ഇംഗ്ളണ്ടുകാരെക്കണ്ട യുവി
text_fields‘ചുവപ്പുകണ്ട കാള’ എന്നപോലൊരു ഉപമയാണ് ‘ഇംഗ്ളീഷ് ബൗളര്‍മാരെ കണ്ട യുവി’ എന്നത്. മുക്രയിട്ട് സകലതും കുത്തിമറിക്കുന്ന സംഹാരാത്മകത. സംശയമുണ്ടെങ്കില്‍ 2007 സെപ്റ്റംബര്‍ 19ലെ ഡര്‍ബന്‍ രാത്രിയെക്കുറിച്ച് ഇംഗ്ളീഷ് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനോട് ചോദിച്ചുനോക്കിയാല്‍ മതി. ഏത് പൂണ്ട ഉറക്കത്തിലും ആ രാത്രി ഓര്‍ത്ത് സ്റ്റുവര്‍ട്ട് ബ്രോഡ് ഞെട്ടിയുണരുന്നുണ്ടാവും.
ആദ്യ ട്വന്‍റി20 ലോകകപ്പിലെ സൂപ്പര്‍ എട്ടിലെ ആ മത്സരത്തില്‍ യുവരാജ് സിങ്ങിന്‍െറ നിര്‍ദയമായ ആക്രമണത്തിന് ഇരയായിത്തീര്‍ന്നത് ബ്രോഡ് ആയിരുന്നു. 18ാമത്തെ ഓവറില്‍ തന്നെ തുടര്‍ച്ചയായി രണ്ടു ബൗണ്ടറി പായിച്ചതിന് ആന്‍ഡ്രൂ ഫ്ളിന്‍േറാഫ് യുവരാജിനോട് ചൂടായതായിരുന്നു എല്ലാറ്റിന്‍െറയും തുടക്കം. അമ്പയര്‍ സൈമണ്‍ ടോഫലും ക്യാപ്റ്റന്‍ ധോണിയും കൂടി ഇരുവരെയും പിന്തിരിപ്പിച്ചില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ മൈതാനത്ത് കൈയാങ്കളി നടന്നേനെ.
19ാമത്തെ ഓവര്‍ എറിയാന്‍ സ്റ്റുവര്‍ട്ട് ബ്രോഡ് പന്തെടുക്കുമ്പോള്‍ യുവരാജിന്‍െറ സ്കോര്‍ ആറു പന്തില്‍ 14 റണ്‍സ്. ആ ഓവര്‍ അവസാനിക്കുമ്പോള്‍ യുവരാജ് ട്വന്‍റി20യിലെ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി തികക്കുന്ന ബാറ്റ്സ്മാന്‍ എന്ന റെക്കോഡ് സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. അതിനിടയിലെ ആറു പന്തും മൈതാനംവിട്ട് പറന്നിറങ്ങിയത് ഡര്‍ബനിലെ ആള്‍പ്പെരുക്കത്തിനു നടുവിലേക്കായിരുന്നില്ല. ചരിത്ര പുസ്തകത്തിലേക്കായിരുന്നു. സ്റ്റുവര്‍ട്ട് ബ്രോഡിന്‍െറ ആ ഓവറിലെ ആറു പന്തും സിക്സറിലേക്കു പറപറന്നു.
ആറിലാറാടിയ യുവരാജ്, കണ്ടോടാ എന്നമട്ടില്‍ നേരേ നോക്കിയത് ഫ്ളിന്‍േറാഫിനെയായിരുന്നു. അടുത്ത ഓവറില്‍ ഫ്ളിന്‍േറാഫിനും കൊടുത്തു സിക്സറിന്‍െറ ചുറ്റിക പ്രഹരത്തിലൊന്ന്. ക്രീസില്‍ നിന്ന വെറും 14 മിനിറ്റില്‍ നേരിട്ട 16 പന്തില്‍ കുറിച്ചത് 58 റണ്‍സ്. ആദ്യ ട്വന്‍റി20 കിരീടം ഇന്ത്യയിലത്തെിച്ച ധോണിപ്പടയില്‍ തലയെടുപ്പോടെ യുവി നിന്നു.
