അഞ്ചു റൺസ് ജയം; വിദർഭക്ക് കന്നി ഫൈനൽ
text_fieldsകൊൽക്കത്ത: അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തിനൊടുവിൽ കർണാടകയെ അഞ്ചു റൺസിന് മറികടന്ന് വിദർഭ രഞ്ജി ട്രോഫി ഫൈനലിലേക്ക് യോഗ്യത നേടി. കൊൽക്കത്ത ഇൗഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ പേസ് ബൗളർ രജനീഷ് ഗുർബാനിയുടെ ഏഴു വിക്കറ്റ് പ്രകടനമാണ് വിദർഭയെ കന്നി ഫൈനലിലേക്കെത്തിച്ചത്. 198 റൺസ് ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കർണാടകക്കായി വാലറ്റത്ത് വിനയ് കുമാറും (36) അഭിമന്യു മിഥുനും (33) ശ്രേയസ് ഗോപാലും (24) െപാരുതിനോക്കിയെങ്കിലും നാലു റൺസിനിടെ അവസാന രണ്ടു വിക്കറ്റും നഷ്ടപ്പെടുത്തി തോൽവി ഏറ്റുവാങ്ങുകയായിരുന്നു. സ്കോർ: വിദർഭ- 185, 313. കർണാടക- 301, 192.
ആദ്യ ഇന്നിങ്സിലെ ലീഡിെൻറ കരുത്തിൽ ബാറ്റിങ്ങിനിറങ്ങിയ കർണാടകക്ക് അവസാന ദിവസം ജയിക്കാൻ വേണ്ടിയിരുന്നത് 87 റൺസായിരുന്നു. കൈയിലുണ്ടായിരുന്നത് മൂന്നു വിക്കറ്റ് മാത്രം. പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച് നായകൻ വിനയ് കുമാറും ശ്രേയസ് ഗോപാലും നിലയുറപ്പിച്ചേതാടെ വിദർഭ വിയർത്തു. സ്കോർ 141ൽ എത്തിനിൽക്കെ വിനയ് കുമാറിനെ വിക്കറ്റ് കീപ്പറുടെ കൈയിലെത്തിച്ച് ഗുർബാനി ആദ്യവെടി പൊട്ടിച്ചു. പിന്നാലെയെത്തിയ അഭിനവ് മിഥുൻ രണ്ടും കൽപിച്ചായിരുന്നു.
അഞ്ചു ഫോറുകളുടെ അകമ്പടിയോടെ 26 പന്തിൽ 33 റൺസെടുത്ത മിഥുൻ കർണാടകയുടെ പ്രതീക്ഷകൾ വാനോളമുയർത്തി. ജയിക്കാൻ ഒമ്പതു റൺസ് മാത്രം വേണ്ടിയിരിക്കെ ഗുർബാനിയെ ഉയർത്തിയടിക്കാൻ ശ്രമിച്ച മിഥുന് പിഴച്ചു. ബൗണ്ടറി ലൈനിനരികെ സർവാതെയുടെ കൈയിൽ ഒതുങ്ങി. മൂന്നു റൺസ് കൂടി പിന്നിട്ടപ്പോൾ അവസാന ബാറ്റ്സ്മാൻ ശ്രീനാഥ് അരവിന്ദിനെയും പുറത്താക്കി ഗുർബാനി താരമായപ്പോൾ വിദർഭ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലിലേക്ക് കാലെടുത്തുവെച്ചു. രണ്ട് ഇന്നിങ്സുകളിലായി 12 വിക്കറ്റെടുത്ത ഗുർബാനിയാണ് മാൻ ഒാഫ് ദ മാച്ച്. ഫൈനലിൽ ഡൽഹിയാണ് വിദർഭയുടെ എതിരാളികൾ. ക്വാർട്ടറിൽ കേരളത്തെ തോൽപിച്ചാണ് വിദർഭ സെമിയിലെത്തിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.