രഞ്ജി: കേരളം ജയത്തിനരികെ
text_fieldsതിരുവനന്തപുരം: ജമ്മു-കശ്മീരിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം വിജയത്തിലേക്ക്. കേരളം മുന്നോട്ടുെവച്ച 238 റൺസ് എന്ന ലക്ഷ്യത്തിലേക്ക് രണ്ടാമിന്നിങ്സ് ബാറ്റെടുത്ത ജമ്മു മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഏഴുവിക്കറ്റിന് 56 റൺസ് എന്ന നിലയിലാണ്. ഒരു ദിവസം കൂടി ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് മാത്രം കൈയിലുള്ള ജമ്മു-കശ്മീരിന് വിജയിക്കാൻ ഇനിയും 182 റൺസുകൂടി വേണം. രണ്ടാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ എം.ഡി. നിധീഷ്, സിജോമോൻ ജോസഫ്, കെ.സി. അക്ഷയ് എന്നിവരാണ് ജമ്മുവിനെ തരിപ്പണമാക്കിയത്. ബേസിൽ തമ്പി ഒരു വിക്കറ്റ് വീഴ്ത്തി. വെളിച്ചക്കുറവുമൂലം കളി നേരേത്ത അവസാനിപ്പിക്കുമ്പോൾ അഞ്ചു റൺസുമായി ആസിഫ്ഖാനും അക്കൗണ്ട് തുറക്കാതെ ആമിർ അസീസുമാണ് ക്രീസിൽ.
ഒരു വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് എന്ന നിലയിൽ രണ്ടാംദിനം കളി തുടങ്ങിയ കേരളത്തെ ജമ്മു ക്യാപ്റ്റൻ പർവേസ് റസൂൽ 191 റൺസിന് നിലംപരിശാക്കുകയായിരുന്നു. 28 ഓവറിൽ 70 റൺസ് വഴങ്ങിയ റസൂൽ അഞ്ചു വിക്കറ്റ് വീഴ്ത്തി. കേരളത്തിെൻറ ആദ്യ ഇന്നിങ്സുകളിലും റസൂൽ ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു. 58 റൺസെടുത്ത രോഹൻ പ്രേമിന് മാത്രമാണ് കേരള നിരയിൽ അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്. അരുൺ കാർത്തിക് (36) സൽമാൻ നിസാർ (32) എന്നിവരും രോഹന് പിന്തുണ നൽകി.
സഞ്ജു സാംസൺ (2), വിഷ്ണു വിനോദ് (20), ജലജ് സക്സേന (19), ക്യാപ്റ്റൻ സച്ചിൻ ബേബി (0) എന്നിവർ കാര്യമായ സംഭാവന നൽകാതെ മടങ്ങി. സ്പിന്നിനെ തുണച്ച പിച്ചിൽ 238 റൺസെന്ന വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ജമ്മുവിനെ വരച്ചവരയിൽ നിർത്തുകയായിരുന്നു കേരളം. ക്യാപ്റ്റൻ പർവേസ് റസൂൽ (17), പ്രണവ് ഗുപ്ത (11) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായിട്ടുള്ളൂ.
മൂന്നു കളികളില്‍ രണ്ടു വിജയം ഉള്‍പ്പെടെ 12 പോയൻറുമായി ഗ്രൂപ്പ് ബിയില്‍ മൂന്നാംസ്ഥാനത്താണു കേരളം. ആദ്യ രണ്ടു സ്ഥാനക്കാര്‍ക്ക് മാത്രമേ അടുത്ത ഘട്ടത്തിലേക്കു മുന്നേറാനാകൂ.
രണ്ട് കളികളിൽനിന്ന് 14 പോയൻറുമായി കരുത്തരായ സൗരാഷ്ട്രയും 13 പോയൻറുമായി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ജമ്മുവിനെതിരെ വിജയം നേടിയാൽ കേരളത്തിന് അടുത്ത റൗണ്ടിലേക്കുള്ള പ്രതീക്ഷകൾ സജീവമാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.