ആഗ്രഹം തീവ്രമായി, പ്രകൃതി കനിഞ്ഞു; ഹരിശ്രീ എഴുതി സ്പോർട്സ് ഹബ്ബ്
text_fieldsതിരുവനന്തപുരം: ആഗ്രഹം തീവ്രമാകുമ്പോൾ, നിരന്തരമായി സ്വപ്നം കാണുമ്പോൾ അത് യാഥാർഥ്യമാകാൻ പ്രകൃതി തന്നെ അനുകൂല സാഹചര്യമൊരുക്കിതരും. ആൽക്കമിസ്റ്റിലൂടെ പൗലോ കൗയിലോ പറഞ്ഞത് യാഥാർഥ്യമായിരുന്നുവെന്ന് പതിനായിരങ്ങൾ തിരിച്ചറിഞ്ഞ ദിവസമായിരുന്നു ഇന്നലെ. തെളിഞ്ഞ ആകാശത്തിന് കീഴിൽ പ്രിയതാരങ്ങളുടെ ബാറ്റിങ് കാണാൻ ആഗ്രഹിച്ചവർ, 29 വർഷത്തെ ഇടവേളക്ക് ശേഷം സ്പോർട്സ് ഹബ്ബിൽ ക്രിക്കറ്റ് ആവേശം അണപ്പൊട്ടി ഒഴുകുന്നത് സ്വപ്നം കണ്ടവർ ഒരു മനസോടെ പ്രാർഥിച്ചപ്പോൾ പ്രകൃതി കനിഞ്ഞു. 8.30 ആയിരുന്നെങ്കിൽ ഒരുപന്ത് പോലും എറിയാതെ ഉപേക്ഷിക്കേണ്ടിവരുമായിരുന്ന ഘട്ടത്തിൽ 8.15ന് മഴ നിലച്ചതോടെ സ്പോർട്സ് ഹബ്ബ് ചരിത്രത്തിലേക്ക് മിഴിതുറന്നു. ഇന്ത്യയുടെ 50ാം ക്രിക്കറ്റ് വേദിയായി.
ചൊവ്വാഴ്ച്ച രാവിലെ മുതൽ പെയ്യാൻ വെമ്പിനിന്ന മഴമേഘങ്ങൾക്ക് കീഴെ പ്രാർഥനയോടെയായിരുന്നു അനന്തപുരി. മൂടിക്കെട്ടി നിന്ന അന്തരീക്ഷത്തിലും ടീമിന് ആവേശം പകരനായി ദേശീയപതാകയും ഇന്ത്യൻ ജേഴ്സിയും വാങ്ങാൻ കായികപ്രേമികൾ സ്റ്റേഡിയം പരിസരത്തേക്ക് ഒഴുകി. കോഹ്ലിയുടെയും ധോണിയുടെയും ജഴ്സികൾക്കായിരുന്നു ഡിമാൻറ്. ഉച്ചക്ക് ഒരു മണിയോടുകൂടി തന്നെ സ്റ്റേഡിയത്തിലേക്ക് ജനപ്രവാഹം തുടങ്ങിയിരുന്നു. ഒഴുകിയൊഴുകി അതൊരു മഹാപ്രവാഹമായതോടെ നാലുമണിക്ക് തുറക്കാൻ തിരുമാനിച്ചിരുന്ന കോട്ട വാതിലുകൾ മൂന്നിന് തന്നെ പൊലീസിന് തുറക്കേണ്ടിവന്നു.
എന്നാൽ 3.15 ഓടെ തുള്ളിക്കൊരുകുടംപോലെ മഴ എത്തിയതോടെ ഗാലറി ഒന്നാകെ നിരാശയിലായി. എങ്കിലും പ്രതീക്ഷയോടെ അവർ കാത്തിരുന്നു. മൊബൈൽ ഫോണല്ലാതെ മറ്റൊന്നും കടത്തിവിടില്ലെന്ന സുരക്ഷാ നിർദേശമുള്ളതിനാൽ ചിലർ വാഴയിലയുമായി ഗാലറിയിലെത്തിയത് കൗതുകമായി. പക്ഷേ മഴ കടുത്തതോടെ കുടയുള്ളവരെയും അകത്തേക്ക് കടത്തിവിടാൻ പൊലീസ് നിർബന്ധിതരായി. പെരുമഴ തലയിലേറ്റുവാങ്ങി ആവേശം ചോരാതെ ടീമുകളുടെ വരവിനായി ഗാലറി കാത്തിരുന്നു. 4.30ഓടെ ന്യൂസിലൻഡ് ടീം സ്റ്റേഡിയത്തിലെത്തി. അഞ്ചുമണിയോടെ ഇന്ത്യൻ ടീമുമെത്തിയതോടെ അതുവരെ അടക്കിവെച്ച ആവേശം ഒന്നാകെ പച്ചപ്പാടത്തേക്ക് അണപൊട്ടി ഒഴുകി.
അഞ്ചുമണിയോടെ മഴ കുറഞ്ഞത് കണ്ട് ഗ്രൗണ്ട് സ്റ്റാഫുകൾ കവറുകൾ മാറ്റാൻ തുടങ്ങിയതോടെ കുട്ടികളും സ്ത്രീകളുമടക്കമുള്ളവർ സ്റ്റേഡിയത്തിലെ പാട്ടിനൊപ്പം മതിമറന്ന് ആടി. മഴവെള്ളം നീക്കാനുള്ള ഗ്രൗണ്ട് സ്റ്റാഫിെൻറ പ്രവർത്തനം ആരാധകർ കൈയടി നൽകി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. സ്പോഞ്ച് ബെഡും സൂപ്പർ സോപ്പറുമായി 20 മിനിറ്റ് കൊണ്ട് കവറുകൾ നീക്കി തുടങ്ങിയതും വീണ്ടും മഴ ചാറി തുടങ്ങി. ഇതോടെ മാറ്റിയ ടാർപോളിനുകൾ വീണ്ടും ഗ്രൗണ്ടിലേക്ക് നീക്കി. അവസാനം ഡെഡ്ലൈനായ 8.30ന് 15 മിനിറ്റ് മുമ്പ് ആരോ പിടിച്ചുനിറുത്തിയപ്പോലെ മഴ അവസാനിക്കുകയായിരുന്നു. തുടർന്ന് മഴവെള്ളം അപ്പാടെ തുടച്ചുനീക്കി 9.30ഓടെ പച്ചപ്പാടത്ത് നീലപ്പട ബാറ്റിങ്ങിനിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.