യുവരാജിനെ പുറത്തിരുത്തിയതിന് പിന്നിൽ..
text_fieldsമുംബൈ: കായികക്ഷമത പരിശോധനയില്‍ പരാജയപ്പെട്ടതാണ് യുവരാജ് സിങിനെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയതിന് പിന്നിലെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് സെലക്ഷന്‍ കമ്മിറ്റി. യുവിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണെന്ന നിലപാടാണ് മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ് സ്വീകരിച്ചിരുന്നത്. സെലക്ഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും കായികക്ഷമത പരിശോധനയിലെ പാരജയ കഥ തള്ളി. അത് തീര്‍ത്തും തെറ്റാണ്. യുവിയെ ഒഴിവാക്കാന്‍ കായികക്ഷമത എന്ന മാനദണ്ഡം ഉണ്ടായിരുന്നില്ല - സെലക്ഷന്‍ കമ്മിറ്റിയുമായി അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഒരാളുടെ കായിക്ഷമത അളക്കാനുള്ള വിവിധ അളവുകോലുകളില്‍ ഒന്നു മാത്രമാണ് എയ്റോബിക് ഫിറ്റ്നസ് പരിശോധനയായ യോ-യോ. ശക്തി, വേഗത, പൊതു ആരോഗ്യം തുടങ്ങി വ്യത്യസ്ത ഘടകങ്ങള്‍ അളക്കാനുള്ള അനവധി പരിശോധനകള്‍ വേറെയുമുണ്ട്. കായികക്ഷമത പരിശോധന മാത്രം കണക്കിലെടുത്ത് ഒരാളെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ ബി.സി.സി.ഐ തയ്യാറാകുമെന്ന് കരുതുന്നില്ലെന്ന് ഇന്ത്യന്‍ ടീമിന്‍റെ മുന്‍ ട്രെയിനറായ റാംജി ശ്രീനിവാസ്പറഞ്ഞു. ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടത്തിയ ഫിറ്റ്നസ് ടെസ്റ്റിൽ യുവരാജ് സിംഗ്, സുരേഷ് റെയ്ന എന്നിവർ പരാജയപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് കാരണമാണ് യുവിക്ക് ടീമിൽ നിന്നും പുറത്ത് പോകേണ്ടി വന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ.
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ നിന്നും യുവിയെ ഒഴിവാക്കിയത് ചർച്ചയായിരുന്നു. തുടർച്ചയായി നിറംമങ്ങിയ യുവരാജിന് ഫോം തെളിയിക്കാനുള്ള അവസാന അവസരമായി ലങ്കൻ പര്യടനത്തിൽ അവസരം നൽകും എന്നായിരുന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നത്. ലങ്കൻ പര്യടനത്തിലേക്ക് പരിഗണിക്കാതായതോടെ ക്രീസിലെ യുവി യുഗം അവസാനിക്കുന്നു എന്ന തരത്തിൽ റിപ്പോർട്ടുകളുണ്ട്. 20ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ അഞ്ചു മത്സരങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.