2011ല്‍ ഇന്ത്യയെ ലോകകപ്പില്‍ മുത്തമിടീച്ചതില്‍ യുവരാജിന്‍െറ ഓള്‍റൗണ്ട് പ്രകടനമായിരുന്നു മുന്നിട്ടുനിന്നത്. മാന്‍ ഓഫ് ദ ടൂര്‍ണമെന്‍റുമായത് യുവരാജ് തന്നെ. പക്ഷേ, പിന്നീട് നിറംമങ്ങിപ്പോയ യുവിയെയാണ് കളത്തില്‍ കണ്ടത്. അതിനിടയില്‍ ശ്വാസകോശത്തെ ആക്രമിച്ച കാന്‍സര്‍ കൂടിയായപ്പോള്‍ കരിയര്‍ അവസാനിച്ചു എന്നുപോലും കായിക ലോകം വിധിയെഴുതി.
പക്ഷേ, ബ്രോഡിന്‍െറ പന്ത് അതിര്‍ത്തി കടത്തിയ അതേ വീര്യത്തോടെ കാന്‍സറിനെ തുരത്തി കളിക്കളത്തില്‍ മടങ്ങിയത്തെിയെങ്കിലും യുവിയില്‍നിന്ന് ആരാധകര്‍ പ്രതീക്ഷിച്ച ഒരിന്നിങ്സ് പിറന്നില്ല. ടീമിലെ സ്ഥാനംപോലും അനിശ്ചിതത്വത്തിലായി മാസങ്ങളോളം കളത്തിനു പുറത്തിരുന്നശേഷം ടീമിലേക്ക് മടങ്ങിവന്നത് ഇപ്പോള്‍ ആഘോഷമാക്കിയിരിക്കുകയാണ് യുവരാജ്. ജീവിതത്തിനും പുതിയ ഇന്നിങ്സിന് തുടക്കമിട്ട് ഹേസല്‍ കീച്ചിനെ ജീവിത പങ്കാളിയാക്കിയശേഷം മൈതാനത്തും ഉജ്ജ്വലമായ തിരിച്ചുവരവ്.
ഇംഗ്ളണ്ടിനെതിരെ മുംബൈയിലെ ബ്രാബോണില്‍ സന്നാഹ മത്സരത്തില്‍ തന്നെ ധോണിക്കൊപ്പം അര്‍ധ സെഞ്ച്വറി നേടി തന്‍െറ മടങ്ങിവരവ് അറിയിച്ച യുവി പുണെയിലെ ഒന്നാം ഏകദിനത്തില്‍ 15 റണ്‍സിനു പുറത്തായിരുന്നു. പക്ഷേ, കട്ടക്കില്‍ യുവി ആളിക്കത്തി. തന്‍െറ ആവനാഴിയില്‍ ഇനിയും ആയുധങ്ങള്‍ മൂര്‍ച്ചയോടെയുണ്ടെന്ന് ഏകദിന കരിയറിലെ തന്‍െറ ഏറ്റവും മികച്ച ഇന്നിങ്സിലൂടെ യുവി തെളിയിച്ചു. ഒപ്പം ഇന്ത്യക്ക് പരമ്പര നേട്ടവും.
യുവിയുടെ സെഞ്ച്വറിയെ ട്വിറ്ററിലൂടെ വരവേറ്റ് പഴയ കൂട്ടുകാരന്‍ വീരേന്ദ്ര സെവാഗ് കുറിച്ചത് ഇങ്ങനെ: ‘‘ഈ മനുഷ്യന്‍ കാന്‍സറിനെ തോല്‍പിച്ചു. ഇപ്പോള്‍ ഇയാള്‍ ഒറ്റക്ക് ഇംഗ്ളണ്ടിനെയും തോല്‍പിച്ചു’’. ഒപ്പം കീമോ തെറപ്പി കാലത്തെ യുവിയുടെ ചിത്രവും സെവാഗ് ട്വിറ്ററിലിട്ടു. സചിനും സെവാഗും നിറഞ്ഞുനിന്ന കാലത്തും ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ മാച്ച് വിന്നറായിരുന്നത് യുവി തന്നെയായിരുന്നു. 14 വര്‍ഷമായി ഇന്ത്യക്കായി കളിക്കുന്ന യുവി തന്നെയാണ് ടീമിലെ ഏറ്റവും സീനിയര്‍.
