ട്വൻറി20 ലോകകപ്പ് 2022ലേക്ക് മാറ്റിയേക്കും
text_fieldsന്യൂഡൽഹി: ഈ വർഷം ആസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ട്വൻറി20 ലോകകപ്പ് 2022ലേക്ക് മാറ്റിയേക്കും. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് രാജ്യന്തര ക്രിക്കറ്റ് കൗൺസിലിൻെറ നീക്കം. വ്യാഴാഴ്ച നടക്കുന്ന രാജ്യന്തര ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ പ്രഖ്യാപനമുണ്ടാകുമെന്ന് ഐ.സി.സി ബോർഡ് അംഗം വാർത്ത ഏജൻസിയായ പി.ടി.ഐയോട് വെളിപ്പെടുത്തി. ഇതോടെ ഒക്ടോബറിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കാൻ സാധ്യതയേറി. ലോകകപ്പ് മാറ്റിവെക്കുന്ന പ്രഖ്യാപനം വരുന്നതോടെ രാജ്യങ്ങൾക്ക് തങ്ങളുടെ പരമ്പരകളുടെ കാര്യത്തിൽ ഏകദേശ ധാരണയിലെത്താം.
2021ൽ ഇന്ത്യയിൽ ട്വൻറി20 ലോകകപ്പ് നടക്കുന്നതിനാൽ ആസ്ട്രേലിയൻ എഡിഷൻ 2022ലേക്ക് മാറ്റാൻ ഐ.സി.സി ഇവൻറ്സ് കമ്മറ്റി ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കോവിഡ് കാരണം വന്ന സാമ്പത്തിക നഷ്ടം നികത്താൻ പല ക്രിക്കറ്റ് ബോർഡുകളും പരമ്പരകൾ കളിക്കാനാണ് താൽപര്യം പ്രകടിപ്പിക്കുന്നത്. രാജ്യങ്ങൾക്ക് മാത്രമല്ല, ഐ.സി.സി ടൂർണമെൻറുകളും ബി.സി.സി.ഐയുടെ ഐ.പി.എല്ലുമടക്കം സംപ്രേഷണം ചെയ്യുന്ന സ്റ്റാർ നെറ്റ്വർക്കടക്കമുള്ള ബ്രോഡ്കാസ്റ്റർമാർക്കും ഇതേ അഭിപ്രായമാണെന്ന് ബോർഡ് അംഗം വ്യക്തമാക്കി.
കാര്യങ്ങൾ സാധരണഗതിയിലായ ശേഷം ഐ.സി.സിയുടെയും കേന്ദ്ര സർക്കാറിൻെറയും മാർഗനിർദേശങ്ങൾ പാലിച്ച് ഐ.പി.എൽ നടത്താനാണ് ബി.സി.സി.ഐ പദ്ധതിയിടുന്നത്. മത്സരങ്ങൾ വെട്ടിക്കുറച്ചും അടച്ചിട്ട സ്റ്റേഡിയത്തിലോ, കാണികളുടെ എണ്ണം നിയന്ത്രിച്ചോ നടത്താനും ആലോചിക്കുന്നുണ്ട്. ടീമുകളുടെ സൗകര്യം പരിഗണിച്ച് വേദികൾ രണ്ട് നഗരങ്ങളിലേക്ക് ചുരുക്കാനും നീക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.