. നാലു ടെസ്റ്റ് പരമ്പരയിലെ ഇതോടെ ഒാസീസിന് 1^0ത്തിെൻറ ലീഡായി.
അപരാജിത കുതിപ്പിന് വിരാമം
2015ൽ ഗലെയിൽ ശ്രീലങ്കയോട് തോറ്റശേഷം 19 ടെസ്റ്റുകളിൽ പരാജയമറിയാതിരുന്ന ഇന്ത്യയുടെ കുതിപ്പിനാണ് ഇൗ തോൽവിയോടെ വിരാമമായത്. നാട്ടിൽ 20 ടെസ്റ്റുകൾക്കുശേഷം ഇന്ത്യയുടെ ആദ്യ പരാജയവുമാണിത്. 2012ൽ കൊൽക്കത്തയിൽ ഇംഗ്ലണ്ടിനോടാണ് അവസാനം തോറ്റിരുന്നത്. അതിനുശേഷം 17 വിജയങ്ങളും മൂന്നു സമനിലകളും എന്ന റെക്കോഡിനാണ് പുണെയിൽ അറുതിയായത്. നാട്ടിലെ ടെസ്റ്റുകളിൽ ഏറ്റവും വലിയ രണ്ടാമത്തെ പരാജയമാണ് ഇന്ത്യക്കിത്. 2005ൽ നാഗ്പുരിൽ ആസ്ട്രേലിയക്കെതിരെതന്നെ 342 റൺസിന് തോറ്റതാണ് മുന്നിലുള്ളത്. ഇരു ഇന്നിങ്സുകളിലുമായി 212 റൺസ് എന്നത് 20 വിക്കറ്റും നഷ്ടമായ നാട്ടിലെ ടെസ്റ്റുകളിൽ ഏറ്റവും ചെറിയ മൊത്തം സ്കോറാണ്. 1957ൽ ഇൗഡൻ ഗാർഡനിൽ ഒാസീസിനെതിരെ നേടിയ 272 റൺസാണ് പഴങ്കഥയായത്.
ഒകീെഫ- സ്മിത്ത് മാജിക്
ആദ്യ ഇന്നിങ്സിലെ ഗംഭീര ബൗളിങ് പ്രകടനം അബദ്ധത്തിൽ സംഭവിച്ചതല്ലെന്നു തെളിയിച്ച് രണ്ടാം വട്ടവും ഇടൈങ്കയൻ സ്പിൻകൊണ്ട് ഇന്ദ്രജാലം കാട്ടിയ സ്റ്റീവ് ഒകീെഫയാണ് ഇന്ത്യയെ തകർത്തുവിട്ടത്. രണ്ടിന്നിങ്സിലും 35 റൺസ് വീതം വഴങ്ങി ആറു വിക്കറ്റുകൾ വീതം പിഴുതെടുത്ത ഒകീെഫ തന്നെയാണ് കളിയിലെ കേമൻ. 1980ൽ മുംബൈയിൽ 106 റൺസിന് 13 വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ടിെൻറ ഇയാൻ ബോതമിെൻറ പിറകിൽ സന്ദർശക ടീമിെൻറ മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനമാണ് ഒകീെഫയുടെ 70ന് 12 വിക്കറ്റ്. 1995ൽ ന്യൂസിലൻഡിനെതിരെ 55 റൺസിന് 13 വിക്കറ്റ് നേടിയ വെസ്റ്റിൻഡീസിെൻറ കോട്നി വാൽഷിനുശേഷം ഇത്രയും കുറച്ച് റൺസ് വിട്ടുനൽകി ഡസനിലധികം വിക്കറ്റെടുക്കുന്ന ആദ്യ ബൗളറുമാണ് ഒകീഫെ. ആദ്യവട്ടം 11 റൺസിനിടെ ഏഴു വിക്കറ്റുകൾ കളഞ്ഞുകുളിച്ച ഇന്ത്യ രണ്ടാം തവണ എട്ടു റൺസിനിടെയാണ് അഞ്ചു വിക്കറ്റുകൾ എതിരാളികൾക്ക് സമ്മാനിച്ചത്. രണ്ടാം ഇന്നിങ്സിൽ മികച്ച സെഞ്ച്വറിയുമായി (109) ടീമിനെ കൂറ്റൻ ലീഡിലേക്ക് നയിച്ച നായകൻ സ്റ്റീവൻ സ്മിത്തും ആസ്ട്രേലിയയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ഇന്ത്യക്കെതിരെ തുടർച്ചയായ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയാണ് സ്മിത്തിേൻറത്. 2015ൽ ആസ്ട്രേലിയയിൽ നടന്ന പരമ്പരയിലെ നാലു മത്സരങ്ങളിലും സ്മിത്ത് ശതകം കുറിച്ചിരുന്നു.
