അണ്ടര്‍ 17 ലോകകപ്പ്: കൊച്ചിക്ക് ഫിഫയുടെ പച്ചക്കൊടി
text_fieldsകൊച്ചി: അണ്ടര്‍ 17 ലോകകപ്പിന് വേദിയാകുന്ന കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ ഒരുക്കത്തില്‍ ഫിഫ സംഘത്തിന് സംതൃപ്തി. വ്യാഴാഴ്ച കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ടൂര്‍ണമെന്‍റ് ഡയറക്ടര്‍ സെവിയര്‍ സെപ്പി, പ്രോജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ എന്നിവര്‍ ഇതുവരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ചത്. ഫ്ളഡ്ലൈറ്റ്, ടര്‍ഫ് ഉള്‍പ്പെടെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെങ്കിലും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് സെവിയര്‍ സെപ്പി പറഞ്ഞു. സ്റ്റേഡിയത്തിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഫിഫ ഏറ്റെടുക്കും. തുടര്‍ന്നുള്ള ക്രമീകരണങ്ങള്‍ ഫിഫയുടെ മേല്‍നോട്ടത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അവലോകനയോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയും കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രതിനിധികളും ഒരുക്കങ്ങളെക്കുറിച്ച് സംഘത്തെ അറിയിച്ചു. ഫിഫ നിലവാരത്തില്‍ ഫ്ളഡ്ലൈറ്റ്, ടര്‍ഫ് എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ജനുവരിയോടെ തുടങ്ങും. ഒക്ടോബറോടെ നിര്‍മാണം പൂര്‍ത്തിയാക്കും. 2017ജനുവരിയോടെ എല്ലാ നിര്‍മാണങ്ങളും പൂര്‍ത്തിയാക്കി സ്റ്റേഡിയം ഫിഫക്ക് വിട്ടുകൊടുക്കാനും അവലോകനയോഗത്തില്‍ ധാരണയായതായി അണ്ടര്‍ 17 ലോകകപ്പ് നോഡല്‍ ഓഫിസര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചു. ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, ബെന്നി ബഹനാന്‍ എം.എല്‍.എ, കെ.എഫ്.എ പ്രസിഡന്‍റ് കെ.എം.ഐ. മത്തേര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. നാല് പരിശീലനവേദികളുടെ നവീകരണവും സമയബന്ധിതമായി പൂര്‍ത്തിയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.