‘മൂന്ന് തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു’ വെളിപ്പെടുത്തലുമായി മുഹമ്മദ് ഷമി
text_fieldsന്യൂഡൽഹി: തൻെറ ജീവിതത്തിൽ മുന്ന് തവണ ആത്മഹത്യയെ പറ്റി ചിന്തിച്ച ഇരുണ്ട കാലത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. സഹതാരം രോഹിത് ശർമയുമായി നടത്തിയ ഇൻസ്റ്റഗ്രാം ചാറ്റ് ഷോയിലാണ് ഷമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
‘2015 ലോകപ്പിനിടെ എനിക്ക് പരിക്കേറ്റു. ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ സമയമായിരുന്നു അത്. വളരെയധികം സംഘർഷഭരിതമായ കാലഘട്ടം കൂടിയായിരുന്നു. വീണ്ടും കളി തുടങ്ങിയപ്പോൾ ചില വ്യക്തിപരമായ പ്രശ്നങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നു. എൻെറ കുടുംബത്തിൻെറ പിന്തുണയില്ലായിരുന്നെങ്കിൽ എനിക്ക് കരിയർ തന്നെ നഷ്ടമായേനെ. മൂന്ന് തവണയാണ് ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചത്’ ഷമി പറഞ്ഞു.
‘24ാം നിലയിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. ക്രിക്കറ്റ് അന്ന് എൻെറ ചിന്തയിലേ ഇല്ലായിരുന്നു. മാനസികവിഷമം കാരണം ഞാന്‍ ബാല്‍ക്കണിയില്‍ നിന്നും എടുത്തുച്ചാടുമോയെന്ന് വരെ കുടുംബം ഭയന്നു. മാനസികമായി തകർന്നിരിക്കുന്ന സാഹചര്യത്തിൽ എൻെറ രണ്ട് മൂന്ന് സുഹൃത്തുക്കൾ എപ്പോഴും കൂടെയുണ്ടായിരുന്നു. കുടുംബം കൂടെയുണ്ടെങ്കിൽ ഏത് സാഹചര്യത്തിലൂടെയും നമുക്ക് കടന്ന് പോകാം. അന്നവർ കൂടെ നിന്നില്ലായിരുന്നെങ്കിൽ ഞാൻ ആ കടുംകൈ ചെയ്തേനെ. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാതാപിതാക്കൾ എന്നോട് പറഞ്ഞു. ഡെറാഡൂണിലെ അക്കാദമിയിൽ പരിശീലനം പുനരാരംഭിച്ച ഞാൻ ഏറെ വിയർപ്പൊഴുക്കി’ ഷമി പറഞ്ഞു.
18 മാസങ്ങൾക്ക് ശേഷമാണ് പരിക്ക് പൂർണമായി ഭേദമായി ഷമി വീണ്ടും കളത്തിൽ സജീവമായത്. 2018ലാണ് ഗാർഹിക പീഢനം ആരോപിച്ച് ഭാര്യ ഹസിൻ ജഹാൻ ഷമിക്കെരതിരെ കേസ് കൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.