കോഹ്ലിയുടെ ഹാട്രിക് സെഞ്ച്വറി പാഴായി; ഇന്ത്യക്ക് തോൽവി
text_fieldsപൂണെ: മൂന്നാം ഏകദിനത്തൽ 284 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 43 റൺസിൻറെ തോൽവി. നായകൻ വിരാട് കോഹ്ലിയുടെ സെഞ്ച്വറി മികവിൽ ഇന്ത്യ ജയിക്കുമെന്ന് കരുതിയെങ്കിലും പിന്തുണക്കാൻ ആരുമെത്തിയില്ല. സ്കോർ: വെസ്റ്റ് ഇൻഡീസ്:283/9, ഇന്ത്യ: 240/10. വിൻഡീസിൻറെ ജയത്തോടെ പരമ്പര 1-1ന് സമനിലയിലായി.ഇനിയുള്ള ബാക്കി രണ്ട് മത്സരങ്ങളും ഇതോടെ നിർണായകമായി.
തൻറെ 38 ാം സെഞ്ചുറി നേട്ടമാണ് കോഹ്ലി പുണെയിൽ കുറിച്ചത്. ഏകദിന ക്രിക്കറ്റിൽ തുടർച്ചയായി മൂന്ന് തവണ സെഞ്ച്വറി നേടിയ താരമെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി. രോഹിത് ശർമ്മ (8), ധവാൻ(35), അമ്പാട്ടി റായിഡു(22), റിഷഭ് പന്ത്(24), എം.എസ് ധോണി(7) എന്നിവർക്ക് കോഹ്ലിക്ക് കാര്യമായ പിന്തുണ നൽകാനായില്ല.
നേരത്തേ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് സന്ദർശകർ തരക്കേടില്ലാത്ത സ്കോറുയർത്തിയത്. കഴിഞ്ഞ മൽസരത്തിലെ സെഞ്ചുറി വീരൻ ഷായ് ഹോപ് (95) ഇന്ത്യൻ ബൗളിങ് നിരക്കെതിരെ പിടിച്ചു നിന്നു. സെഞ്ച്വറിക്ക് അഞ്ച് റൺസകലെ ബുമ്ര ഹോപിനെ മടക്കി. അവസാന ഒാവറുകളിൽ മികച്ച പ്രകടനവുമായി ആഷ്ലി നഴ്സ് (40) വിൻഡീസ് സ്കോർ ഉയർത്തി.
ചന്ദർപോൾ ഹേംരാജ് (15), കീറൺ പവൽ (21), മർലോൺ സാമുവൽസ് (9), ഷിമ്രോൺ ഹെറ്റ്മയർ (37), റൂവൻ പവൽ (4), ജേസൺ ഹോൾഡർ (32), ഫാബിയൻ അലൻ (5) എന്നിവരാണ് പുറത്തായത്. ജസ്പ്രീത് ബുമ്ര മൂന്നും കുൽദീപ് യാദവ് രണ്ടും ഖലീൽ അഹമ്മദ്, ഭുവനേശ്വർ കുമാർ, യുസ്‍വേന്ദ്ര ചാഹൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ട്വൻറി20 ടീമിൽ നിന്നും പുറത്തായ മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി വിക്കറ്റിനു പിന്നിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തു. രണ്ടു ക്യാച്ചുകളും ഒരു സ്റ്റംപിങ്ങുമായാണ് മഹി തിളങ്ങിയത്.
തുടർച്ചയായ മൂന്നാം മൽസരത്തിലും ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരെയാണ് മാറ്റി നിർത്തി. ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കമുാർ, ഖലീൽ അഹമ്മദ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. വിൻഡീസ് നിരയിൽ ദേവേന്ദ്ര ബിഷുവിന് പകരം ഫാബിയൻ അലൻ അരങ്ങേറ്റം കുറിച്ചു.
ആദ്യ മത്സരത്തിൽ എട്ടുവിക്കറ്റിെൻറ അനായാസ ജയം നേടിയ ഇന്ത്യക്കെതിരെ രണ്ടാം മത്സരത്തിൽ വിൻഡീസ് സമനില പിടിച്ചിരുന്നു. പരമ്പരയിൽ മുന്നിലെത്താൻ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക് മികച്ച പ്രകടനം കാഴ്ച്ചവെച്ചേ തീരൂ. രണ്ടു മത്സരങ്ങളിലും സെഞ്ച്വറിയുമായി 10,000 റൺസ് തികച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ. വിളിപ്പാടകലെയുള്ള ലോകകപ്പിന് ടീമിനെ ഒരുക്കാനുള്ള തയാറെടുപ്പായാണ് വിൻഡീസിെനതിരായ പരമ്പര ഇന്ത്യ കാണുന്നത്. 16 മത്സരങ്ങൾ മാത്രം മുന്നിലിരിക്കെ, മധ്യനിര സുഭദ്രമാണം. എന്നാൽ, ആദ്യ മത്സരത്തിൽ മധ്യനിരക്ക് ബാറ്റിങ് ലഭിച്ചില്ലെങ്കിലും രണ്ടാം മത്സരത്തിലെ അവസരം മുതലാക്കാൻ ആർക്കും കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.