വെയ്റ്ററല്ല, സചിൻ തിരഞ്ഞയാൾ സെക്യൂരിറ്റി ഗാർഡ്; ത്രില്ലടിച്ച് ഗുരുപ്രസാദ്
text_fieldsചെന്നൈ: ക്രിക്കറ്റ് ഇതിഹാസം സചിന് ‘ഉപദേശം’ നൽകിയ ആൾ ആരാണെന്നുള്ള ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമം. ചെന്നൈ പെരമ്പൂർ സ്വദേശിയും താജ് ഗ്രൂപ്പ് ജീവനക്കാരനുമായ ഗുരുപ്രസാദ് ആണ് അതെന്ന് വെളിപ്പെടുത്തിയത് താജ് ഗ്രൂപ്പ് തന്നെയാണ്.
കഴിഞ്ഞ ദിവസമാണ് 19 വർഷം മുമ്പ് ചെെന്നെയിൽ ആസ്ത്രേലിയക്കെതിരായ ടെസ്റ്റ് കളിക്കാനെത്തിയപ്പോഴുണ്ടായ സംഭവം സചിൻ ട്വിറ്റർ വീഡിയോയിലൂടെ വിവരിച്ചത്. താജ് ഹോട്ടലിൽ താമസിക്കുേമ്പാൾ റൂമിലേക്ക് കാപ്പിയുമായി വന്ന ‘വെയ്റ്റർ’ സചിൻെറ ബാറ്റിങ് ശൈലിയിൽ ചെറിയ ചില മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും അതിന് കാരണം കൈമുട്ടിലിടുന്ന പാഡ് (എൽബോ ഗാർഡ്) ആണെന്നുമുള്ള നിരീക്ഷണം പങ്കുവെക്കുകയായിരുന്നു. കൗതുകകരമായ ഈ നിരീക്ഷണം ശരിയാണെന്ന് കണ്ടെത്തിയ താൻ എൽബോ ഗാർഡിൽ മാറ്റങ്ങൾ വരുത്തിയെന്നും പഴയ ശൈലിയിലേക്ക് മടങ്ങാൻ കഴിഞ്ഞെന്നും പറഞ്ഞ സചിൻ, അയാൾ എവിടെയാണെന്ന് അറിയാനും കാണാനും ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തി. ആളെ കണ്ടെത്താൻ ആരാധകരുടെ സഹായവും സചിൻ തേടി.
A chance encounter can be memorable!
— Sachin Tendulkar (@sachin_rt) December 14, 2019
I had met a staffer at Taj Coromandel, Chennai during a Test series with whom I had a discussion about my elbow guard, after which I redesigned it.
I wonder where he is now & wish to catch up with him.
Hey netizens, can you help me find him? pic.twitter.com/BhRanrN5cm
ഇതിന് പിന്നാലെയാണ് അത് ഗുരുപ്രസാദ് ആയിരുന്നെന്ന് കണ്ടെത്തി താജ് ഹോട്ടൽസ് ട്വിറ്ററിലെത്തിയത്. ‘ചെന്നൈയിൽ താമസത്തിനിടെ ഞങ്ങളുടെ സഹപ്രവർത്തകനുമായി കണ്ടുമുട്ടിയ പഴയ ഓർമകൾ പങ്കുവച്ചതിന് ഹൃദ്യമായ നന്ദി സചിൻ. താജ് ഹോട്ടൽസിൻെറ പാരമ്പര്യത്തെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഈ സഹപ്രവർത്തകർ ഞങ്ങളുടെ അഭിമാനമാണ്. താങ്കൾ തിരയുന്നയാളെ ഞങ്ങൾ കണ്ടെത്തി. നിങ്ങൾ ഇരുവരും വീണ്ടും കണ്ടുമുട്ടാനിടയാകുന്നതിൽ അതിയായ സന്തോഷമുണ്ട്’- താജ് ഹോട്ടൽസ് ട്വിറ്ററിൽ കുറിച്ചു. സചിനൊപ്പം ഗുരുപ്രസാദ് അന്നെടുത്ത ഫോട്ടോയും സചിനെ ടാഗ് ചെയ്ത് അവർ ട്വിറ്ററിലിട്ടു.
അതേസമയം, സംഭവം കഴിഞ്ഞ് രണ്ട് പതിറ്റാണ്ടിനോട് അടുത്തിട്ടും സചിൻ തന്നെ ഓർത്തിരിക്കുന്നതിൻെറ അത്ഭുതം ഇനിയും വിട്ടുമാറിയിട്ടില്ലെന്ന് ഗുരുപ്രസാദ് പറയുന്നു. ‘സചിനെ പോലുള്ള ഇതിഹാസ താരങ്ങളെ കാണാൻ ആരാധകർ എന്നും കൊതിക്കാറുണ്ട്. അദ്ദേഹം എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. അതിനായുള്ള കാത്തിരിപ്പിലാണ് ഞാൻ. ഞാൻ മാത്രമല്ല, എൻെറ കുടുംബാംഗങ്ങളും അയൽവാസികളും സചിനെ കാണാൻ കഴിയുമെന്ന ആവേശത്തിലാണ്. എൻെറ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം അൽപ സമയം ചെലവഴിക്കണമെന്നാണ് സചിനോടുള്ള എൻെറ അഭ്യർഥന’ -ഗുരുപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
സചിനുമായി കൂടിക്കാഴ്ച നടത്തുന്ന സമയത്ത് ടീമിൻെറ സുരക്ഷ ചുമതലയുള്ള സെക്യൂരിറ്റി ഗാർഡ് ആയിരുന്നു ഗുരുപ്രസാദ്. വെയ്റ്ററുടേതിന് സമാനമായ യൂനിഫോം ധരിച്ചത് കൊണ്ടായിരിക്കും സചിൻ തെറ്റിദ്ധരിച്ചതെന്ന് ഗുരുപ്രസാദ് പറയുന്നു. ‘സചിൻ റൂമിൽ നിന്നിറങ്ങി ലിഫ്റ്റിന് അടുത്തേക്ക് വരുേമ്പാളാണ് ഞാൻ ഓട്ടോഗ്രാഫിനായി ചെല്ലുന്നത്. ഓട്ടോഗ്രാഫ് ലഭിച്ച ശേഷം ഞാൻ കടുത്ത ആരാധകനാണെന്നും ഒരു കാര്യം സംസാരിക്കാനുണ്ടെന്നും അറിയിച്ചു. അദ്ദേഹം അതിന് അനുവദിച്ചപ്പോളാണ് എൽബോ ഗാർഡ് ബാറ്റിങ് ശൈലിയെ ബാധിക്കുന്നുണ്ടെന്ന് പറയുന്നത്. സചിൻെറ ഓരോ ഷോട്ടും പല തവണ റീവൈൻഡ് ചെയ്ത് നിരീക്ഷിക്കാറുണ്ടായിരുന്നു ഞാൻ. അപ്പോളാണ് എൽബോ ഗാർഡിൻെറ പ്രശ്നം കൈക്കുഴയുടെയും മറ്റും ചലനത്തെ ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ഇക്കാര്യം അദ്ദേഹം ഗൗരവമായി എടുത്തെന്നും എൽബോ ഗാർഡിൽ മാറ്റങ്ങൾ വരുത്തിയെന്നും അത് ഇപ്പോഴും ഓർത്തിരിക്കുന്നു എന്നതും ഏറെ അഭിമാനം നൽകുന്നു’ -ഗുരുപ്രസാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.