സചിനെ സെഞ്ച്വറിയിൽ സെഞ്ച്വറിയടിക്കാൻ വിട്ടില്ല; ഇംഗ്ലീഷ് ബൗളർക്കും അമ്പയർക്കും വധഭീഷണി ഉയർന്നെന്ന്
text_fieldsലണ്ടൻ: സചിൻ ടെണ്ടുൽക്കർ എന്നാൽ ഇന്ത്യക്കാർക്ക് വെറുമൊരു പേരല്ല മറിച്ച് ഒരു വികാരമാണ്. സചിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. 99ാം അന്താരാഷ്ട്ര സെഞ്ച്വറിക്ക് ശേഷം 100 എന്ന മാന്ത്രിക സംഖ്യയിലെത്താൻ ഒരു വർഷവും 33 ഇന്നിങ്സുകളുമാണ് സചിനും ആരാധകരും കാത്തിരുന്നത്.
അക്കാലയളവിൽ സചിന് അർഹിക്കുന്ന സെഞ്ച്വറി നിഷേധിച്ച തനിക്കും അമ്പയർ റോഡ് ടക്കറിനും നേരെ വധഭീഷണി ഉയർന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇംഗ്ലീഷ് പേസർ ടിം ബ്രെസ്നൻ. 2011ൽ ഓവലിൽ നടന്ന ടെസ്റ്റിൽ സചിനെ 91 റൺസിന് പുറത്താക്കിയതാണ് സംഭവത്തിന് ആധാരം.
അന്ന് നാലു മത്സരങ്ങളടങ്ങിയ പരമ്പര കളിക്കാനായാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തിയത്. ആദ്യ മുന്ന് മത്സരങ്ങളും തോറ്റ നിരാശയിലായിരുന്നു ഇന്ത്യ. മൂന്ന് മത്സരങ്ങളിൽ നിന്ന് സചിന് നേടാനായത് ഒരു ഫിഫ്റ്റി മാത്രം. നാലാം ടെസ്റ്റിൽ റെക്കോഡ് സെഞ്ച്വറിയിലേക്ക് നീങ്ങുന്ന സചിെൻറ ഇന്നിങ്സ് വിരൽ കടിച്ചിരുന്നായിരുന്നു ഏവരും ആസ്വദിച്ചത്. സ്കോർ 91ൽ എത്തി നിൽക്കേ ബ്രെസ്നെൻറ പന്ത് സചിെൻറ പാഡിൽ ഉരസിയതോടെ ഇംഗ്ലീഷ് താരങ്ങൾ ശക്തമായി അപ്പീൽ ചെയ്തു. ഇതേത്തുടർന്ന് അമ്പയർ ടക്കർ വിരലുയർത്തി. പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്കാണ് പോയതെന്നും വിക്കറ്റിൽ സ്പർശിക്കുന്നില്ലെന്നും ടി.വി റിപ്ലേകളിൽ വ്യക്തമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഡിസിഷൻ റിവ്യൂ സിസ്റ്റെത്ത (ഡി.ആർ.എസ്) ശക്തമായി എതിർക്കുന്ന സമയമായതിനാൽ സചിന് തിരിഞ്ഞു നടക്കേണ്ടി വന്നു.
‘ഓവലിൽ ലെഗ് സ്റ്റംപിന് പുറത്തുപോയ ഒരു പന്തിൽ ഞങ്ങളുടെ അപ്പീലിനെ തുടർന്ന് ഓസീസ് അംപയർ ടക്കർ സചിനെതിരെ ഔട്ട് വിളിച്ചു. സെഞ്ച്വറിക്ക് അരികെയായിരുന്ന സചിൻ ആ ഫോം വെച്ച് 100ാം സെഞ്ച്വറി തികയ്ക്കുമെന്ന് ഉറപ്പുള്ള മത്സരം. പക്ഷേ സച്ചിൻ ഔട്ടായി. പരമ്പര ജയിച്ചുവെന്ന് മാത്രമല്ല ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും ഞങ്ങൾ നേടി’ യോർക്ഷെയർ ക്രിക്കറ്റ് കവേഴ്സ് പോഡ്കാസ്റ്റിലൂടെ ബ്രെസ്നൻ പറഞ്ഞു.
‘ഞങ്ങൾ രണ്ടുപേർക്കും ഏറെക്കാലം വധഭീഷണികൾ ലഭിച്ചുകൊണ്ടിരുന്നു. എനിക്ക് ട്വിറ്ററിലൂടെയാണ് കൂടുതൽ വധഭീഷണി ലഭിച്ചത്. ടക്കറിന് അദ്ദേഹത്തിെൻറ ആസ്ട്രേലിയയിലെ സ്വന്തം മേൽവിലാസത്തിൽ ഭീഷണി കത്തുകൾ വന്നു’- ബ്രെസ്നൻ ഉള്ളുതുറന്നു.
‘എന്തു ധൈര്യത്തിലാണ് നിങ്ങൾ സചിനെ ഔട്ട് വിളിച്ചത്. ആ പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്കാണ് പോയത്’ എന്നായിരുന്നു ഭീഷണികളുടെ ഉള്ളടക്കമെന്ന് ബ്രസ്നൻ കൂട്ടിച്ചേർത്തു. ഭീഷണിയെത്തുടർന്ന് പൊലീസ് സംരക്ഷണത്തിലായിരുന്നു ടക്കർ ഏറെക്കാലം ജീവിച്ചതെന്നും െബ്രസ്നൻ വെളിപ്പെടുത്തി.
2011 മാർച്ച് 12ന് നാഗ്പൂരിൽ ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു (111) സചിെൻറ 99ാം സെഞ്ച്വറി. പിറ്റേ വർഷം മാർച്ച് വരെയാണ് ചരിത്ര നിമിഷത്തിനായി സചിനും ആരാധകരും ഒരുപോലെ കാത്തിരുന്നത്. 2012 മാർച്ച് 16ന് ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെയാണ് സചിൻ സെഞ്ച്വറിയിൽ സെഞ്ച്വറിയടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.