നാലാം ഏകദിനത്തിൽ ഇന്ത്യക്ക് ദയനീയ തോൽവി
text_fieldsആൻറിഗ്വ: ഏതു ടീമും ഭയക്കുന്ന അതിശക്തമായ ബാറ്റിങ് ലൈനപ് സ്വന്തമായിട്ടും ദുർബലരായ വിൻഡീസ് ഉയർത്തിയ 190 റൺസ് മറികടക്കാനാവാതെ വീണ നാലാം ഏകദിനത്തിൽ പഴി ഇന്ത്യൻ ബാറ്റ്സ്മാന്മാർക്കു മാത്രം. അനായാസം ജയിക്കാമായിരുന്ന മത്സരമാണ് അലക്ഷ്യമായി കളിച്ച് ഇന്ത്യ കളഞ്ഞുകുളിച്ചത്. 11 റൺസിന് നാലാം ഏകദിനം തോറ്റതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ അവസാന കളി നിർണായകമായി. 2-1ന് മുന്നിലാണ് നിലവിൽ ഇന്ത്യ.
ബാറ്റിങ് ദുഷ്കരമായ ആൻറിഗ്വയിലെ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ ഉമേഷ് യാദവും രവീന്ദ്ര ജദേജയും നയിച്ച ഇന്ത്യൻ ബൗളിങ് ആദ്യമേ വരിഞ്ഞുമുറുക്കിയതോടെ വിൻഡീസ് 189 റൺസിന് കീഴടങ്ങി. ആത്മവിശ്വാസവുമായാണ് ഇന്ത്യ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയത്. എന്നാൽ, ഒാപണറായ അജിൻക്യ രഹാനെയും അഞ്ചാമനായ ധോണിയും കഴിച്ചാൽ ഒരാൾപോലും മാന്യമായ സ്കോർ കണ്ടെത്തിയില്ല. 54ലെത്താൻ ധോണി 114 പന്തുകൾ നേരിട്ടപ്പോൾ 91 പന്തുകൾ കളിച്ചാണ് രഹാനെ 60 റൺസ് നേടിയത്.
50 റൺസ് തികക്കുന്നതിനു മുമ്പ് ശിഖർ ധവാനെയും കോഹ്ലിയെയും കാർത്തികിനെയും നഷ്ടമായി. ക്യാപ്റ്റെൻറ കളി പുറത്തെടുത്ത ജാസൺ ഹോൾഡറും മികച്ച പിന്തുണ നൽകിയ കെസ്ട്രിക് വില്യംസും എറിഞ്ഞ ഒാരോ പന്തും ബാറ്റ്സ്മാന്മാരെ പരീക്ഷിച്ചപ്പോൾ സ്കോർ ബോർഡ് അക്ഷരാർഥത്തിൽ ഇഴഞ്ഞു. അവസാന അഞ്ച് ഒാവറിൽ 30 റൺസ് മതിയായിരുന്നിട്ടും ബാറ്റുപിടിച്ച് കാഴ്ചക്കാരനായി നിൽക്കാനേ ധോണിക്കും വാലറ്റത്തിനും ആയുള്ളൂ. 27 റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ ഹോൾഡറാണ് കളിയിലെ കേമൻ.
ബാറ്റ്സ്മാന്മാരാണ് കളി തോൽപിച്ചതെന്ന് ഇന്ത്യയുടെ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാർ കുറ്റപ്പെടുത്തി. പിച്ച് പതുക്കെയാണെന്ന് നേരത്തെ അറിയാമായിരുന്നിട്ടും തിരിച്ചറിഞ്ഞ് ബാറ്റു ചെയ്തില്ല. നേടാവുന്ന സ്കോറായിട്ടും ബാറ്റ്സ്മാന്മാർ പരാജയപ്പെടുത്തിയെന്നും ബംഗാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.