ഏഷ്യ ജയിച്ച് കൗമാരം
text_fieldsധാക്ക: ഏഷ്യ കപ്പ് ക്രിക്കറ്റിൽ സീനിയേഴ്സിനു പിന്നാലെ ജൂനിയേഴ്സും വൻകരയുടെ ചാമ്പ്യന്മാർ. അണ്ടർ 19 ചാമ്പ്യൻഷിപ് ഫൈനലിൽ ശ്രീലങ്കയെ 144 റൺസിന് കീഴടക്കിയാണ് ഇന്ത്യൻ കൗമാരം കിരീടമണിഞ്ഞത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ വെടിക്കെട്ട് സ്കോറിങ്ങുമായി മൂന്നു വിക്കറ്റ് നഷ്ടത്തിൽ 304 റൺസെടുത്തപ്പോൾ ശ്രീലങ്കൻ പോരാട്ടം 38.4 ഒാവറിൽ 160ൽ അവസാനിച്ചു.
2017ൽ പ്രാഥമിക റൗണ്ടിൽതന്നെ പുറത്തായ ഇന്ത്യക്ക് കിരീടവീണ്ടെടുപ്പുകൂടിയാണിത്. 1989ൽ ആരംഭിച്ച കൗമാര ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആറാം കിരീടനേട്ടം. കഴിഞ്ഞ വർഷം അഫ്ഗാൻ ജേതാക്കളായപ്പോൾ 2012ൽ ഇന്ത്യയും പാകിസ്താനും സംയുക്ത ജേതാക്കളായി മാറി. ബാക്കി എല്ലാ ടൂർണമെൻറുകളിലും (1989, 2003, 2013, 2016) ഇന്ത്യ ജേതാക്കളായി. ധാക്കയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ അപരാജിത കുതിപ്പിനൊടുവിലാണ് ഇന്ത്യൻ കൗമാരത്തിെൻറ കിരീടനേട്ടം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒാപണർമാരായ യശസ്വി ജെയ്സ്വാളും (85) അനുജ് റാവത്തും (57) നൽകിയ തുടക്കം മുതലെടുത്ത് പിന്നെ തിരിഞ്ഞുനോക്കിയില്ല.
121ലെത്തിയപ്പോഴാണ് ആദ്യ വിക്കറ്റു വീണത്. പിന്നീട് ക്രീസിലെത്തിയത് മലയാളിതാരം ദേവ്ദത്ത് പടിക്കൽ. മുൻ മത്സരങ്ങളിൽ സെഞ്ച്വറി നേടിയ ദേവ്ദത്തിെൻറ ബാറ്റിങ്ങിന് മ ൂർച്ച കുറവായിരുന്നു. 43 പന്തിൽ 31 റൺസെടുത്ത താരം മടങ്ങി. നാലാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച പ്രഭ്സിമ്രാൻ സിങ്ങും (37 പന്തിൽ 65) ആയുശ് ബഡോണിയും (28 പന്തിൽ 52) ചേർന്നാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. അവസാന ഒമ്പത് ഒാവറിൽ 110 റൺസാണ് പ്രഭ്സിമ്രാനും ബഡോണിയും ചേർന്ന് അടിച്ചുകൂട്ടിയത്.
കൂറ്റൻ ലക്ഷ്യത്തിലേക്ക് ലങ്ക മറുപടി ബാറ്റിങ് ആരംഭിച്ചപ്പോൾ സ്പിന്നർ ഹർഷ് ത്യാഗി രംഗം ഏറ്റെടുത്തു. ആറു വിക്കറ്റ് വീഴ്ത്തിയ ത്യാഗിക്കു മുന്നിൽ ലങ്കക്കാർ തരിപ്പണമായി. നവോദ് പ്രണവിതാനയും (48) പസിന്ദു സൂര്യബണ്ഡരയും (31) നിഷാൻ മധുഷ്കയും (49) ചേർന്നു ചെറുത്തുനിന്നെങ്കിലും ഇന്ത്യൻ ടോട്ടൽ മറികടക്കാനുള്ള കരുത്തൊന്നുമില്ലായിരുന്നു. 12 ഒാവർ ബാക്കിനിൽക്കെ അവർ കൂടാരം കയറി. ഇന്ത്യക്ക് കിരീടനേട്ടവും. ടൂർണമെൻറിൽ 318 റൺസെടുത്ത ഇന്ത്യൻ ഒാപണർ യശസ്വി ജെയ്സ്വാളാണ് മാൻ ഒാഫ് ദ ചാമ്പ്യൻഷിപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.