ശ്രീലങ്ക 135ന് പുറത്ത്; ഇന്ത്യക്ക് 352 റൺസ് ലീഡ്
text_fieldsപല്ലേകലേ: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കക്ക് വൻ തകർച്ച. ഇന്ത്യയുടെ 487 റൺസിന് മറുപടിയായി ഇറങ്ങിയ ലങ്ക 135 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 352 റൺസ് ലീഡാണ് ഇന്ത്യ ഒന്നാമിന്നിങ്സിൽ കരസ്ഥമാക്കിയത്. ഒാപണർ ദിനേഷ് ചാന്ദിമൽ (48), നിരോഷാൻ ഡിക്വെല്ല (29) എന്നിവർ മാത്രമാണ് ലങ്കൻ നിരയിൽ അൽപമെങ്കിലും പിടിച്ചു നിന്നത്. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും അശ്വിനും ചേർന്നാണ് ലങ്കൻ ബാറ്റ്സ്മാൻമാരെ വീഴ്ത്തിയത്. 38 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് ലങ്കക്ക് നഷ്ടമായിരുന്നു. ആദ്യ രണ്ട് ടെസ്റ്റിലേതിന് സമാനമായ സ്ഥിതിയിലേക്കാണ് ലങ്ക നീങ്ങുന്നത്.
കന്നി ടെസ്റ്റ് സെഞ്ചുറിയുമായി തിളങ്ങിയ ഹാർദിക് പാണ്ഡ്യയായിരുന്നു (108) ഇന്നത്തെ താരം. ട്വൻറി20 ശൈലിയിൽ ബാറ്റ് വീശിയ പാണ്ഡ്യ ലങ്കൻ ബൗളർമാരെ വെള്ളംകുടിപ്പിച്ചു. മലിന്ദ പുഷ്പകുമാരയുടെ ഒരോവറിൽ പാണ്ഡ്യ അടിച്ചെടുത്തത് 26 റൺസ് ആണ്. ഇതോടെ ടെസ്റ്റ് ഇന്നിങ്സിലെ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും നേടി. 27 വർഷം മുമ്പ് കപിൽ ദേവ് നേടിയ 24 റൺസിന്റെ റെക്കോർഡാണ് പാണ്ഡ്യ തകർത്തത്. 96 പന്തിൽ എട്ടു ബൗണ്ടറിയും ഏഴു സിക്സും ഉൾപ്പെടുന്നതായിരുന്നു ഹർദികിൻെറ ഇന്നിങ്സ്. ലഞ്ചിന് തൊട്ടുടനെ പാണ്ഡ്യെ പുറത്താവുകയായിരുന്നു. 10–ാം വിക്കറ്റിൽ പാണ്ഡ്യ–യാദവ് സഖ്യം 66 റൺസാണ് സ്കോർബോർഡിലേക്ക് കൂട്ടിച്ചേർത്തത്. ലക്ഷൻ സന്ദാകൻ അഞ്ചും പുഷ്പകുമാര മൂന്നും ഫെർണാണ്ടോ രണ്ടും വിക്കറ്റ് വീഴ്ത്തി.
കുൽദീപ് യാദവ്, ഉമേഷ് യാദവ് എന്നിവരെ ഒരു വശത്ത് നിർത്തി പാണ്ഡ്യെ ഇന്ത്യക്കായി റണ്ണൊഴുക്കി. വൃദ്ധിമാൻ സാഹ (13), കുൽദീപ് യാദവ് (26), മുഹമ്മദ് ഷാമി (എട്ട്) എന്നിവർ പെട്ടെന്ന് പുറത്തായിരുന്നു. ഒരു വിക്കറ്റ് മാത്രം ബാക്കിനിൽക്കെയായിരുന്നു പാണ്ഡ്യയുടെ സെഞ്ചുറി. പാണ്ഡ്യയുടെ സെഞ്ചുറി തടയാനായി ശ്രീലങ്ക തന്ത്രങ്ങൾ മെനഞ്ഞിരുന്നു. ഉമേഷ് യാദവിനെ ലക്ഷ്യമിട്ട് ലങ്ക സമ്മർദ തന്ത്രങ്ങൾ ഒരുക്കിയെങ്കിലും വിജയിച്ചില്ല.
ആറു വിക്കറ്റ് നഷ്ടത്തിൽ 329 റൺസെന്ന നിലയിലാണ് ഇന്ന് ഇന്ത്യ കളത്തിലെത്തിയത്. സെഞ്ച്വറി നേടിയ ശിഖർ ധവാനും അർധ സെഞ്ച്വറി തികച്ച ലോകേഷ് രാഹുലുമാണ് (85) ഇന്ത്യയെ ഇന്നലെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. ക്യാപ്റ്റൻ കോഹ്ലി (42), അശ്വിൻ (31), രഹാനെ (17), പുജാര (എട്ട്) എന്നിവർ പുറത്തായി. വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയും (13) ഹാർദിക് പാണ്ഡ്യയുമാണ് (1) ക്രീസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.