പച്ചപ്പാടത്ത് കളിക്കാലം
text_fieldsതിരുവനന്തപുരം: അനന്തപുരിയുടെ കളിമുറ്റമായ പച്ചപ്പാടത്ത് രാജ്യാന്തര ഫുട്ബാള്‍ മേളക്ക് ഇന്ന് കിക്കോഫ്. അസൗകര്യങ്ങളും പാളിയ സംഘാടനവും കൊണ്ട് പന്തുരുളും മുമ്പേ വിവാദം കൊഴുത്ത മേളക്ക് വൈകീട്ട് ആറിന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ശ്രീലങ്ക-നേപ്പാള്‍ പോരാട്ടത്തിന് 6.30നാണ് കിക്കോഫ്.
സാഫ് കപ്പില്‍ ഒരുതവണ മാത്രം മുത്തമിട്ട ശ്രീലങ്ക ഇത്തവണ ഏറെ പ്രതീക്ഷയോടെയാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്നുമാസമായി കടുത്ത പരിശീലനത്തിലാണ്. ശ്രീലങ്കയില്‍ 1995ല്‍ നടന്ന ടൂര്‍ണമെന്‍റില്‍ ഇന്ത്യയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് ആദ്യമായും അവസാനമായും സാഫ് കപ്പില്‍ മുത്തമിട്ടത്. ഇത്തവണ കപ്പുയര്‍ത്തി ചരിത്രം സൃഷ്ടിക്കാന്‍ യുവനിരയുമായാണ് കെ.എം. സമ്പത്ത് പെരേരയുടെ കീഴില്‍ ടീം ബുധനാഴ്ച ഗ്രീന്‍ഫീല്‍ഡിലിറങ്ങുക. ഏറെ അവകാശവാദങ്ങളൊന്നുമില്ളെങ്കിലും നേപ്പാള്‍ ടീമും വിജയപ്രതീക്ഷയിലാണ്. ഇന്ത്യയടങ്ങുന്ന ഗ്രൂപ്പില്‍ ആദ്യവിജയം തേടിയാണ് ഇരുടീമും ഗ്രീന്‍ഫീല്‍ഡില്‍ ഇറങ്ങുന്നത്. ഏഴുടീമാണ് ഇത്തവണ ഏറ്റുമുട്ടുന്നത്. പാകിസ്താന്‍ ടൂര്‍ണമെന്‍റില്‍നിന്ന് പിന്മാറിയിരുന്നു. പാകിസ്താന്‍ പിന്മാറിയതോടെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് വാക്കോവര്‍ ലഭിച്ചിട്ടുണ്ട്.
അസംതൃപ്തി പരസ്യമാക്കി കോച്ചുമാര്‍
തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംഘാടകര്‍ക്ക് വന്‍പിഴവാണ് വന്നിട്ടുള്ളതെന്ന് കോച്ചുകള്‍ ആരോപിച്ചു. ചൊവ്വാഴ്ച ഹോട്ടല്‍ താജ് വിവാന്തയില്‍ ടീമുകളെ പരിചയപ്പെടുത്തിയ ചടങ്ങിലാണ് സാഫ് ഫെഡറേഷനെതിരെ കോച്ചുകള്‍ വിമര്‍ശം തൊടുത്തത്. പരിശീലന മത്സരങ്ങള്‍ കളിക്കാനുള്ള ഗ്രൗണ്ടുപോലും ലഭിക്കാത്ത സാഹചര്യമാണെന്നും ഇത്രയും മോശപ്പെട്ട സംഘാടനം കണ്ടിട്ടില്ളെന്നും അഫ്ഗാന്‍ കോച്ച് പീറ്റര്‍ സെഗാട്ട് പറഞ്ഞു. പരിശീലനത്തിന് 10 ദിവസം മുമ്പേ എത്തിയിട്ടും മുഖ്യവേദിയായ ഗ്രീന്‍ഫീല്‍ഡ് കാണാന്‍പോലും കഴിഞ്ഞിട്ടില്ളെന്ന് ശ്രീലങ്കന്‍ കോച്ച് കുറ്റപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തത്തെിയ ടീമിന് പ്രാതല്‍പോലും തന്നില്ളെന്ന് നേപ്പാള്‍ കോച്ച് പാട്രിക് ഓസീമ്സ് പറഞ്ഞു. ഇത് തങ്ങള്‍ക്ക് മാത്രമുള്ള അനുഭവമാണോ എന്നറിയാന്‍ അഫ്ഗാന്‍, ഇന്ത്യന്‍ കോച്ചുകളോട് ചോദിച്ചപ്പോള്‍ അവരുടെ അവസ്ഥ ഇതിലും ദയനീയമാണെന്ന് മനസ്സിലാക്കിയതിനാല്‍ ആരോടും പരാതി പറയാന്‍ പോയില്ളെന്നും പാട്രിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജിങ്കാനും അനസിനും പരിക്ക്
തിരുവനന്തപുരം: സാഫ് ഫുട്ബാളില്‍ കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടംതിരികെപ്പിടിക്കാന്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് തുടക്കത്തിലേ തിരിച്ചടി. ടീമിലെ മുഖ്യതാരങ്ങളായ സന്ദേശ് ജിങ്കാനും സെന്‍റര്‍ ബാക് താരവും മലയാളിയുമായ അനസ് എടത്തൊടികയും പരിക്കുമൂലം നാട്ടിലേക്ക് മടങ്ങിയതാണ് ഇന്ത്യന്‍ ക്യാമ്പിനെ ഞെട്ടിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിനിടെ (ഐ.എസ്.എല്‍) കാല്‍മുട്ടിന് പരിക്കേറ്റ കേരള ബ്ളാസ്റ്റേഴ്സ് താരം ജിങ്കാനെ കൊച്ചിയില്‍ നടന്ന പരിശീലനക്യാമ്പില്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റയിന്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഹോട്ടലില്‍ പൂര്‍ണ വിശ്രമത്തിലായിരുന്നു താരം. തുടര്‍ന്ന് 18ന് നാട്ടിലേക്ക് വണ്ടികയറിയ ജിങ്കാന്‍ 20ന് ടീമിനൊപ്പം ചേരുമെന്നാണ് ഒഫീഷ്യലുകള്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നത്. എന്നാല്‍, ചൊവ്വാഴ്ച ഉച്ചയോടെ പരിക്ക് ഗുരുതരമാണെന്നും കളിക്കാന്‍ കഴിയില്ളെന്നും കോച്ചിനെ അറിയിക്കുകയായിരുന്നു.
ഡെല്‍ഹി ഡൈനാമോസിനു വേണ്ടി ഉജ്വല പ്രകടനം കാഴ്ചവെച്ച് ഇന്ത്യന്‍ ക്യാമ്പിലത്തെിയ അനസിന് അരങ്ങേറ്റ അവസരമാണ് പരിക്ക് കുളമാക്കിയത്. ചൊവ്വാഴ്ച രാവിലെ ഗ്രീന്‍ഫീല്‍ഡില്‍ ടീമിന്‍െറ പരിശീലനത്തിനിടെ ഇടതുകാലിന് പരിക്കേല്‍ക്കുകയായിരുന്നു.
പരിക്ക് ഗുരുതരമാണെന്നും അനസിന് ടൂര്‍ണമെന്‍റ് നഷ്ടമാകുമെന്നുമാണ് സാഫ് ഫെഡറേഷന്‍ ഭാരവാഹികള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. ഡല്‍ഹിയുടെ സെന്‍റര്‍ ബാക് പൊസിഷനില്‍ കോച്ച് റോബര്‍ട്ടോ കാര്‍ലോസിന്‍െറ വിശ്വസ്തന്‍കൂടിയായിരുന്ന അനസിന്‍െറ നഷ്ടം ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റയിന് തലവേദനയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.