ദക്ഷിണാഫ്രിക്കക്ക് 241 റൺസ് വിജയലക്ഷ്യം; ഒരു വിക്കറ്റ് നഷ്ടമായി
text_fieldsജോഹാനസ്ബർഗ്: മൂന്നാം ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റു നഷ്ടത്തിൽ 17 റണ്‍സെന്ന നിലയിൽ. മർക്‌റാമിന്റെ (4) വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായത്. മുഹമ്മദ് ഷമിയുടെ പന്തിൽ പാർഥിവ് പട്ടേലിന് ക്യാച്ച് സമ്മാനിച്ചായിരുന്നു മർക്‌റാമിന്റെ മടക്കം. ഒമ്പത് വിക്കറ്റ് കയ്യിലിരിക്കെ 224 റൺസ് അകലെ മൂന്നാം ജയവുമായി പരമ്പര തൂത്തുവാരാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം. ഡീന്‍ എൽഗർ (11), ഹാഷിം അംല (2) എന്നിവരാണ് ക്രീസിൽ. ബുംമ്രയുടെ ഏറിൽ എൽഗറിന് പരിക്കേറ്റതിന് പിന്നാലെ മൂന്നാം ദിനത്തെ കളിയവസാനിപ്പിക്കിക്കുകയായിരുന്നു.
241 റൺസെന്ന വിജയലക്ഷ്യമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്ക് മുന്നിൽ ഉയർത്തിയത്. രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ 247 റൺസിന് പുറത്താവുകയായിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകളിലെ ദയനീയ പരാജയത്തിനൊടുവിൽ അവസാന ടെസ്റ്റിലെ മൂന്നാം ദിനം ഇന്ത്യ ഭേദപ്പെട്ട കളി കാഴ്ച വെച്ചു. മുൻനിര ബാറ്റ്സ്മാൻമാർ ഒരിക്കൽകൂടി പരാജയപ്പെട്ടപ്പോൾ കഴിഞ്ഞ രണ്ട് മത്സരത്തിൽ പുറത്തിരുന്ന അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ രക്ഷകനായത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഫിൻലാൻഡർ റബാഡ, മോർനെ മോർകൽ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
49ന് ഒന്ന് എന്ന നിലയിൽ മൂന്നാം ദിനം തുടങ്ങിയ ഇന്ത്യയുടെ മൂന്ന് മുൻനിര വിക്കറ്റുകൾ കൂടി പിഴുത് ആതിഥേയർ കളി അവരുടെ വരുതിയിലാക്കുന്ന കാഴ്ചയോടെയാണ് മത്സരം ആരംഭിച്ചത്. ലീഡുയർത്തുകയെന്ന ലക്ഷ്യത്തോടെ ക്രീസിലെത്തിയ രാഹുൽ-മുരളി വിജയ് കൂട്ടുകെട്ടിനെ ഫിലാൻഡറാണ് പൊളിച്ചത്. കെ.എൽ രാഹുലിനെ (16) ഫിൻലാൻറർ ഡുപ്ലെസ്സിസിെൻറ കയ്യിലെത്തിച്ചാണ് ദക്ഷിണാഫ്രിക്ക ഇന്നത്തെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.
ഒട്ടും വൈകാതെ മോർകൽ പുജാരയെയും തിരിച്ചയച്ചു. ഒരു റൺ മാത്രമായിരുന്നു ഇന്ത്യ പ്രതീക്ഷ പുലർത്തിയ പൂജാരയുടെ സമ്പാദ്യം. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലി (27) പതിയെ സ്കോർ ചലിപ്പിക്കുകയായിരുന്നു. റബാഡക്കെതിരെ കോഹ്ലി മനോഹരമായ ബൗണ്ടറികൾ നേടുന്നതിനും ജൊഹനസ്ബർഗ് സാക്ഷിയായി. ഇതിനിടെ ഉച്ചഭക്ഷണത്തിന് മുമ്പ് ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടപ്പെട്ടു. മുരളി വിജയിയെ (25) റബാഡ ക്ലീൻ ബൗൾഡാക്കിയപ്പോൾ ഇന്ത്യ 100 ന് നാല് എന്ന നിലയിലായിരുന്നു.
പിന്നീടൊത്തു ചേർന്ന രഹാനെ- കോഹ്ലി സഖ്യമാണ് ഇന്ത്യക്ക് രക്ഷകരായത്. ഇരുവരും ചേർന്ന് ബൗളർമാരെ കണ്ടറിഞ്ഞ് ബാറ്റ് വീശി, സിംഗിളുകളും ബൗണ്ടറികളുമായി പതിയെ ടീം സ്കോർ ഉയർന്നു. 134ലെത്തി നിൽക്കെ കോഹ്ലിയിലൂടെ ഇന്ത്യക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി. റബാഡക്കായിരുന്നു വിക്കറ്റ്. പാണ്ഡ്യയെ കൂട്ടുപിടിച്ചായിരുന്നു പിന്നീട് രഹാനയുടെ ബാറ്റിങ്ങ്. 148ലെത്തി നിൽക്കെ പാണ്ഡ്യയും റബാഡക്ക് മുന്നിൽ മുട്ട്മടക്കി.
പിന്നീടെത്തിയ ഭുവനേശ്വർ കുമാർ മികച്ച കളിയാണ് പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കൻ ബൗളമാരെ ഭയരഹിതമായി നേരിട്ട ഭുവി 114 പന്തിൽ നിന്ന് രഹാനക്കൊപ്പം 33 റൺസെടുത്തു. ഇരുവരും നിർണായകമായ 55 റൺസാണ് ടീമിന് സമ്മാനിച്ചത്. ഇതിനിടെ നിരവധി തവണ ഇരുവരും ദക്ഷിണാഫ്രിക്കൻ ഫീൽഡർമാരുടെ കയ്യിൽ നിന്നും രക്ഷപ്പെട്ടു. ഇതിനിടെ അർധ സെഞ്ച്വറിക്ക് രണ്ട് റൺസകലെ രഹാനെയെ മോർകൽ പുറത്താക്കി. പിന്നീട് ഭുവി-മുഹമ്മദ് ഷമി സഖ്യമാണ് മികച്ച സ്കോറിലേക്ക് ഇന്ത്യയെ നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.