അതിർത്തിയിലെ ‘പരിപാടികൾ’ നിർത്തി ആ പണം കൊണ്ട് ആശുപത്രി പണിയൂ- അക്തറിനോട് കപിൽ
text_fieldsന്യൂഡൽഹി: കായിക മൈതാനങ്ങൾ തുറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും പ്രതിരോധ പ്രവർത്തനങ്ങൾക്കായി പണം സമ്പാദി ക്കാൻ ഇന്ത്യ- പാകിസ്താൻ ക്രിക്കറ്റ് പരമ്പര നടത്തണമെന്നുമുള്ള ചർച്ചകൾ തുടരുന്നതിനിടെ തൻെറ നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ്.
വികാരത്തിൻെറ പുറത്ത് ഇന്ത്യ- പാക് മത്സരങ്ങൾ നടത്താൻ പറയാം. എന്നാൽ ക്രിക്കറ്റ് കളിക്കാനുള്ള സമയമല്ലിത്. പണമാണ് വേണ്ടതെങ്കിൽ അതിർത്തിയിലെ ‘പരിപാടികൾ’ നിർത്തി പകരം ആ പണം കൊണ്ട് ആശുപത്രികളും സ്കൂളുകളും പണിതുയർത്തണമെന്ന് പാക് ക്രിക്കറ്റ് താരം ശുഐബ് അക്തർ അടക്കമുള്ളവരോട് ഒരിക്കൽ കൂടി അദ്ദേഹം മറുപടി പറഞ്ഞു.
ക്രിക്കറ്റ് ഗ്രൗണ്ടുകൾ തുറക്കുന്നതിനെ കുറിച്ചല്ല, മറിച്ച് സ്കൂളുകളിലും കോളജിലും പോകാൻ സാധിക്കാത്ത പുതുതലമുറയുടെ കാര്യത്തിലാണ് തനിക്ക് വേവലാതി. ക്രിക്കറ്റ്, ഫുട്ബാൾ മത്സരങ്ങൾക്ക് മുമ്പ് സ്കൂളുകൾ തുറക്കണമെന്നും കപിൽ ആവശ്യപ്പെട്ടു.
നമുക്ക് പണമാണ് വേണ്ടതെങ്കിൽ രാജ്യത്ത് നിരവധി സാമുദായിക സംഘടനകളുണ്ട്. അവർ സർക്കാറിനെ സഹായിക്കുന്നതിനായി മുന്നോട്ടുവരും- കപിൽ ദേവ് പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ധനം സമാഹരിക്കാൻ ഇന്ത്യ- പാക് ക്രിക്കറ്റ് പരമ്പര സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മുൻ പാക് താരം നേരത്തെ രംഗത്തെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.