രണ്ടാം ടെസ്റ്റ് ഇന്നുമുതൽ
text_fieldsഹൈദരാബാദ്: ആദ്യ ടെസ്റ്റിലെ കൂറ്റൻ ജയത്തിെൻറ ആത്മവിശ്വാസത്തിലേറി ഇന്ത്യ ഇന്ന് വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിനിറങ്ങുന്നു. രാജ്കോട്ടിൽ വിൻഡീസിനെ മൂന്നു ദിവസത്തിനികം ചുരുട്ടിക്കെട്ടിയ വിരാട് കോഹ്ലിയും കൂട്ടരും ഇന്നിങ്സിനും 272 റൺസിനുമാണ് ജയം സ്വന്തമാക്കിയത്. ആസ്ട്രേലിയൻ പര്യടനത്തിനുമുമ്പായി ആധികാരിക ജയത്തോടെ പരമ്പര തൂത്തുവാരാനായിരിക്കും ടീം ഇന്ത്യയുടെ ശ്രമം.
മാറ്റത്തിന് സാധ്യതയില്ലാതെ ഇന്ത്യ
ആദ്യ ടെസ്റ്റിൽ കളത്തിലിറങ്ങിയ അതേ ടീമുമായിത്തന്നെയാവും ഇന്ത്യ ഹൈദരാബാദിലും ഇറങ്ങുക എന്നാണ് ടീം വൃത്തങ്ങൾ നൽകുന്ന സൂചന. രാജ്കോട്ടിലെ അതേ 12 അംഗ ടീമിനെ ഇന്ത്യ നിലനിർത്തിയിട്ടുണ്ട്. സ്പിന്നർ കുൽദീപ് യാദവിനുപകരം പേസർ ശർദുൽ ഠാകൂർ കളിക്കുകയാണെങ്കിൽ മാത്രമേ അന്തിമ ഇലവനിൽ മാറ്റമുണ്ടാകൂ. കന്നി ടെസ്റ്റിൽ തകർപ്പൻ സെഞ്ച്വറിയുമായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ചുവടുവെപ്പ് അവിസ്മരണീയമാക്കിയ പൃഥ്വി ഷായുടെ ഒാപണിങ് പങ്കാളി ആദ്യ ടെസ്റ്റിൽ പൂജ്യത്തിന് പുറത്തായ ലോകേഷ് രാഹുൽ തന്നെയായിരിക്കും. ഇതോടെ മായങ്ക് അഗർവാളിന് അവസരം ലഭിക്കില്ലെന്നുറപ്പായി. ഇൗ വർഷം ടെസ്റ്റിൽ കളിച്ച 16 ഇന്നിങ്സുകളിൽ 14 തവണയും രാഹുൽ പരാജയമായിരുന്നു. അതിനാൽ മുരളി വിജയിെൻറയും ശിഖർ ധവാെൻറയും അഭാവത്തിൽ രാഹുൽ-പൃഥ്വി കൂട്ടുകെട്ടായിരിക്കും ആസ്ട്രേലിയയിലും ഫസ്റ്റ് ചോയ്സ് എന്ന സൂചനക്ക് അടിവരയിടാൻ കർണാടക താരത്തിന് ഇൗ മത്സരത്തിൽ മികച്ച ഇന്നിങ്സ് അനിവാര്യമാണ്.
രഹാനെ ഫോമിലാവുമോ?
വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ ഫോമാണ് ഇന്ത്യയെ കുഴക്കുന്ന ഏക പ്രശ്നം. കഴിഞ്ഞ 14 ടെസ്റ്റുകളിൽ സെഞ്ച്വറി നേടിയിട്ടില്ലാത്ത രഹാനെ (2017 ഒാഗസ്റ്റിൽ ശ്രീലങ്കക്കെതിരെയാണ് അവസാന ശതകം) ഒാസിസ് പര്യടനത്തിനുമുമ്പ് ഫോം കണ്ടെത്തേണ്ടത് ടീമിന് ഏറെ നിർണായകമാണ്. മിക്ക ഇന്ത്യൻ താരങ്ങളിൽനിന്നും വ്യത്യസ്തമായി നാട്ടിൽ പതറുകയും വിദേശത്ത് തിളങ്ങുകയുംചെയ്യുന്ന രഹാനെ പക്ഷേ ഇത്തവണ ഇംഗ്ലണ്ടിൽ കാര്യമായി ശോഭിച്ചിരുന്നില്ല. അതിനാൽ, ആസ്ട്രേലിയയിലേക്ക് വിമാനം കയറുന്നതിനുമുമ്പായി ഫോമിലെത്തിയാൽ രഹാനെക്ക് അവിടെ ആത്മവിശ്വാസത്തോടെ ബാറ്റേന്താം എന്നാണ് വിലയിരുത്തൽ.
റോച്ച് കളിക്കും, ഹോൾഡറും ഗബ്രിയേലും ഇറങ്ങുമോ?
കളിയുടെ എല്ലാ മേഖലകളിലും ഇന്ത്യയുടെ മുന്നിൽ മുട്ടുമടക്കിയാണ് വിൻഡീസ് ആദ്യ ടെസ്റ്റിൽ തോറ്റത്. രണ്ടാം മത്സരത്തിൽ ഇതിൽനിന്ന് കരകയറണമെങ്കിൽ ടീമിെൻറ ഭാഗത്തുനിന്ന് കാര്യമായ പുരോഗതിയുണ്ടാവണം. രാജ്കോട്ടിൽ പ്രധാന താരങ്ങളായ ക്യാപ്റ്റൻ ജാസൺ ഹോൾഡറുടെയും കെമാർ റോച്ചിെൻറയും അഭാവത്തിലും ബൗളർമാർ വിയർപ്പൊഴുക്കി പന്തെറിഞ്ഞപ്പോൾ ബാറ്റ്സ്മാന്മാരുടെ ഭാഗത്തുനിന്ന് അത്രതന്നെ അർപ്പണബോധം കാണാനുണ്ടായിരുന്നില്ല. പ്രത്യേകിച്ച് രണ്ടാം ഇന്നിങ്സിൽ പവിലിയനിൽ തിരിച്ചെത്താൻ തിടുക്കമുള്ളതുപോലെയായിരുന്നു വിൻഡീസ് ബാറ്റ്സ്മാന്മാരുടെ കളി. ഇത്തവണ അതിൽ മാറ്റമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് വിൻഡീസ് മാനേജ്മെൻറ്. വ്യക്തിപരമായ ആവശ്യത്തിന് അടിയന്തരമായി നാട്ടിലേക്ക് പറന്ന റോച്ച് തിരിച്ചെത്തിയത് ടീമിന് ആശ്വാസകരമാണെങ്കിലും ഹോൾഡർ ഇൗ മത്സരത്തിലും ഇറങ്ങുന്ന കാര്യം ഉറപ്പായിട്ടില്ല. കൂനിന്മേൽ കുരുപോലെ ചെറിയ പരിക്കുള്ള ഷാനൺ ഗബ്രിയേലും കളിക്കാൻ സാധ്യത കുറവാണെന്നാണ് ഒടുവിലത്തെ വിവരം. ഇതോടെ കരുത്തുറ്റ ഇന്ത്യൻ ബാറ്റിങ് നിരയെ തളക്കുന്ന കാര്യം വിൻഡീസിന് കൂടുതൽ ദുഷ്ക്കരമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.