'ഫെൻസിങ് പിസ്റ്റിൽ' പ്രണയം പൂത്തൂലഞ്ഞു; ഫെൻസിങിനെ നെഞ്ചോട് ചേർത്ത് ദമ്പതികൾ
text_fieldsമഞ്ചേരി: 'ഫെൻസിങ് പിസ്റ്റിൽ' മൊട്ടിട്ട പ്രണയം പിന്നീട് ജീവിതത്തിലേക്ക് വഴിമാറിയപ്പോൾ ഒരാൾ ഒരുപിടി ദേശീയ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ ശ്രദ്ധയൂന്നിയപ്പോൾ, ജീവതിസഖി ഫെൻസിങിനെ നിയന്ത്രിക്കാൻ റഫറിയായി മാറി. മഹാരാഷ്ട്ര സ്വദേശി സാഗർ ലാഗുവും കണ്ണൂർ തലശ്ശേരി സ്വദേശിനി റീഷ പുതുശ്ശേരിയുമാണ് ജീവിതത്തിൻറെ 'പിസ്റ്റി'നിടയിൽ ഫെൻസിങിനെ നെഞ്ചോട് ചേർത്ത് പിടിക്കുന്നത്.
മഞ്ചേരി ഏറനാട് നോളജ് സിറ്റി ക്യാമ്പസിൽ നടക്കുന്ന 26ാമത് സംസ്ഥാന ഫെൻസിങ് ചാമ്പ്യൻഷിപ്പ് നിയന്ത്രിക്കുന്നത് ഈ കായിക ദമ്പതികളാണ്. ഒരാൾ കോച്ചായി എത്തിയപ്പോൾ മറ്റൊരാൾ റഫറിയായി മാറി. 2001ലാണ് റീഷ ഫെൻസിങിലേക്ക് എത്തുന്നത്. അത്ലറ്റ്കിസിൽ നിന്നും ഫെൻസിങിലേക്ക് ചുവടുമാറ്റി. അതേവർഷം തന്നെ തലശ്ശേരി സായിൽ സെലക്ഷൻ ലഭിച്ചു. 2005ൽ പഞ്ചാബിൽ നടന്ന ദേശീയ ക്യാമ്പിലാണ് സാഗറിനെ റീഷ ആദ്യമായി കാണുന്നത്. അന്ന് ഫെൻസിങ് കോച്ചാനാവുള്ള പരിശീലനത്തിനെത്തിയതായിരുന്നു സാഗർ. പിന്നീട് പ്രണയത്തിലേക്ക് വഴിമാറി.
ഇതിനിടയിൽ 2010ൽ തായിലാൻറിൽ നടന്ന ഓപ്പൺ ചാമ്പ്യൻഷിപ്പിൽ ടീമിനത്തിൽ രാജ്യത്തിനായി റീഷ വെങ്കലം നേടി. കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും റീഷ രാജ്യത്തിനായി വാളെടുത്തു. 2012ൽ ഇരുവരും ജീവിതത്തിൻറെ പിസ്റ്റിൽ ഒന്നാകാൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം ഛത്തീസ്‌ഗഡിലെ റായ്‌പുരിൽ സമാപിച്ച ദേശീയ സീനിയർ പുരുഷ-വനിതാ വിഭാഗം ഫെൻസിങ് ചാംപ്യൻഷിപ്പിൽ കേരളത്തിനായി സ്വർണം നേടിയിരുന്നു. പിന്നീട് റഫറിയായി മാറി.
22ാം വയസ്സിൽ തന്നെ പരിശീലകനായി മാറിയ സാഗർ ഇന്ന് ഇന്ത്യൻ ടീമിൻറെ പരിശീലകനാണ്. തലശ്ശേരി സായിയുടെ മുഖ്യപരിശീലകനും സാഗർ തന്നെ. ചാമ്പ്യൻഷിപ്പിനെത്തിയ ദേശീയ അന്തർദേശീയ താരങ്ങളെല്ലാം സാഗറിൻറെ ശിഷ്യൻമാരാണ്. മലബാർ ദേവസ്വം ഓഡിറ്റ് വിഭാഗത്തിൽ ജോലി ചെയ്തുവരികയാണ് റീഷ. സ്പോർട്സ് ക്വാട്ടയിലായിരുന്നു നിയമനം. അഞ്ചുവയസ്സുകാരിയായ സ്വരാലി ഏക മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.