രഞ്ജി: കേരളം മൂന്നിന് 203 റൺസ്
text_fieldsറോത്തക്: രഞ്ജി ട്രോഫി ക്രിക്കറ്റിലെ നിർണായക ഗ്രൂപ് മത്സരത്തിൽ ഹരിയാനക്കെതിരെ കേരളം ശക്തമായ നിലയിൽ. ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് 208 റൺസിൽ അവസാനിപ്പിച്ച സന്ദർശകർ, രണ്ടാം ദിനം കളി അവസാനിക്കുേമ്പാൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു.
രണ്ടാം ഒാവറിൽ ഒാപണർ അരുൺ കാർത്തികിനെ (3) കേരളത്തിന് നഷ്ടമായെങ്കിലും അതിഥിതാരം ജലജ് സക്സേന (91) ധീരമായ ഇന്നിങ്സിലൂടെ കളമുറപ്പിച്ചതോടെ ഗതിമാറി. മറുതലക്കൽ രോഹൻ പ്രേം (79) കരുതലോടെ ബാറ്റുവീശിയപ്പോൾ രണ്ടാം വിക്കറ്റിൽ പിറന്നത് 172 റൺസ് എന്ന ശക്തമായ കൂട്ടുകെട്ട്. സെഞ്ച്വറിക്ക് ഒമ്പതു റൺസ് അകലെ സക്േസനയെ അമിത് മിശ്ര പുറത്താക്കിയെങ്കിലും രോഹൻ ക്രീസിൽ നിലയുറപ്പിച്ചു.
പിന്നാലെയെത്തിയ സഞ്ജു സാംസൺ (16) വിക്കറ്റിനു മുന്നിൽ കുരുങ്ങി മടങ്ങി. 273 പന്ത് നേരിട്ട് ഒമ്പതു ബൗണ്ടറി പറത്തിയ രോഹൻ പ്രേമിന് കൂട്ടായി ബേസിൽ തമ്പി (0) ക്രീസിലുണ്ട്. മൂന്നാം ദിനമായ ഇന്ന് സ്റ്റംെപടുക്കും മുമ്പ് പരമാവധി വേഗത്തിൽ റൺസ് സ്കോർ ചെയ്ത്, എതിരാളിയെ രണ്ടാം ഇന്നിങ്സിനയക്കുകയാവും കേരള തന്ത്രം.
സൗരാഷ്ട്ര 534ന് പുറത്ത്
ജയ്പുർ: കേരളത്തിെൻറ നോക്കൗട്ട് സ്വപ്നങ്ങൾക്ക് ഭീഷണി ഉയർത്തുന്ന സൗരാഷ്ട്രക്ക് കൂറ്റൻ സ്കോർ. രാജസ്ഥാനെതിരായ മത്സരത്തിെൻറ ആദ്യ ഇന്നിങ്സിൽ സൗരാഷ്ട്ര 534 റൺസെടുത്ത് പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് എന്ന നിലയിലാണ്. എ.എ. ബാരറ്റ് (130), റോബിൻ ഉത്തപ്പ (59), ഷെൽഡൺ ജാക്സൻ (94), ജയദേവ് ഉനദ്കട് (88), ധർമേന്ദ്ര സിൻഹ ജദേജ (79) എന്നിവരാണ് സൗരാഷ്ട്ര നിരയിൽ തിളങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.