ക്യാപ്റ്റന്‍സ്ഥാനം വെച്ചൊഴിഞ്ഞ മഹേന്ദ്രസിങ് ധോണിയുമൊത്ത് ഇംഗ്ളണ്ടിന്‍െറ വരുതിയില്‍നിന്ന് കളി തട്ടിയെടുത്തത് യുവരാജായിരുന്നു. ധോണി അഞ്ചു സിക്സറുകള്‍ പായിച്ചപ്പോള്‍ മൂന്നു സിക്സര്‍ മാത്രമേ അടിച്ചുള്ളൂവെങ്കിലും യുവി തന്നെയായിരുന്നു കൂടുതല്‍ അക്രമകാരി. ഓപണര്‍മാര്‍ രണ്ടു പേരെയും വിശ്വസ്തനായ ക്യാപ്റ്റന്‍ കോഹ്ലിയെയും വെറും 25 റണ്‍സിന് നഷ്ടമായശേഷം ക്രീസില്‍ ഒത്തുകൂടിയ യുവി-മഹി സഖ്യം ഒരിക്കല്‍ക്കൂടി ഇംഗ്ളണ്ടിന്‍െറ ഉറക്കംകെടുത്തി. 230 പന്തില്‍ 256 റണ്‍സാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
139 റണ്‍സായിരുന്നു കട്ടക്കിലെ ഈ മത്സരത്തിനുമുമ്പ് യുവിയുടെ മികച്ച സ്കോര്‍. 127 പന്തില്‍ 150 റണ്‍സെന്ന് അത് മാറ്റിയെഴുതിയാണ് യുവി പുറത്തായത്. മൂന്നും സിക്സറും 21 ബൗണ്ടറിയും. 118 റണ്‍സിന്‍െറ സ്ട്രൈക് റേറ്റും. 109 പന്തില്‍ 122 റണ്‍സ് എടുത്ത ധോണിയുടെ സ്ട്രൈക് റേറ്റ് 109 റണ്‍സ്. അഞ്ചു വര്‍ഷത്തിനു ശേഷമാണ് യുവരാജിന്‍െറ ബാറ്റ് ഏകദിനത്തില്‍ സെഞ്ച്വറി തൊടുന്നത്. 2011 മാര്‍ച്ചില്‍ ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു ഒടുവിലത്തെ സെഞ്ച്വറി. ഒരു ഘട്ടത്തില്‍ കളിയവസാനിപ്പിക്കാന്‍ തീരുമാനിച്ചതായിരുന്നുവെന്നു യുവി പറയുന്നു. കോഹ്ലി തന്നിലര്‍പ്പിച്ച വിശ്വാസമാണ് വീണ്ടും കളിക്കളത്തിലേക്ക് മടക്കിക്കൊണ്ടുവന്നതെന്നാണ് യുവി സമ്മതിക്കുന്നത്.
ധോണിയാകട്ടെ മൂന്നു വര്‍ഷത്തിലേറെ നീണ്ട ഇടവേളക്കുശേഷമാണ് സെഞ്ച്വറി കുറിക്കുന്നത്. 2013 ഒക്ടോബറില്‍ ആസ്ട്രേലിയക്കെതിരെയായിരുന്നു ധോണിയുടെ സെഞ്ച്വറി. ധോണി കാരണമാണ് യുവിക്ക് ടീമില്‍നിന്ന് സ്ഥാനം നഷ്ടമായതെന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ട്. അതെന്തായാലും ഇംഗ്ളണ്ടിനെതിരായ പരമ്പരക്കുമുമ്പ് ഇരുവരും ചേര്‍ന്ന് ഞങ്ങള്‍ സിക്സറടിക്കുമെന്നു പറഞ്ഞ് പുറത്തുവിട്ട സെല്‍ഫി വിഡിയോയിലൂടെ പറഞ്ഞത് സത്യമായി.
കട്ടക്കില്‍ കട്ടക്ക് കട്ട നിന്ന ഇന്നിങ്സുകളിലൂടെ ഇനിയും ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ ഏറെക്കാലം ബാക്കിയുണ്ടെന്ന് യുവിയും മഹിയും തെളിയിച്ചുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.