ധോണിയുടെ നാട്ടിൽ മികവു തെളിയിച്ച് സാഹ നിലയുറപ്പിക്കുന്നു
text_fieldsടീം ഇന്ത്യയാകെ പടർന്നു പന്തലിച്ച മഹേന്ദ്രസിങ് ധോണിയെന്ന അതികായനുള്ളപ്പോൾ വൃദ്ധിമാൻ സാഹയെന്ന വിക്കറ്റ് കീപ്പറുടെ ഭാവി സ്വാഹയെന്ന് വിധിയെഴുതിയവരുണ്ടായിരുന്നു. കീപ്പിങ്ങിലെ മിന്നൽ വേഗവും ബാറ്റിങ്ങിലെ ഫിനിഷിങ് മികവും നായകെൻറ കൗശലങ്ങളുമായി പതിറ്റാണ്ട് കാലം എം.എസ്. ധോണി ഇന്ത്യൻ ടീമിെൻറ നെടുനായകനായതോടെ സാഹയുടെ ദേശീയ മോഹം വെറും സ്വപ്നം മാത്രമായൊതുങ്ങിയതാണ്. പക്ഷേ, ടെസ്റ്റിൽനിന്ന് ധോണി വിരമിക്കൽ പ്രഖ്യാപിച്ചതോടെ ബംഗാളുകാരെൻറ മോഹങ്ങൾ വീണ്ടും പച്ചയണിഞ്ഞു. ആ പച്ചപ്പ് പൂത്തുലയുകയായിരുന്നു റാഞ്ചിയിലെ എം.എസ്. ധോണിയുടെ മണ്ണിൽ.
ഇന്ത്യ^ആസ്ട്രേലിയ താരങ്ങളുടെ വാക്പോരിനും ചേതേശ്വർ പുജാരയുടെ ചേതോഹര ഇന്നിങ്സിനുമിടയിൽ അവഗണിക്കാനാവാത്ത ശോഭയുണ്ടായിരുന്നു വൃദ്ധിമാൻ സാഹയുടെ ബാറ്റിങ്ങിന്.
ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിച്ച് ഏഴു വർഷം കഴിഞ്ഞെങ്കിലും ടീം ഇന്ത്യയുടെ വിക്കറ്റിന് മുന്നിലെയും പിന്നിലെയും ചങ്കുറപ്പുള്ള കരമായി സാഹ വേരുറപ്പിക്കുന്നത് ഇപ്പോഴാണ്. ധോണി നിറഞ്ഞാടുേമ്പാൾ ആഭ്യന്തര ക്രിക്കറ്റിൽ റൺവേട്ടയും കീപ്പിങ് മിടുക്കുമായി സാഹയുണ്ടായിരുന്നു. ദേശീയ ടീമിൽ അവസരം ലഭിച്ചപ്പോഴൊക്കെ മികവുതെളിയിച്ചെങ്കിലും കനപ്പെട്ട ഇന്നിങ്സിനായി ആ ബാറ്റ് കാത്തിരുന്നു. 24 ടെസ്റ്റ് കളിച്ച താരത്തിെൻറ കരിയറിലെ മൂന്നാം ശതകമായിരുന്നു റാഞ്ചിയിൽ പിറന്നത്. അതാവെട്ട, പുജാരയുടെ ഇരട്ട സെഞ്ച്വറിയുടെ അതേ തൂക്കമുള്ള ഇന്നിങ്സ്. 233 പന്തിൽ സാഹ നേടിയ 117 റൺസ് ഇന്ത്യക്ക് ലീഡ് നേടുന്നതിലും നിർണായകമായി.
2014 ഡിസംബറിലെ ആസ്ട്രേലിയ പര്യടനത്തിെൻറ പാതിവഴിയിൽ ധോണി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ സാഹയല്ലാതെ മറ്റൊരു പകരക്കാരനില്ലായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികവ് അതിനുള്ള ന്യായീകരണവുമായി. പക്ഷേ, വാലറ്റത്ത് പാഡണിഞ്ഞെത്തുേമ്പാൾ കാര്യമായൊന്നും സംഭാവന ചെയ്യാൻ കഴിഞ്ഞില്ല. ഇതിനു പുറമെയായിരുന്നു പാർഥിവ് പേട്ടലും ദിനേശ് കാർത്തികും ഉയർത്തിയ വെല്ലുവിളികൾ. ധോണിയിറങ്ങിയ ഒഴിവിൽ ഇവർ മൂവരും മാറിമാറിയെത്തി. പക്ഷേ, 2016 ആഗസ്റ്റിൽ വിൻഡീസ് പര്യടനത്തിൽ ഇന്ത്യൻ ജയത്തിലെ നെട്ടല്ലായി മാറിയ സെഞ്ച്വറിയോടെ (104) സാഹ തൂവെള്ളക്കുപ്പായത്തിൽ ഇടമുറപ്പിക്കുകയായിരുന്നു.
