സ്വന്തം തട്ടകത്തിൽ തകർന്നടിഞ്ഞ് ബംഗാൾ; കേരളത്തിന് ഒമ്പത് വിക്കറ്റ് ജയം
text_fieldsകൊൽക്കത്ത: ഇന്ത്യൻ താരങ്ങൾ പടനയിച്ച ബംഗാളിനെ അവരുടെ തട്ടകത്തിൽ തകർത്തുവിട്ട് രഞ്ജി ട്രോഫിയിൽ കേരളം സ്വപ്നക്കുതിപ്പ് തുടരുന്നു. ചരിത്രമുറങ്ങുന്ന ഇൗഡൻ ഗാർഡൻസിൽ ഒരു ദിവസം ബാക്കിനിൽക്കെയാണ് കരുത്തരായ എതിരാളികളെ ഒമ്പതുവിക്കറ്റിന് ജലജ് സക്സേനയുടെ സംഘം മുക്കിയത്. ഇതോടെ, എലീറ്റ് ഗ്രൂപ് ബിയിൽ മൂന്നുകളികൾ പൂർത്തിയാക്കിയ കേരളം 13 പോയൻറുമായി ഒന്നാം സ്ഥാനം നിലനിർത്തി. രണ്ടാം സ്ഥാനത്തുള്ള ബംഗാളിന് അത്രയും കളികളിൽ ആറു പോയിൻറാണ് സമ്പാദ്യം. സ്കോർ: ബംഗാൾ 147, 184. കേരളം: 291, 44/1.
ടെസ്റ്റ് ടീമിൽ ഇന്ത്യൻ പേസ് ആക്രമണത്തിെൻറ കുന്തമുനയായ മുഹമ്മദ് ഷമിയും മുൻ രാജ്യാന്തര താരങ്ങളായ മനോജ് തിവാരിയും അശോക് ദിൻഡയും അണിനിരന്ന ബംഗാൾ അനായാസ ജയം പ്രതീക്ഷിച്ചാണ് കേരളത്തിനെതിരെ സ്വന്തം മൈതാനത്ത് പാഡുകെട്ടിയിറങ്ങിയത്. എന്നാൽ, ബാറ്റുകൊണ്ടും പന്തുകൊണ്ടും കേരളത്തിെൻറ മിടുക്കന്മാർ കൊടുങ്കാറ്റായപ്പോൾ തുടക്കത്തിൽ തന്നെ കളി കൈവിട്ട് ലീഡ് വഴങ്ങിയ ബംഗാളിന് നാലാം ദിനത്തിലേക്ക് മത്സരം നീട്ടിയെടുക്കാൻ പോലുമായില്ല.
ആദ്യ ഇന്നിങ്സിൽ 144 റൺസ് ലീഡ് വഴങ്ങിയ ബംഗാൾ രണ്ടാം ഇന്നിങ്സിൽ 184 റൺസിനും പുറത്തായി. 75 പന്തിൽ 62 റൺസെടുത്ത മനോജ് തിവാരിയും 39 റൺസെടുത്ത സുദീപ് ചാറ്റർജിയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. നാലു പേർ രണ്ടക്കം കാണാതെ മടങ്ങി. സന്ദർശകർക്കുവേണ്ടി പന്തുകൊണ്ട് മാന്ത്രികനായി മാറിയ പേസർ സന്ദീപ് വാര്യറായിരുന്നു വർഷങ്ങൾക്കിടെ ഇൗഡൻ ഗാർഡൻസിൽ ബംഗാളിന് ആദ്യ തോൽവിയിലേക്ക് നേരത്തെ വഴിതുറന്നത്. രണ്ടാം വിക്കറ്റിൽ തിവാരിയും ചാറ്റർജിയും ചേർന്ന് മികച്ച കൂട്ടുകെട്ടുമായി മുന്നോട്ടുേപാകുന്നതിനിടെ അടുത്തടുത്ത ഒാവറുകളിൽ ഇരുവരെയും മടക്കിയ വാര്യർ മറ്റു മൂന്ന് മുൻനിര ബാറ്റ്സ്മാൻമാരെ കൂടി മടക്കി.
ബേസിൽ തമ്പി മൂന്നും എം.ഡി. നിധീഷും ജലജ് സക്സേനയും ഒാരോന്നും വീതം വിക്കറ്റ് വീഴ്ത്തി. ബംഗാളിനെതിരെ രഞ്ജി ട്രോഫിയിൽ ചരിത്രത്തിലാദ്യമായാണ് കേരളത്തിെൻറ ജയം. 41 റൺസിെൻറ വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ കേരളം, 26 റൺസെടുത്ത ഒാപണർ സക്സേനയുടെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഒരു ദിനം ബാക്കിനിൽക്കെ ജയം അടിച്ചെടുത്തു.
16 റൺസുമായി അരുൺ കാർത്തികും രണ്ടു റൺസുമായി രോഹൻ പ്രേമും ക്രീസിലുണ്ടായിരുന്നു. ആദ്യ ഇന്നിങ്സിൽ തകർപ്പൻ സെഞ്ച്വറി നേടിയിരുന്ന ജലജ് സക്സേന തന്നെയാണ് തുടർച്ചയായ രണ്ടാം കളിയിലും കേമൻ. ഇൗ സീസണിൽ കേരളത്തിന് രണ്ടാം ജയമാണിത്. മഴയെടുത്ത ആദ്യ കളിയിൽ ഹൈദരാബാദിനെതിരെ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നെങ്കിലും രണ്ടാം മത്സരത്തിൽ ആന്ധ്രപ്രദേശിനെ ഒമ്പതു വിക്കറ്റിന് വീഴ്ത്തിയിരുന്നു. തിരുവനന്തപുരം തുമ്പ സെൻറ് സേവ്യേഴ്സ് ഗ്രൗണ്ടിൽ ഇൗ മാസം 28ന് മധ്യപ്രദേശിനെതിരെയാണ് കേരളത്തിെൻറ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.