അണ്ടർ-19 ലോകകപ്പ്: ഇന്ത്യ x ആസ്ട്രേലിയ ഫൈനൽ രാവിലെ 6.30 മുതൽ
text_fieldsക്രൈസ്റ്റ്ചർച്ച്: ശനിയാഴ്ച ഇന്ത്യയിൽ ആദ്യ സൂര്യകിരണം പതിയുേമ്പാഴേക്കും ന്യൂസിലൻഡിലെ മൗണ്ട് മൗൻഗനുയിൽ രാഹുൽ ദ്രാവിഡിെൻറ കുട്ടികൾ കളിതുടങ്ങിയിരിക്കും. ലക്ഷ്യം നാലാം തവണയും ഇന്ത്യക്ക് കൗമാര ക്രിക്കറ്റിെൻറ ലോക കിരീടമെന്ന ചരിത്രനേട്ടം. പൊടിമീശക്കാരൻ പൃഥ്വിഷായിലും വെടിക്കെട്ടുകാരൻ ശുഭ്മാൻ ഗില്ലിലും നൂറുകോടിയിലേറെ വരുന്ന ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷകളൊന്നും സമ്മർദങ്ങളാവുന്നില്ല. എല്ലാം ‘രാഹുൽ ദ്രാവിഡ് സ്കൂൾ ഒാഫ് ക്രിക്കറ്റിൽ’ പാകപ്പെട്ടുകഴിഞ്ഞു.
കലാശപ്പോരാട്ടത്തിൽ ക്രിക്കറ്റിെൻറ അമരക്കാരായ ആസ്ട്രേലിയയാണ് എതിരാളി. പാരമ്പര്യത്തിൽ ഇന്ത്യയെക്കാളും കേമന്മാർ. എന്നാൽ, കൗമാര ലോകകപ്പിൽ മൂന്ന് കിരീടവുമായി ഇരുവരും ഒപ്പത്തിനൊപ്പമാണ്. കൂടുതൽ തവണ ചാമ്പ്യന്മാർ എന്ന ആ റെക്കോഡ് ഒരാളിലേക്ക് മാത്രം എഴുതിച്ചേർക്കപ്പെടുന്ന സുദിനം കൂടിയാണ് ഇന്ന്. 2000 (മുഹമ്മദ് കൈഫ്), 2008 (വിരാട് കോഹ്ലി), 2012 (ഉന്മുക്ത് ചന്ദ്) എന്നിവരാണ് ഇന്ത്യക്ക് മുൻ ലോകകിരീടങ്ങൾ സമ്മാനിച്ചത്. ആസ്ട്രേലിയയാവെട്ട 1988, 2002, 2010 വർഷങ്ങളിലായിരുന്നു കിരീടമണിഞ്ഞത്.

നിലവിലെ ഫോമിൽ ഇന്ത്യ തന്നെയാണ് കിരീടത്തിന് അർഹർ. ടൂർണമെൻറിൽ ഒരു തോൽവിപോലും വഴങ്ങാതെയുള്ള യാത്ര. ജയങ്ങളെല്ലാം ആധികാരികവുമായി. സെമിയിൽ പാകിസ്താനെ 203 റൺസിന് തോൽപിച്ചത് ടീമിെൻറ മനോധൈര്യവും കൂട്ടി. എന്നാൽ, അമിത ആത്മവിശ്വാസമൊന്നും വേണ്ടെന്ന് കോച്ച് ദ്രാവിഡിെൻറ ഉപദേശത്തിൽ കരുതലോടെയാവും ഫൈനലിലെ പടപ്പുറപ്പാട്. ഗ്രൂപ് റൗണ്ടിൽ ആസ്ട്രേലിയയെ 100 റൺസിന് തോൽപിച്ചതും ഇന്ത്യക്ക് മുൻതൂക്കമാവും.
ടീം മികവാണ് രാഹുൽ ദ്രാവിഡിെൻറ കുട്ടികളുടെ മിടുക്ക്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ഒപ്പത്തിനൊപ്പം. ശുഭ്മാൻ ഗിൽ, പൃഥ്വിഷാ, മഞ്ജത് കൾറാ എന്നിവർ ബാറ്റിങ്ങിലും അഭിഷേക് ശർമ (13 വിക്കറ്റ്), അൻകുൽ റോയ് (18) എന്നിവർക്കു പുറമെ കമലേഷ് നാഗർകോട്ടിയും ശിവം മാവിയും പേസ് ബൗളിങ്ങുമായുണ്ട്.
മറുനിരയിൽ ക്യാപ്റ്റൻ ജാസൻ സാംഗയും (275 റൺസ്), ജാക് എഡ്വേർഡ്സുമാണ് (203) ബാറ്റിങ്ങിലെ പ്രതീക്ഷ. 14 വിക്കറ്റ് നേടിയ സ്പിന്നർ ലോയ്ഡ് പോപും വിൽസതർലൻഡും (8) ബൗളിങ്ങിലെ പ്രധാനികൾ.

ടീം ഇന്ത്യ: പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ, മഞ്ജത് കൾറ, ഹിമാൻഷു റാണ, അഭിഷേക് ശർമ, റിയാൻ പരാഗ്, ഹാർവിക് ദേശായ്, ശിവം മാവി, കമലേഷ് നഗർകോട്ടി, ഇഷൻ പൊറൽ, അൻകുൽ റോയ്, ശിവ സിങ്, ആര്യൻ ജുയൽ, അർഷദീപ് സിങ്, പങ്കജ് യാദവ്.
ടീം ആസ്ട്രേലിയ: ജാസൻ സാംഗ, വിൽ സതർലൻഡ്, സേവിയർ ബാർട്ലറ്റ്, മാക്സ് ബ്ര്യാൻറ്, ജാക് എഡ്വേർഡ്സ്, സാക് ഇവാൻസ്, ജാരദ് ഫ്രീമാൻ, റ്യാൻ ഹാഡ്ലി, ബാക്സ്റ്റർ ഹോൾട്ട്, നതാൻ മക്സ്വീനി, ജൊനാതൻ മെർലോ, ലോയ്ഡ് പോപ്, പരം ഉപ്പൽ, ആസ്റ്റിൻ വോ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.