രഞ്ജി: സഞ്ജുവിന് സെഞ്ച്വറി; കേരളം പൊരുതുന്നു
text_fieldsതിരുവനന്തപുരം: ഇന്ത്യൻ ടീമിലേക്ക് രണ്ടുതവണ വിളിച്ചുവരുത്തിയശേഷം അവസരം നൽകാ തെ െബഞ്ചിലിരുത്തിയ ടീം മാനേജ്മെൻറിന് തുമ്പയിൽ ബാറ്റ്കൊണ്ട് മറുപടി നൽകി സഞ്ജു സാംസൺ. ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയുമായാണ് മലയാളി താരം ഒരിക്കൽകൂടി സെലക്ടർമാർക്ക് വെല്ലുവിളിയുയർത്തിയത്.
182 പന്തിൽ 16 ഫോറും ഒരു സിക്സും അടക്കം 116 റൺസുമായി പുറത്തായ സഞ്ജുവിെൻറ പത്താം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണിത്. കേരളത്തിനായി റോബിൻ ഉത്തപ്പ അർധസെഞ്ച്വറി (50) നേടി. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 83 ഓവറിൽ ഏഴു വിക്കറ്റ് നഷ്ഷത്തിൽ 237 റൺസെന്ന നിലയിലാണ് ആതിഥേയർ.
തകർച്ചയോടെ തുടക്കം
ടോസ് നേടി ക്യാപ്റ്റൻ സച്ചിൻ ബേബി ബാറ്റിങ് െതരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ആദ്യ മത്സരത്തിൽ ഡൽഹിക്കെതിരെ തകർത്തടിച്ച കേരള ഓപണർമാർ ബംഗാളിനെതിരെ വിയർത്തു. സ്കോർ ബോർഡിൽ 15 റൺസ് മാത്രമുള്ളപ്പോൾ ഇരുവരും പുറത്ത്. അഞ്ചു റൺസുമായി പി. രാഹുലാണ് ആദ്യം കൂടാരത്തിലെത്തിയത്. ഇഷാൻ പൊറലിെൻറ പന്തിൽ വിക്കറ്റ് കീപ്പർ ശ്രീവത്സ് ഗോസ്വാമി രാഹുലിനെ പിടികൂടുകയായിരുന്നു.
തൊട്ടടുത്ത പന്തിൽ സൂപ്പർ താരം ജലജ് സക്സേനയും മടങ്ങി. ഒമ്പതു റൺസെടുത്ത ജലജിനെ മുകേഷ്കുമാർ ഗോസ്വാമിയുടെ കൈകളിലെത്തിച്ചു. തുടർന്ന്, ഒത്തുചേർന്ന സഞ്ജുവും സച്ചിൻ ബേബിയും തട്ടിയും മുട്ടിയും സ്കോർ ഉയർത്താൻ ശ്രമം നടത്തിയെങ്കിലും സ്കോർ 53ൽ നിൽക്കെ സച്ചിെൻറ (10) സ്റ്റമ്പ് അശോക് ഡിൻഡെ പിഴുതെറിഞ്ഞതോടെ കേരള ക്യാമ്പ് മ്ലാനമായി.
സഞ്ജു ക്ലാസിക്
നാലാം വിക്കറ്റിൽ സഞ്ജുവും ഉത്തപ്പയും കേരളത്തെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവരികയായിരുന്നു. ബംഗാൾ ബൗളർമാരെ ക്ഷമയോടെ നേരിട്ട ഇരുവരും മോശം പന്തുകളെ മാത്രം ശിക്ഷിച്ചു. കൂറ്റനടികൾ ഒഴിവാക്കി ഗ്രൗണ്ട് ഷോട്ടുകളിലൂടെ ഇന്നിങ്സ് പടുത്തുയർത്തിയ സഞ്ജു ടി-20 മാത്രമല്ല ടെസ്റ്റും വഴങ്ങുമെന്ന് തെളിയിച്ചു. മറുവശത്ത് റോബിൻ ഉത്തപ്പയാകട്ടെ സ്പിന്നിന് അനുകൂലമായ പിച്ചിൽ അനുഭവസമ്പത്തിലൂടെ സഞ്ജുവിനായി വഴിവെട്ടിക്കൊടുത്തു.
153 പന്തിൽ 14 ഫോറും ഒരു സിക്സും സഹിതമാണ് സഞ്ജു സെഞ്ച്വറി തൊട്ടത്. എന്നാൽ, അർധ സെഞ്ച്വറി പിന്നിട്ട ഉടനെ ഉത്തപ്പ പുറത്തായി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 138 റൺസാണ് ചേർത്തത്. 137 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും സഹിതം 50 റൺസെടുത്ത ഉത്തപ്പയെ അർണാബ് നന്ദിയുടെ പന്തിൽ ഷഹബാസ് പിടികൂടി. ഇതോടെ കേരളത്തിെൻറ താളവും തെറ്റി. തൊട്ടടുത്ത പന്തിൽ വിഷ്ണു വിനോദിനെ ഗോൾഡൻ ഡക്കാക്കി നന്ദി ഹാട്രിക്കിെൻറ വക്കിലെത്തിയെങ്കിലും സൽമാൻ നിസാർ ചെറുത്തുനിന്നു.
സ്കോർ 224 നിൽക്കെ സഞ്ജുവിനെ ഷഹബാസ് വിക്കറ്റിന് മുന്നിൽ കുരുക്കി. തൊട്ടുപിറകെ സൽമാൻ നിസാറും (19) മടങ്ങിയതോടെ കേരളം 227/7 എന്ന നിലയിലായി. വെളിച്ചക്കുറവ് മൂലം നേരത്തേ കളി അവസാനിപ്പിക്കുമ്പോൾ കെ. മോനിഷ് (12), എസ്. മിഥുൻ (0) എന്നിവരാണ് ക്രീസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.