അർപ്പണബോധമില്ലാതെ ബാറ്റ്സ്മാന്മാർ
സ്പിന്നർമാർക്ക് അകമഴിഞ്ഞ പിന്തുണ നൽകിയ പിച്ചിൽ ഇരുടീമുകളിലെയും ബാറ്റ്സ്മാന്മാരുടെ കേളീശൈലിയാണ് നിർണായകമായത്. നിലവാരമുള്ള സ്പിന്നിനെതിരെ പതറാറുള്ള പതിവിൽനിന്ന് വ്യത്യസ്തമായി ഒാസീസ് താരങ്ങൾ മികച്ച അർപ്പണബോധത്തോടെ ക്രീസിൽ പിടിച്ചുനിന്ന് കളിച്ചപ്പോൾ നല്ല ടേണിങ് ലഭിച്ചിട്ടും ലോകോത്തര സ്പിൻ ജോടിയെന്ന വിശേഷണമുള്ള അശ്വിൻ^ജദേജ കൂട്ടുകെട്ടിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ഇരുവരുടെയും കുത്തിത്തിരിയുന്ന പന്തുകൾ ഏറക്കുറെ ഫലപ്രദമായി നേരിട്ട് ഒാസീസുകാർ സ്പിൻ വാരിക്കുഴിയെന്ന് വിളിക്കപ്പെട്ട പിച്ചിൽ രണ്ടു വട്ടവും 250ന് മുകളിൽ സ്കോർ എത്തിച്ചു.
എന്നാൽ, താരതമ്യേന മികച്ച രീതിയിൽ സ്പിൻ കളിക്കുന്നവർ എന്ന ഖ്യാതിയുള്ള ഇന്ത്യക്കാർ ക്ഷമയോടെ പിടിച്ചുനിന്ന് ഇന്നിങ്സ് കെട്ടിപ്പടുക്കാൻ ശ്രമിക്കാതെ ലീവ് ചെയ്യേണ്ട പന്തുകളിൽ പോലും ഷോട്ടുകൾ കളിച്ച് സ്വയം ശവക്കുഴി തോണ്ടുകയായിരുന്നു. ഒാസീസിെൻറ പ്രീമിയർ സ്പിന്നർ നഥാൻ ലിയോണിനെ ശ്രദ്ധയോടെ നേരിട്ട ഇന്ത്യക്കാർ ശരാശരി സ്പിന്നറെന്ന വിശേഷണവുമായി ഇന്ത്യയിലെത്തിയ ഒകീെഫയെ ലാഘവത്തോടെ കൈകാര്യം ചെയ്തത് തിരിച്ചടിയായി. വലിയ ടേണിങ്ങൊന്നും പന്തുകളിൽ വരുത്താൻ കഴിവുകാണിക്കാത്ത ഒകീെഫ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ഇന്ത്യക്കാർ വിക്കറ്റുകൾ സമ്മാനിച്ചുമടങ്ങുന്നതിൽ മത്സരിക്കുകയായിരുന്നു.
ബാറ്റിങ് മാസ്റ്റർ ക്ലാസ്
298 റൺസ് ലീഡുമായി മൂന്നാം ദിനം കളിയാരംഭിച്ച ഒാസീസ് 441 റൺസ് ലക്ഷ്യം ഇന്ത്യക്കു മുന്നിൽ വെച്ചാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. കരിയറിലെ 18ാമത്തെയും ക്യാപ്റ്റനായുള്ള പത്താമത്തെയും സെഞ്ച്വറി കുറിച്ച സ്മിത്താണ് ടീമിന് മികച്ച ലീഡ് സമ്മാനിച്ചത്. 202 പന്തിൽ 11 ബൗണ്ടറിയടക്കമായിരുന്നു സ്മിത്തിെൻറ മൂന്നക്കം. സ്പിന്നിനെതിരെ ഇന്ത്യയിൽ എങ്ങനെ കളിക്കണമെന്നതിെൻറ ക്ലാസ് ആയിരുന്നു സ്മിത്തിെൻറ ബാറ്റിങ്. മികച്ച ഫൂട്ട്വർക്കും റിഫ്ലക്സുമായി സ്പിന്നിനെ നേരിട്ട സ്മിത്ത് ബാക്ക്ഫൂട്ടിലിറങ്ങി ബൗളർമാർക്ക് അവസരം നൽകാതിരിക്കുന്നതിലും ശ്രദ്ധിച്ചു. മിച്ചൽ മാർഷ് (31), മാത്യു വെയ്ഡ് (20), മിച്ചൽ സ്റ്റാർക് (30), ലിയോൺ (13) എന്നിവരും പിന്തുണ നൽകിയപ്പോൾ സ്കോർ 285ലെത്തി. ഉച്ചഭക്ഷണശേഷം പാഡുകെട്ടിയിറങ്ങുേമ്പാൾ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ ആരും മറികടന്നിട്ടില്ലാത്ത പടുകൂറ്റൻ ലക്ഷ്യമായിരുന്നു ഇന്ത്യക്ക് മുന്നിൽ. എട്ടു സെഷനുകൾ ബാക്കിയുള്ളതിനാൽ ഫലമുണ്ടാവുമെന്ന് ഉറപ്പായ ടെസ്റ്റിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ എത്രകണ്ട് പിടിച്ചുനിൽക്കുമെന്നതായിരുന്നു നിർണായകം. എന്നാൽ, കഷ്ടിച്ച് ഒരു സെഷനിൽ കൂടുതൽ സമയം മാത്രം ബാറ്റുചെയ്ത ഇന്ത്യ വെറും 33.5 ഒാവറിൽ പത്തിമടക്കിയതോടെ ആസ്ട്രേലിക്കാർപോലും പ്രതീക്ഷിക്കാത്ത വേഗത്തിൽ വിജയെമത്തി.
