ഇന്ത്യ 187ന് പുറത്ത്, പുജാര 179 പന്തിൽ 50
text_fieldsജൊഹാനസ്ബർഗ്: പ്രലോഭനങ്ങൾക്കും ചതിക്കുഴികൾക്കുമിടയിൽ അഗാധമായ ഏകാഗ്രതയുള്ള തപസ്സിയായിരുന്നു വാണ്ടറേഴ്സിലെ പിച്ചിൽ ചേതേശ്വർ പുജാര. തോളിനും മുകളിലായി മൂളിപ്പറക്കുന്ന പന്തുകൾ, ഒാഫ്സ്റ്റംപിനോടുരുമ്മി അടിച്ചുകളിക്കാൻ കൊതിപ്പിക്കും വിധം കടന്നുപോയ ഗുഡ്ലെങ്തുകൾ, വിക്കറ്റിനു മുന്നിൽ കുരുക്കാൻ കാത്തിരിക്കുന്ന ചതിയൻ ബാളുകൾ. എന്നിട്ടും പുജാരയുടെ ഏകാന്ത തപസ്സിനെ ഭംഗപ്പെടുത്താൻ ദക്ഷിണാഫ്രിക്കക്കാർ ഏറെ കാത്തിരിക്കേണ്ടി വന്നു. ആദ്യ റൺസ് ചേർക്കാൻ 54ാമത്തെ പന്തുവരെ കാത്തു നിന്നിട്ടും പുജാരയുടെ ക്ഷമ കെട്ടില്ല.
പുജാര മതിൽ
മൂന്നാം ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 187 റൺസിൽ തകർന്നടിഞ്ഞപ്പോൾ, മറുപടിയിൽ ദക്ഷിണാഫ്രിക്കക്കും ആദ്യ വിക്കറ്റ് നഷ്ടമായി. ഒന്നാം ദിനം കളി അവസാനിക്കുേമ്പാൾ ഒന്നിന് ആറ് റൺസ് എന്ന നിലയിലാണ് ആതിഥേയർ. അഞ്ച് പേസർമാരുമായി ദക്ഷിണാഫ്രിക്കക്കാർ ഇന്ത്യയെ വരിഞ്ഞുമുറുക്കാനിറങ്ങിയപ്പോൾ ധീരോദാത്തമായിരുന്നു പുജാരയുടെ പോരാട്ടം. പേസർമാരുടെ പറുദീസയിൽ ഇന്ത്യ 77ഒാവറിനുള്ളിൽ പുറത്തായപ്പോൾ 179 പന്തും നേരിട്ടത് പുജാര. നാലരമണിക്കൂറിലേറെ ക്രീസിൽ പിടിച്ചു നിന്നാണ് 50 റൺസെടുത്തത്. ഒാപണർമാരായ മുരളി വിജയ് (8), ലോകേഷ് രാഹുൽ (0) എന്നിവർ ഒമ്പത് ഒാവറിനുള്ളിൽ പുറത്തായപ്പോഴാണ് പുജാരയും കോഹ്ലിയും ഒന്നിച്ചത്.
പ്രതിരോധിച്ചും നിരുപദ്രവ പന്തുകളെ ഒഴിവാക്കിയും പുജാര ബാറ്റിങ് തുടർന്നപ്പോൾ വിരാട് കോഹ്ലി അടിച്ചു കളിക്കാനുള്ള മൂഡിലായിരുന്നു. രണ്ടു തവണ ദക്ഷിണാഫ്രിക്കൻ ഫീൽഡർമാർ നൽകിയ ജീവൻ മുതലെടുത്ത കോഹ്ലി 106 പന്തിൽ 54 റൺസെടുത്ത് ടീമിെൻറ നെട്ടല്ലായി. ആദ്യ ടെസ്റ്റുകളിൽ പുറത്തിരുത്തിയതിന് നായകൻ ഏറെ വിമർശനം നേരിടേണ്ടിവന്ന അജിൻക്യ രഹാനെയും (9) നിരാശപ്പെടുത്തി. ഒരു തവണ നോബാളിൽ ജീവൻ തിരികെ ലഭിച്ചിട്ടും രഹാനെക്ക് അവസരത്തിനൊത്തുയരാനായില്ല. പന്ത് ബൗൺസ് ചെയ്ത പിച്ചിൽ പിന്നെകണ്ടത് കൂട്ടക്കശാപ്പ്. പാർഥിവ് പേട്ടൽ (2), ഹാർദിക് പാണ്ഡ്യ (0), മുഹമ്മദ് ഷമി (8), ഇശാന്ത് ശർമ (0) എന്നിവർ ഒറ്റയക്കത്തിൽ കൂടാരം കയറി. പത്താം വിക്കറ്റിൽ കൂറ്റനടികളോടെ ഹൃദയം കവർന്ന ഭുവനേശ്വർ കുമാറാണ് (30 റൺസ്) ഇന്ത്യൻ നിരയിൽ ഉയർന്ന സ്ട്രൈക്ക് റേറ്റിനുടമ.
ദക്ഷിണാഫ്രിക്കൻ ഫീൽഡർമാർ ക്യാച്ചുകൾ വിടാൻ മത്സരിച്ചത് ഇന്ത്യക്ക് അനുഗ്രഹമായി. റബാദ മൂന്നും മോർകൽ, ഫിലാൻഡർ, പെലുകായോ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. എയ്ഡൻ മർക്രമിെൻറ (2) വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. എൽഗാർ (4), റബാദ (0) എന്നിവരാണ് ക്രീസിൽ. രഹാനെ, ഭുവനേശ്വർ കുമാർ എന്നിവർക്ക് ഇടം നൽകിയാണ് ഇന്ത്യ ജീവന്മരണ പോരാട്ടമായ മൂന്നാം ടെസ്റ്റിനിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.