ഏതായാലും സീനിയർ ടീമിൽ ഇടമില്ല, ഞങ്ങളെ വിദേശത്തെങ്കിലും വിട്ടുകൂടേ- ബി.സി.സി.ഐയോട് റെയ്ന
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൻെറ ചുവടുപിടിച്ച് നിരവധി പ്രഫഷനൽ ക്രിക്കറ്റ് ലീഗുകൾ വിവിധ രാജ്യങ്ങളിലായി ഉയർന്നുവന്നെങ്കിലും അതിലൊന്നും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ സാന്നിധ്യം നമുക്ക് കാണാൻ സാധിക്കില്ല. ക്രിക്കറ്റിൽ സജീവമായ താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കുന്നതിന് ബി.സി.സി.ഐയുടെ വിലക്ക് നിലനിൽക്കുന്നതിനാലാണിത്. എന്നാൽ ഇന്ത്യൻ താരങ്ങളെ വിദേശ ലീഗുകളിൽ കളിക്കാൻ ബി.സി.സി.ഐ അനുവദിക്കണമെന്ന അഭ്യർഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരം സുരേഷ് റെയ്നയും മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനും. ഇൻസ്റ്റഗ്രാം ലൈവ് സെഷനിടെയാണ് ദേശീയ ടീമിന് വെളിയിൽ നിൽക്കുന്ന ഒരുപാട് കളിക്കാരുടെ ആവശ്യം റെയ്നയും പത്താനും ചേർന്ന് അവതരിപ്പിച്ചത്.
‘ഇന്ത്യൻ താരങ്ങൾ വിദേശ ലീഗുകളിൽ കളിക്കുന്നത് സംബന്ധിച്ച് ഐ.സി.സിയുമായും ഫ്രാഞ്ചൈസികളുമായും കൂടിയാലോചിച്ച് ബി.സി.സി.ഐ എന്തെങ്കിലും ചെയ്യുമെന്നാണ് പ്രതീക്ഷ. കുറഞ്ഞത് രണ്ട് ലീഗുകളിലെങ്കിലും കളിക്കാൻ അനുവദിക്കണം. വിദേശത്ത് മികച്ച പ്രകടനം നടത്തിയാൽ അത് ഞങ്ങൾക്ക് വളരെയേറെ ഗുണകരമാകും. എല്ലാ അന്താരാഷ്ട്ര കളിക്കാരും ലീഗുകളിൽ കളിച്ചാണ് തിരിച്ചുവരവ് നടത്തുന്നത്’ -ലൈവിനിടെ റെയ്ന പത്താനോട് ഉള്ളുതുറന്നു.
തന്നെക്കൂടാതെ ദീർഘകാലമായി സീനിയർ ടീമിന് പുറത്ത് നിൽക്കുകയും ഇനിയും വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്യാത്ത റോബിൻ ഉത്തപ്പയടക്കമുള്ള താരങ്ങളുടെ പേരെടുത്ത് പരാമർശിച്ചായിരുന്നു റെയ്നയുടെ പ്രതികരണം. ബി.സി.സി.ഐയുടെ നിയമപ്രകാരം ക്രിക്കറ്റിൻെ എല്ലാഫോർമാറ്റുകളിൽ നിന്നും ഐ.പി.എല്ലിൽ നിന്നും വിരമിച്ച താരങ്ങൾക്ക് മാത്രമാണ് വിദേശ ലീഗുകളിൽ കളിക്കാൻ അനുമതി.
‘വിവിധ രാജ്യങ്ങളിൽ വേറെവേറെ ചിന്താഗതിയാണ്. മൈക്ക് ഹസി 29ാം വയസിലാണ് ആസ്ട്രേലിയക്കായി അരങ്ങേറിയത്. ഒരിന്ത്യൻ താരത്തിന് ഒരിക്കലും 30ാം വയസിൽ അരങ്ങേറാൻ സാധിക്കില്ല. നിങ്ങൾക്ക് കായികക്ഷമതയുണ്ടെങ്കിൽ നിങ്ങൾ സ്വന്തം രാജ്യത്തിന് കളിക്കാൻ ഒരുങ്ങണം. 30 വയസ് കഴിഞ്ഞവരും അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള സെലക്ടർമാരുടെ റഡാർ നിരീക്ഷണത്തിൽ ഉൾപെടാത്ത താരങ്ങളെയും വിദേശ ലീഗുകളിൽ കളിക്കാൻ അനുവദിക്കണമെന്നാണ് എൻെറ അഭിപ്രായം’- പത്താൻ റെയ്നയോട് പറഞ്ഞു.
ദേശീയ ടീമിലേക്ക് തിരിച്ചെത്താൻ കഠിനാധ്വാനം നടത്താൻ പത്താൻ റെയ്നയോട് ആവശ്യപ്പെട്ടു. ജനുവരിയിലാണ് പത്താൻ ക്രിക്കറ്റിൻെറ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചത്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.