ഞാനൊരിക്കലും നിർഭാഗ്യവാനല്ല. ധോണി അവസരം മുതലാക്കുകയായിരുന്നു- പാർഥിവ് പട്ടേൽ
text_fieldsന്യൂഡൽഹി: മഹേന്ദ്ര സിങ് ധോണി യുഗത്തിൽ കളിക്കേണ്ടിവന്നു എന്ന ഒറ്റക്കാരണത്താൽ സീനിയർ ടീമിലേക്ക് എത്തിപ്പെടാൻ സാധിക്കാതെ വന്ന നിരവധി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരുണ്ട് ഇന്ത്യയിൽ. അവരുടെ പട്ടികയിൽ മുൻനിരയിലുള്ള താരമാണ് പാർഥിവ് പട്ടേൽ. എന്നാൽ ധോണി യുഗത്തിൽ കളിക്കേണ്ടി വന്നത് നിർഭാഗ്യമായി കരുതുന്നില്ലെന്നും മുൻ നായകൻ തന്നേക്കാൾ മികച്ച രീതിയിൽ അവസരങ്ങൾ മുതലാക്കുകയായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാർഥിവ് പട്ടേൽ.
‘ധോണി യുഗത്തിൽ കളിക്കേണ്ടേി വന്നത് നിർഭാഗ്യമായി കരുതുന്നില്ല. അദ്ദേഹത്തിന് മുമ്പ് തന്നെ കരിയർ തുടങ്ങിയ ആളായതിനാൽ തന്നെ മികച്ച പ്രകടനം നടത്താനുള്ള അവസരം എനിക്കുണ്ടായിരുന്നു. രണ്ട് പരമ്പരകളിൽ നിരാശപ്പെടുത്തിയ എന്നെ തഴഞ്ഞതോടെയാണ് ധോണി ടീമിലെത്തിയത്. ആളുകളുടെ സഹതാപം നേടിയെടുക്കാൻ ഞാൻ തെറ്റായ കാലഘട്ടത്തിലാണ് ജനിച്ചതെന്ന് പറയാം. എന്നാൽ ഞാൻ അങ്ങനെ വിശ്വസിക്കുന്നില്ല’ ’ ഫീവർ നെറ്റ്വർക്ക് നടത്തിയ പരിപാടിയിൽ 35കാരനായ പാർഥിവ് പറഞ്ഞു.
‘ധോണി നേടിയതെല്ലാം വളരെ സ്പെഷ്യലാണ്. കിട്ടിയ അവസരങ്ങളെല്ലാം മുതലെടുത്താണ് ധോണി നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്. നിർഭാഗ്യവാനാണെന്ന് എനിക്ക് തോന്നുന്നേയില്ല’ പാർഥിവ് സമർഥിച്ചു. 2018ലാണ് ഗുജറാത്ത് താരം ഇന്ത്യക്കായി അവസാനം ടെസ്റ്റ് കളിച്ചത്. അതും ധോണി വിരമിച്ച ശേഷം. ഏകദിനത്തിൽ അവസാനം ജഴ്സിയണിഞ്ഞത് 2012ലും.
2004ൽ ഇന്ത്യ- ആസ്ട്രേലിയ ഏകദിന പരമ്പരക്കിടെ പുറത്തായി മടങ്ങിയ മാത്യു ഹെയ്ഡനെ കളിയാക്കിയതിന് തൻെറ മുഖത്തിടിക്കുമെന്ന് താരം ഭീഷണിപ്പെടുത്തിയ സംഭവവും പരിപാടിയിൽ ഓർത്തെടുക്കുന്നുണ്ട്. സംഭവ ശേഷം നാലുകൊല്ലം ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർകിങ്സിനായി ഒരുമിച്ച് കളിച്ച ഇരുവരും നല്ല കൂട്ടുകാരായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരിക്കൽ ഇന്ത്യ എമർജിങ് ടീമിനൊപ്പം ആസ്ട്രേലിയ സന്ദർശിച്ച പാർഥിവിനെ ഹെയ്ഡൻ വീട്ടിലേക്ക് ക്ഷണിച്ച് ബിരിയാണി വെച്ച് സൽക്കരിച്ച വിവരവും പാർഥിവ് വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.