സ്പിന്നിനു മുന്നിൽ വീണ്ടും മുട്ടിടിച്ച്
പേസർ മിച്ചൽ സ്റ്റാർക്കിനൊപ്പം ഒാഫ് സ്പിന്നർ ലിയോണിനെ പന്തെറിയാൻ വിളിച്ച് തുടക്കത്തിൽ തന്നെ സ്മിത്ത് നയം വ്യക്തമാക്കിയിരുന്നു. പിന്നാലെ ഒകീെഫയും എത്തിയതോടെ ഇരുതലമൂർച്ചയുള്ള സ്പിൻ ആക്രമണമായി. അഞ്ചും ആറും ഒാവറുകളിൽ ഒാപണർമാർ മടങ്ങിയതോടെ ഇന്ത്യയുടെ തകർച്ചക്ക് തുടക്കമായി. മുരളി വിജയിനെ (രണ്ട്) ഒകീെഫയും ലോകേഷ് രാഹുലിനെ (പത്ത്) ലിയോണും വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഒൗട്ടാണെന്ന അമ്പയറുടെ വിധി റിവ്യൂ ചെയ്യാനുള്ള ഇരുവരുടെയും തീരുമാനം പാളുകയും ചെയ്തു. രണ്ടിന് 16 എന്നനിലയിൽ വൻ ഉത്തരവാദിത്തവും ചുമലിലേറ്റിയാണ് ക്യാപ്റ്റൻ േകാഹ്ലി ക്രീസിലെത്തിയത്. സമ്മർദഘട്ടങ്ങളിൽ ആസ്വദിച്ച് ബാറ്റ് ചെയ്യുന്നത് ശീലമാക്കിയ കോഹ്ലിക്ക് പക്ഷേ പുണെയിൽ രണ്ടാമതും പിഴച്ചു. ചേതേശ്വർ പുജാരക്കൊപ്പം (31) സ്കോർ 47 വരെയെത്തിച്ച കോഹ്ലി (13) ഒകീെഫയുടെ നിരുപദ്രവകരം എന്ന് തോന്നിച്ച പന്തിൽ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഒാഫ് സ്റ്റംപിന് പുറത്തേക്ക് തിരിയുമെന്ന് കരുതി ബാറ്റ് വെക്കാതിരുന്ന കോഹ്ലിയെ കബളിപ്പിച്ച് നേരെയെത്തിയ പന്ത് കുറ്റിതെറിപ്പിച്ചപ്പോൾ ഇന്ത്യയുടെ വിധി തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരുന്നു. പിന്നീട് എല്ലാം ചടങ്ങ്. അജിൻക്യ രഹാനെ (18), രവിചന്ദ്ര അശ്വിൻ (എട്ട്), വൃദ്ധിമാൻ സാഹ (അഞ്ച്), രവീന്ദ്ര ജദേജ (മൂന്ന്), ജയന്ത് യാദവ് (അഞ്ച്), ഇശാന്ത് ശർമ (പൂജ്യം) എന്നിവരൊക്കെ ചെറുത്തുനിൽപില്ലാതെ മടങ്ങി. പിടിച്ചുനിൽക്കാൻ ശ്രമിച്ച പുജാരയും അതിനിടെ കീഴടങ്ങിയിരുന്നു. നാലു വിക്കറ്റ് വീഴ്ത്തിയ ലിയോൺ ഒകീെഫക്കൊത്ത കൂട്ടായപ്പോൾ വീണ പത്ത് വിക്കറ്റും സ്പിന്നർമാർക്കായി. പേസർമാർ അരങ്ങുവാഴുന്ന ആസ്ട്രേലിയൻ നിരയിൽ ഇതൊരു അപൂർവദൃശ്യമായി. പേസർമാരായ സ്റ്റാർക്കും ജോഷ് ഹേസൽവുഡും രണ്ടു വീതം ഒാവർ മാത്രമാണ് എറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.