ആ രാത്രി യുവരാജ് പറഞ്ഞു; ‘എനിക്കൊട്ടും വയ്യ, നീ തയാറായി നിൽക്ക്’ ടെസ്റ്റ് അരങ്ങേറ്റത്തെ കുറിച്ച് റെയ്ന
text_fieldsഇന്ത്യയുടെ എണ്ണം പറഞ്ഞ ഫീൽഡർമാരിലൊരാളും വെടിക്കെട്ട് ബാറ്റ്സ്മാനുമാണ് സുരേഷ് റെയ്ന. തൻെറ ആദ്യ ടെസ്റ്റ് അരങ്ങേറ്റത്തെ കുറിച്ചും അതിലെ കന്നി സെഞ്ച്വറിയെ കുറിച്ചുമുള്ള ഓർമകൾ പങ്കുവെക്കുകയാണദ്ദേഹം. 2005ൽ ശ്രീലങ്കക്കെതിരെയായിരുന്നു റെയ്നയുടെ ഏകദിന അരങ്ങേറ്റം. എന്നാൽ റൺസൊന്നുമില്ലാതെ മടങ്ങേണ്ടി വന്നു. പിന്നീട് അഞ്ച് വർഷമെടുത്താണ് ആദ്യ ടെസ്റ്റ് മാച്ച് കളിക്കാൻ അവസരമൊത്തു വന്നത്. അതും ശ്രീലങ്കക്കെതിരെ തന്നെ. മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ് തന്നെ വിളിച്ച് ടെസ്റ്റ് കളിക്കാൻ തയാറായി നിൽക്കാൻ പറഞ്ഞ സംഭവമാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുമായി നടന്ന യു ട്യൂബ് അഭിമുഖത്തിൽ റെയ്ന പങ്കുവെച്ചത്.
യുവി പാ(യുവരാജ് സിങ്) ടെസ്റ്റിന് തൊട്ടുമുമ്പത്തെ രാത്രി എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു, ‘എനിക്ക് ഒട്ടും വയ്യ, നീ തയാറായിരിക്ക്’ എന്ന്. ഞാൻ കളിക്കാനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യ വിഷബാധയോ വയറു വേദനേയോ മറ്റോ ആയിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് കളിക്കാൻ സാധിച്ചില്ല.’’. കുമാർ സംഗക്കാര, തിലക രത്ന ദിൽഷാൻ, മഹേല ജയവർധനെ തുടങ്ങിയ പ്രഗത്ഭരുൾപ്പെടുന്ന ശ്രീലങ്കക്കെതിരെ കന്നി ടെസ്റ്റ് കളിക്കുന്നതോർത്ത് അസ്വസ്ഥമായതിനാൽ തനിക്ക് ശരിക്ക് ഉറങ്ങാൻ സാധിച്ചില്ലെന്ന് റെയ്ന കൂട്ടിച്ചേർത്തു.
റെയ്നയുടെ ഭാഗ്യത്തിന് ശ്രീലങ്ക ടോസ് നേടുകയും ബാറ്റിങ് തെരഞ്ഞെടുക്കുകയും ചെയ്തു. അതിനാൽ ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നില്ല. ആദ്യ ഇന്നിങ്സിൽ ശ്രീലങ്ക 642/4 ന് ഡിക്ലയർ ചെയ്തു. ക്യാപ്റ്റൻ സംഗക്കാര ഡബ്ൾ സെഞ്ച്വറിയും(219) ജയവർധനെ(174), പർണവിതനെ(100) എന്നിവർ സെഞ്ച്വറിയും അടിച്ചു കൂട്ടി. ശ്രീലങ്കയിലെ ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തിൽ രണ്ട് ദിവസം നീണ്ട ഫീൽഡിങ് ഇന്ത്യൻ ബൗളർമാരെ അസ്വസ്ഥമാക്കിയെങ്കിലും അത് റെയ്നയെ മനസ് ശാന്തമാക്കാൻ സഹായിക്കുകയായിരുന്നു.
‘‘ഭാഗ്യം കൊണ്ട് നമുക്ക് ടോസ് നഷ്ടപ്പെടുകയും ഫീൽഡ് ചെയ്യേണ്ടിയും വന്നു. രണ്ട് ദിവസം കാര്യങ്ങൾ ഞാൻ ശരിക്ക് നിരീക്ഷിച്ചു. എൻെറ ബാറ്റിങ് വന്നപ്പോൾ ഞാൻ തയാറായിരുന്നു. നമ്മളായിരുന്നു ആദ്യംബാറ്റ് ചെയ്തിരുന്നതെങ്കിൽ എൻെറ ആദ്യ ഏകദിനത്തെ പോലെ റൺസൊന്നുമില്ലാതെ ഔട്ടാകാനായിരുന്നു സാധ്യത.’’ -റെയ്ന പറഞ്ഞു.
വി.വി.എസ് ലക്ഷ്മൺ ഔട്ടായതിനെ തുടർന്ന് റെയ്ന ക്രീസിലെത്തി. സച്ചിനായിരുന്നു അങ്ങേയറ്റത്ത്. 201 റൺസ് അകലെ വെച്ച് ഫോളോ ഓൺ ഒഴിവാക്കാൻ സാധിച്ചു. റെയ്ന 120 റൺസ് അടിച്ചെടുത്ത് ടെസ്റ്റിലെ കന്നി സെഞ്ച്വറി സ്വന്തം പേരിൽ എഴുതിച്ചേർത്തു. സച്ചിൻ(203) ഡബ്ൾ സെഞ്ച്വറിയെടുത്ത മത്സരത്തിൽ അദ്ദേഹത്തിനൊപ്പം 256 റൺസിൻെറ കൂട്ടുകെട്ട്. ഫോളോ ഓൺ ഒഴിവാക്കാൻ സാധിച്ചുവെന്ന് മാത്രമല്ല, ശ്രീലങ്കയുടെ ആദ്യ ഇന്നിങ്സിലെ റൺസ് മറികടക്കാനും സാധിച്ചു. വീരേന്ദർ സേവാഗ്, എം.എസ്. ധോണി എന്നിവർ അർധ സെഞ്ച്വറിയെടുത്തു. ആ ടെസ്റ്റ് മാച്ച് സമനിലയിൽ അവസാനിച്ചു.
ഇതോടെ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറിയെടുക്കുന്ന 12ാമത് ഇന്ത്യക്കാരനായി റെയ്ന മാറി. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും നൂറ് റൺസ് എടുക്കുന്ന ആദ്യ ഇന്ത്യൻ താരമാവാനും ഇത് റെയ്നയെ സഹായിച്ചു. ഇന്ത്യക്ക് വേണ്ടി 18 ടെസ്റ്റ് മാച്ചുകളാണ് റെയ്ന കളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.