മൻജോത് 101; ആസ്ട്രേലിയയെ തകർത്ത് ഇന്ത്യക്ക് കൗമാര ലോക കിരീടം
text_fieldsക്രൈസ്റ്റ്ചർച്ച്: കൗമാര ലോക കിരീടത്തിൽ നാലാം തവണയും ഇന്ത്യൻ കൗമാരം മുത്തമിട്ടു. കലാശപ്പോരിൽ ആസ്ട്രേലിയയെ എട്ട് വിക്കറ്റിന് തകർത്താണ് രാഹുൽ ദ്രാവിഡിൻറെ കുട്ടികൾ കപ്പ് സ്വന്തമാക്കിയത്. ആസ്ട്രേലിയ ഉയർത്തിയ 217 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 38.5 ഒാവറിൽ ലക്ഷ്യം പൂർത്തിയാക്കി.
കലാശപ്പോരിൻറെ സമ്മർദമില്ലാതെ ബാറ്റേന്തി സെഞ്ച്വറിപ്രകടനവുമായി തിളങ്ങിയ ഒാപണർ മൻജോത് കൽറായാണ്(101) ഇന്ത്യക്ക് ലോകകിരീടം സമ്മാനിച്ചത്. 160 പന്തിൽ നിന്ന് എട്ട് ഫോറും മൂന്ന് സിക്സും സഹിതമാണ് മൻജോത് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. ഹർവിക് ദേശായി (47) മികച്ച പിന്തുണയുമായി മൻജോതിനൊപ്പം നിന്നു.
ബൗളർമാരും ബാറ്റ്സ്മാൻമാരും ഒരു പോലെ തിളങ്ങിയപ്പോൾ ഫൈനൽ പോരാട്ടത്തിലെ സമ്മർദഘട്ടത്തിലൂടെ ആരാധകർക്ക് സഞ്ചരിക്കേണ്ടി വന്നില്ല. ചെറു സ്കോറിന് ആസ്ട്രേലിയയെ പുറത്താക്കി ഇന്ത്യൻ ബാറ്റ്സ്മാൻ ക്രീസിൽ ആധിപത്യമുറപ്പിക്കുകയായിരുന്നു. ടൂർണമെൻറിൽ ഒരു തോൽവി പോലും വഴങ്ങാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ജയങ്ങളെല്ലാം ആധികാരികവുമായി. സെമിയിൽ പാകിസ്താനെ 203 റൺസിന് തോൽപിച്ചാണ് ഫൈനലിലെത്തിയത്.
കൽറയാണ് മത്സരത്തിലെ താരം. ശുഭ്മാൻ ഗില്ലിനെ ടൂർണമെൻറിലെ താരമായും തെരഞ്ഞെടുത്തു.
ക്യാപ്റ്റൻ പൃഥി ഷാ (29), സ്റ്റാർ ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ (31) എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ടീം സ്കോർ 71 റൺസിലെത്തി നിൽക്കെയാണ് ക്യാപ്റ്റനെ വിൽ സതർലണ്ട് പുറത്താക്കിയത്. ഉപ്പൽ ആണ് ശുഭ്മാൻെറ വിക്കറ്റെടുത്തത്. നേരത്തേ ഇന്ത്യ നാല് ഒാവറിൽ 23 റൺസെടുത്തു നിൽക്കവേ കളി തടസ്സപ്പെടുത്തി മഴയെത്തിയിരുന്നു.
കൗമാര ലോകകപ്പിൽ മൂന്ന് കിരീടവുമായി ആസ്ട്രേലിയയും ഇന്ത്യയും ഒപ്പത്തിനൊപ്പമായിരുന്നു ഇതുവരെ. കൂടുതൽ തവണ ചാമ്പ്യന്മാർ എന്ന ആ റെക്കോഡ് ഒരാളിലേക്ക് മാത്രം എഴുതിച്ചേർക്കപ്പെടുന്ന സുദിനം കൂടിയായി ഇന്ന്. 2000 (മുഹമ്മദ് കൈഫ്), 2008 (വിരാട് കോഹ്ലി), 2012 (ഉന്മുക്ത് ചന്ദ്) എന്നിവരാണ് ഇന്ത്യക്ക് മുൻ ലോകകിരീടങ്ങൾ സമ്മാനിച്ചത്. ആസ്ട്രേലിയയാവെട്ട 1988, 2002, 2010 വർഷങ്ങളിലായിരുന്നു കിരീടമണിഞ്ഞത്.
