ശ്രീലങ്കക്ക് വീണ്ടും ഇന്നിങ്സ് തോൽവി ; പരമ്പര തൂത്തുവാരി ഇന്ത്യ
text_fieldsപല്ലേകലേ: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ശ്രീലങ്ക ഇന്ത്യയോട് അതിദയനീയമായി തോറ്റതോടെ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരി. രാജ്യം നാളെ സ്വാതന്ത്ര്യദിനം ആശംസിക്കാൻ നിൽക്കെയാണ് അയൽക്കാരെ തറപറ്റിച്ച് വിരാട് കോഹ്ലിയും സംഘവും ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇന്നിങ്സിനും 171 റൺസിനുമായിരുന്നു ഇന്ത്യൻ ജയം. മൽസരം അവസാനിക്കാൻ രണ്ടു ദിവസം കൂടി അവശേഷിക്കവേയാണ് ഇന്ത്യ ജയം നേടിയത്.
രണ്ടാം ഇന്നിങ്സിൽ 352 റൺസ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 181 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തു വാരി. വിദേശ മണ്ണിൽ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ ആദ്യമായാണ് ജയിക്കുന്നത്. ഇൗ അപൂർവ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ നായകനായി വിരാട് കോഹ്ലി മാറി. ഗാലെയിൽ 304 റൺസിനും കൊളംേബായിൽ ഇന്നിങ്സിനും 53 റൺസിനും ഇന്ത്യ ജയിച്ചിരുന്നു.
അശ്വിൻ നാലും മുഹമ്മദ് ഷമി മൂന്നും ഉമേഷ് യാദവും രണ്ടും വിക്കറ്റും വീഴ്ത്തി. 39 റൺസെടുക്കുന്നതിനിടെ ലങ്കക്ക് നാല് വിക്കറ്റ് നഷ്ടമായിരുന്നു. തോൽവി ഒഴിവാക്കാനായി കനത്ത പ്രതിരോധത്തിലൂന്നിയാണ് ലങ്ക കളിച്ചത്. 19 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഇന്ന് മത്സരം ആരംഭിച്ചത്. നിരോഷൻ ഡിക്ക്വെല്ല (41), ചാണ്ടിമൽ (36), എയ്ഞ്ചലോ മാത്യൂസ്(35) എന്നിവർക്ക് മാത്രമാണ് ലങ്കൻ നിരയിൽ ഇന്ത്യൻ ബാളർമാരെ അൽപമെങ്കിലും ചെറുത്തു നിൽക്കാൻ സാധിച്ചത്.
കന്നി ടെസ്റ്റ് സെഞ്ചുറിയുമായി തിളങ്ങിയ ഹാർദിക് പാണ്ഡ്യയായിരുന്നു (108) ഇന്നലത്തെ താരം. ട്വൻറി20 ശൈലിയിൽ ബാറ്റ് വീശിയ പാണ്ഡ്യ ലങ്കൻ ബൗളർമാരെ വെള്ളംകുടിപ്പിച്ചു. മലിന്ദ പുഷ്പകുമാരയുടെ ഒരോവറിൽ പാണ്ഡ്യ അടിച്ചെടുത്തത് 26 റൺസ് ആണ്. ഇതോടെ ടെസ്റ്റ് ഇന്നിങ്സിലെ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും നേടി. 27 വർഷം മുമ്പ് കപിൽ ദേവ് നേടിയ 24 റൺസിന്റെ റെക്കോർഡാണ് പാണ്ഡ്യ തകർത്തത്. 96 പന്തിൽ എട്ടു ബൗണ്ടറിയും ഏഴു സിക്സും ഉൾപ്പെടുന്നതായിരുന്നു ഹർദികിൻെറ ഇന്നിങ്സ്.
തോറ്റ് തോറ്റ് ലങ്ക
നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് ലങ്കൻ ക്രിക്കറ്റ്. തോറ്റ് തോറ്റ് ടീം തകരുേമ്പാൾ അർജുന രണതുംഗയും ജയവർധനയും ഉൾപ്പെടെ മുൻതാരങ്ങൾ വിമർശനങ്ങളുമായി രംഗത്തെത്തി. ചരിത്രത്തിൽ ഇതുവരെ കാണാത്ത വിധം ടീം കൂപ്പുകുത്തുേമ്പാൾ പിടിച്ചുനിൽക്കാൻ മാനേജ്മെൻറും പാടുപെടുന്നു. ഇന്ത്യക്കെതിരെ മൂന്ന് ടെസ്റ്റും സ്വന്തം നാട്ടിൽ കൈവിട്ടു. ബാറ്റിലും ബൗളിലും പൂർണ പരാജയം.
കൊളംബോ ടെസ്റ്റിൽ ദിമുത്ത് കരുണരത്നെയും കുശാൽ മെൻഡിസും സെഞ്ച്വറിയുമായി പൊരുതിനോക്കിയെങ്കിലും ഇന്ത്യയുടെ റൺമലക്കുമുമ്പിൽ ഇന്നിങ്സ് തോൽവി വഴങ്ങേണ്ടിവന്നു. ഇന്ത്യക്ക് മുമ്പ് ദുർബലരായ സിംബാബ്വെ ലങ്കൻമണ്ണ് സന്ദർശിക്കാനെത്തിയപ്പോൾ, ആതിഥേയരെ നാണംകെടുത്തിയാണ് മടങ്ങിയത്. ഏകദിന പരമ്പര നഷ്ടപ്പെടുത്തി ലങ്ക ഏക ടെസ്റ്റ് തലനാരിഴക്കാണ് പിടിച്ചെടുത്തത്. പരിചയസമ്പത്ത് കുറഞ്ഞതും സീനിയർ താരങ്ങൾക്ക് സ്ഥിരത കണ്ടെത്താനാവാത്തതും ലങ്കക്ക് തിരിച്ചടിയാവുന്നു. മഹേല ജയവർധനയും രണതുംഗയും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെതിരെ വിമർശനശരവുമായി രംഗത്തെത്തിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.