പിന്നാലെ ന്യൂസിലൻഡിനെതിരെ ഇൗഡൻഗാർഡൻസിൽ രണ്ട് ഇന്നിങ്സിലും പുറത്താവാതെ നേടിയ അർധസെഞ്ച്വറികൾ (54, 58) സംശയം അവശേഷിച്ചവർക്കുള്ള മറുപടിയായി. ഇത് മതിയായിരുന്നു ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറാവാൻ. എന്നാൽ, ആദ്യ രണ്ടു ടെസ്റ്റിലും നിരാശപ്പെടുത്തിയപ്പോൾ പാർഥിവ് പേട്ടൽ സാഹയുടെ സ്ഥാനം റാഞ്ചി. കഴിഞ്ഞ ഫെബ്രുവരിയിൽ ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിൽ രണ്ടാം സെഞ്ച്വറി (106 നോട്ടൗട്ട്) കുറിച്ചായിരുന്നു തെൻറ ഇടം വീണ്ടുമുറപ്പിച്ചത്. ബാറ്റുകൊണ്ട് മാത്രമല്ല, വിക്കറ്റിനു പിന്നിലെ അസാമാന്യ മികവുമായും സാഹ സെലക്ടർമാരുടെ കണ്ണുതുറപ്പിച്ചു.
ഒാസീസിനെതിരായ ടീമിൽ ഇടമുറപ്പിക്കാൻ ഇത് ധാരാളമായിരുന്നു. ടീം മാനേജ്മെൻറിെൻറയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും പിന്തുണയെത്തിയതോടെ സാഹയുടെ തിരിച്ചുവരവിന് കാത്തിരിക്കേണ്ടിവന്നില്ല. ആദ്യ രണ്ട് ടെസ്റ്റിലും ബാറ്റിങ്ങിൽ തിളങ്ങാനായില്ലെങ്കിലും വിക്കറ്റിനു പിന്നിൽ സാഹയുടെ അതിമാനുഷികത കണ്ടവർ ധോണിയെക്കാൾ കേമനെന്ന് പലതവണ പറഞ്ഞു. പുണെയിൽ സ്റ്റീവൻ ഒകീഫെയെ പുറത്താക്കിയ ഫ്ലയിങ് ക്യാച്ച് സമീപകാല ക്രിക്കറ്റിലെ തന്നെ വിസ്മയമായിരുന്നു. ബാറ്റിൽനിന്ന് റൺസ് പിറന്നില്ലെങ്കിലും അതുമാത്രം മതിയായിരുന്നു സഹതാരങ്ങളുടെയും ആരാധകരുടെയും മനസ്സുനിറക്കാൻ. പക്ഷേ, അതുകൊണ്ടൊന്നും അദ്ദേഹം അടങ്ങിയില്ല. നിർണായക ഘട്ടത്തിൽ ടീം പ്രകടനമാവശ്യപ്പെട്ടപ്പോൾ പുജാരക്കൊപ്പം ഏഴാം വിക്കറ്റിലെ റെക്കോഡ് കൂട്ടുകെട്ട് (199) പടുത്തുയർത്തി കൈയടി നേടി. ഇക്കഴിഞ്ഞ ഇറാനി ട്രോഫിയിൽ ഇതേ പുജാരക്കൊപ്പം കൂട്ടുണ്ടാക്കി നേടിയ കന്നി ഇരട്ട സെഞ്ച്വറിയുടെ (203) ആവർത്തനമായിരുന്നു റാഞ്ചിയിൽ. വിക്കറ്റ് കീപ്പിങ്ങിലെ വടവൃക്ഷത്തിന് മണ്ണും വളവുമായ അതേ മണ്ണിൽ നിന്നുതന്നെ വൃദ്ധിമാൻ സാഹയും യാത്രതുടങ്ങുന്നുവെന്ന പ്രത്യേകതകൂടിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.