നാലം കിരിടം ലക്ഷ്യമിട്ടാണ് ന്യൂസിലൻഡിലെ മൗണ്ട് മൗൻഗനുയിൽ രാഹുൽ ദ്രാവിഡിെൻറ കുട്ടികളും ആസ്ട്രേലിയയും കളത്തിലിറങ്ങിയത്. ടോസ് നേടിയ ഓസീസ് നായകൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസിൻെറ ഭാഗ്യം ക്രീസിൽ ഒാസീസിനെ പിന്തുണച്ചില്ല. ആസ്ട്രേലിയയെ ഇന്ത്യ 216 റൺസിന് പുറത്താക്കുകയായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ആസ്ട്രേലിയ 47.2 ഒാവറിൽ എല്ലാവരും പുറത്തായി. 76 റൺസെടുത്ത ജൊനാഥൻ മെർലോ ആണ് നിർണായക ഘട്ടത്തിൽ ആസ്ടേലിയക്ക് രക്ഷകനായത്.
ജാക്ക് എഡ്വാർഡ്സ്(28), മാക്സ് ബ്രയാൻഡ്(14) എന്നിവരാണ് ആസ്ട്രേലിയക്കായി ഒാപണിങ്ങ് ഇറങ്ങിയത്. ശിവം മാവിയാണ് ഇന്ത്യക്കായി ബൗളിങ് തുടങ്ങിയത്.
ആദ്യ ഒാവറിൽ ശിവം മാവിയുടെ പന്തിൽ ഒരു റൺ മാത്രമാണ് ആസ്ട്രേലിയക്ക് നേടാനായത്. ഇതിനിടെ പതുക്കെ സ്കോറുയർത്താൻ തുടങ്ങിയ ബ്രയാൻഡിനെ ഇഷാൻ പോറൽ പുറത്താക്കി. പതുക്കെ പതുക്കെ എഡ്വാർഡ്സ് ആണ് ആസ്ട്രേലിയയെ കരകയറ്റിയത്. ഇതിനിടെ ഇഷാൻ പോറൽ ആസ്ട്രേലിയക്ക് വീണ്ടും ആഘാതമേൽപിച്ചു.
28 റൺസെടുത്തു നിൽക്കെ എഡ്വാർഡ്സിനെ പോറൽ പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ ജാസൺ സംഗയെ(13) കമലേഷ് നാഗർകോട്ടി പുറത്താക്കിയപ്പോൾ ആസ്ട്രേലിയൻ സ്കോർ 59/3. പിന്നീട് പരം ഉപ്പലും (34) ജൊനാഥൻ മെർലോയും (76) ചേർന്ന് പതിയെ ആസ്ട്രേലിയയുടെ രക്ഷകരായി. ഇരുവരും ചേർന്നാണ് ടീമിനെ 100 കടത്തിയത്. ഉപ്പലിനെ വീഴ്ത്തി അൻകുൾ റോയ് ആണ് ഈ സഖ്യം പൊളിച്ചത്.
ജൊനാഥൻ മെർലോ ഒരു ഭാഗത്ത് ടീം സ്കോറുയർത്തി കൊണ്ടിരിക്കവേ മറുഭാഗത്ത് വിക്കറ്റുകൾ നഷ്ടമായിരുന്നു. നാതൻ സ്വീനിയെ(23), വിൽ സതർലൻഡ്(5) എന്നിവരെ ശിവ സിങ് പുറത്താക്കി. അവസാന ഒാവറുകളിൽ നാഗർകോട്ടി മികച്ച ബൗളിങ് ആണ് പുറത്തെടുത്തത്. രണ്ട് വിക്കറ്റും നാഗർകോട്ടി കീശയിലാക്കി. ഇതിനിടെ 45.3 ഒാവറിൽ അൻകുൽ റോയ് ജൊനാഥൻ മെർലെയെ പുറത്താക്കി ആസ്ട്രേലിയൻ മുന്നേറ്റത്തിൻറെ മുനയൊടിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.