കരുൺ നായരുടെ ട്രിപ്പിൾ സെഞ്ച്വറി വാതുവെപ്പുകാർ തിരക്കഥയുണ്ടാക്കിയ മത്സരത്തിൽ
text_fieldsമുംബൈ: ഐ.പി.എല്ലിൻെറ കൊട്ടിക്കലാശത്തിനൊപ്പം ക്രിക്കറ്റ് ലോകത്തെ ഒരിക്കൽ കൂടി വാതുവെപ്പ് വിവാദം പിടികൂടിയിരിക്കുകയാണ്. അൽജസീറ ചാനൽ ലേഖകൻ ഡേവിഡ് ഹാരിസണാണ് ഒളികാമറ ഓപറേഷനിലൂടെ കഴിഞ്ഞവർഷം നടന്ന ഇന്ത്യയുടെ മൂന്ന് ടെസ്റ്റുകളിൽ വാതുവെപ്പ് നടന്നതായി വെളിച്ചത്ത് കൊണ്ടുവന്നത്. ദാവൂദ് ഇബ്രാഹിമിൻറെ ഡി കമ്പനി അംഗമായ അനീൽ മുനാവർ, മുംബൈ സ്വദേശിയും മുൻ ആഭ്യന്തര ക്രിക്കറ്റ് താരവും വാതുവെപ്പ് സംഘാംഗവുമായ റോബിന് മോറിസ് എന്നിവരടക്കം ക്യാമറയിൽ കുടുങ്ങി.
ഇന്ത്യ- ശ്രീലങ്ക ഗാലെ ടെസ്റ്റ് (ജൂലൈ 2017), ഇന്ത്യ - ആസ്ട്രേലിയ റാഞ്ചി ടെസ്റ്റ് (മാർച്ച് 2017), ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റ് (ഡിസംബർ 2017) എന്നീ മത്സരങ്ങളാണ് സംശയത്തിലായത്. ആദ്യത്തെയും മൂന്നാമത്തെയും മത്സരങ്ങളും ഇന്ത്യ ജയിക്കുകയും റാഞ്ചിയിലെ മത്സരം സമനിലയിൽ കലാശിക്കുകയുമായിരുന്നു. കരുൺ നായർ ട്രിപ്പിൾ സെഞ്ച്വറി നേടിയ മത്സരമാണ് ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റ്. ഈ മൂന്ന് ടെസ്റ്റിലെയും സംഭവങ്ങൾ വാതുവെപ്പ് സംഘവുമായി ബന്ധമുള്ള കളിക്കാർ നേരത്തേ തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് നടന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളാരെയും റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.
ക്യൂറേറ്റർമാർ, മുൻ ക്രിക്കറ്റർമാർ എന്നിവരടക്കം അടങ്ങുന്ന വാതുവെപ്പ് സംഘം ഒരു മുഴുവൻ മത്സരവും എങ്ങനെ പണക്കിലുക്കത്തിൽ തങ്ങൾക്കനുകൂലമാക്കാമെന്നാണ് നടപ്പാക്കിയത്. പാക് താരം ഹസൻ റാസ (ടെസ്റ്റ് കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ), ശ്രീലങ്കൻ അന്തർദേശീയ താരങ്ങളായ ദിൽഹാര ലോകുഗട്ടിഗെ, ജീവന്ത കുലതുംഗ, തരുന്ദു മെൻഡിസ് എന്നിവർക്ക് വാതുവെപ്പിൽ നിർണായക പങ്കുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിശ്ചിത ദിവസത്തേക്ക് പിച്ചിൻെറ സ്വഭാവം വാതുവെപ്പുകാർക്ക് അനുകൂലമാക്കാനാണ് സംഘം ശ്രമിച്ചത്.
ഗാലെയിൽ 2016 ആഗസ്തിൽ നടന്ന ടെസ്റ്റിൽ ആസ്ട്രേലിയ പരാജയപ്പെടുകയും 2016 ജൂലായിൽ നടന്ന ടെസ്റ്റിൻെറ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 600 റൺസെടുക്കുകയും ചെയ്തിരുന്നു. ഈ രണ്ട് മത്സരങ്ങളും വാതുവെപ്പുകാരുടെ സൃഷ്ടിയാണെന്നാണ് റിപ്പോർട്ടിലുള്ളത്. ഗല്ലെ സ്റ്റേഡിയത്തിലെ ക്യൂറേറ്റർ തംരഗ ഇന്ദിക്ക ഇക്കാര്യം സമ്മതിക്കുന്നു. ബൗളർമാരെയും ബാറ്റ്സ്മാന്മാരെയും സഹായിക്കുന്ന തരത്തിൽ പിച്ച് എളുപ്പത്തിൽ തയ്യാറാക്കാമെന്ന് അദ്ദേഹം സമ്മതിക്കുന്നു. ഗാലെയിലെ ഗ്രൗണ്ട്സ്മാന് കൈക്കൂലി കൊടുത്ത് തങ്ങള്ക്ക് അനുകൂലമായ രീതിയില് പിച്ച് നിർമിച്ചുവെന്ന് മോറിസ് ചാനലിനോട് വ്യക്തമാക്കുന്നുണ്ട്. മത്സരത്തിൽ ഇന്ത്യ 304 റൺസിന് വിജയിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 26നായിരുന്നു വിവാദമായ ടെസ്റ്റ് അരങ്ങേറിയത്.
റാഞ്ചി ടെസ്റ്റിൽ രണ്ട് ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരും ചെന്നൈ ടെസ്റ്റിൽ മൂന്ന് ഇംഗ്ളീഷ് താരങ്ങളും വാതുവെപ്പിൽ പങ്കെടുത്തു. ഇംഗ്ലണ്ട് താരങ്ങൾ ഇക്കാര്യം നിഷേധിച്ചപ്പോൾ ആസ്ട്രേലിയൻ താരങ്ങൾ പ്രതികരിക്കാൻ പോലും തയ്യാറായില്ല. താൻ പറയുന്ന ഓരോ തിരക്കഥയും കളത്തിൽ സംഭവിക്കുമെന്ന് ദാവൂദ് ഇബ്രാഹിമിൻറെ ഡി കമ്പനി അംഗമായ അനീൽ മുനാവർ ഹാരിസണോട് പറയുന്നുണ്ട്. മുംബൈ, യു.എ.ഇ, ശ്രീലങ്ക എന്നിവിടങ്ങളിൽ വെച്ചാണ് ലേഖകൻ വാതുവെപ്പുസംഘവുമായി കൂടിക്കാഴ്ച നടത്തിയത്. ടീമിൽ കളിച്ച് നേടുന്ന പണത്തേക്കാൾ നാൽപതിരട്ടിയാണ് താരങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. 25 ലക്ഷത്തിനടുത്താണ് ഗ്രൗണ്ട്സ്മാന് നൽകുന്നത്. എട്ടുവർഷത്തെ അവരുടെ ശമ്പളത്തുകയാണിത്. ആരോപണത്തെ കുറിച്ച് െഎ.സി.സി അന്വേഷണത്തിനു ശേഷം പ്രതികരിക്കാമെന്ന് ബി.സി.സി.െഎയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.