രഞ്ജി ട്രോഫി: ക്വാർട്ടറിൽ കേരളത്തിന് 412 റൺസ് തോൽവി
text_fieldsസൂറത്ത്: രഞ്ജി ട്രോഫിയിൽ കേരളത്തിെൻറ ചരിത്രക്കുതിപ്പ് ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു. കൂറ്റൻ ലക്ഷ്യത്തിനുമുന്നിൽ പേടിച്ചുപോയ സചിൻ ബേബിയും സംഘവും ആയുധം വെച്ച് കീഴടങ്ങിയപ്പോൾ 412 റൺസ് ജയത്തോടെ വിദർഭ സെമിഫൈനലിൽ കടന്നു. ഒന്നാം ഇന്നിങ്സിൽ നേടിയ 70 റൺസ് ലീഡിനൊപ്പം രണ്ടാം ഇന്നിങ്സിൽ 507 റൺസ് കൂടി അടിച്ചുകൂട്ടിയ വിദർഭ കേരളത്തിന് മുന്നിൽ വെച്ചത് 577 റൺസ് എന്ന ഹിമാലയൻ ലക്ഷ്യം. അഞ്ചാംദിനത്തിൽ അദ്ഭുതങ്ങൾ സംഭവിച്ചാൽതന്നെ കേരളത്തിന് അപ്രാപ്യമായിരുന്നു വിജയലക്ഷ്യം. മാനസികമായി കീഴടങ്ങിയ കേരളം 165 റൺസിൽ പുറത്തായതോടെ രഞ്ജി ക്രിക്കറ്റ് ചരിത്രത്തിലെ തങ്ങളുടെ ചരിത്രയാത്ര ക്വാർട്ടറിൽ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. സ്കോർ: വിദർഭ 246, 507/9 ഡിക്ല. കേരളം 176, 165.
ബാറ്റിങ് പരിശീലനമാക്കി മാറ്റിയ രണ്ടാം ഇന്നിങ്സ് സ്കോർ 507ലെത്തിയപ്പോൾ ഡിക്ലയർ ചെയ്ത വിദർഭക്ക് കേരളത്തെ 53 ഒാവറിൽ ചുരുട്ടിെക്കട്ടാനും കഴിഞ്ഞു. സൽമാൻ നിസാർ (64), മുഹമ്മദ് അസ്ഹറുദ്ദീൻ (28), സചിൻ ബേബി (26) എന്നിവരാണ് ടോപ് സ്കോറർമാർ. ജലജ് സക്സേന (0), സഞ്ജു വി. സാംസൺ (18), ബേസിൽ തമ്പി (0) എന്നിവർ നിരാശപ്പെടുത്തി. ആറുവിക്കറ്റ് വീഴ്ത്തിയ ആദിത്യ സർവാതെയാണ് കേരളത്തിെൻറ നടുവൊടിച്ചത്.
ബംഗാൾ, ഡൽഹി സെമിയിൽ
കർണാടകക്കുപിന്നാലെ ബംഗാളും ഡൽഹിയും സെമിയിൽ കടന്നു. ജയ്പുരിൽ ഗുജറാത്തിനെതിരെ സമനിലയായെങ്കിലും ആദ്യ ഇന്നിങ്സ് ലീഡോടെ ബംഗാൾ മുന്നേറി. വിജയവാഡയിൽ മധ്യപ്രദേശിനെ ഏഴ് വിക്കറ്റിന് തോൽപിച്ചാണ് ഡൽഹിയുടെ സെമിപ്രവേശം. ഒന്നാം സെമിയിൽ ഡൽഹി^ബംഗാളിനെയും രണ്ടാം സെമിയിൽ കർണാടക-വിദർഭയെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.