സാഫ് കപ്പ്: സെമി മത്സരങ്ങൾ ഇന്ന്; ഇന്ത്യ മാലദ്വീപിനെതിരെ
text_fieldsതിരുവനന്തപുരം: കാല്‍പന്തുകളിയുടെ സൗന്ദര്യം കാത്തിരിക്കുന്ന പച്ചപ്പാടത്ത് വ്യാഴാഴ്ച ആവേശപ്പോര്. സാഫ് കപ്പ് ഫുട്ബാളിന്‍െറ കലാശക്കളിയില്‍ ഇടംതേടി ആതിഥേയരായ ഇന്ത്യ ആദ്യ സെമിഫൈനലില്‍ മാലദ്വീപിനെയും രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ അഫ്ഗാനിസ്താന്‍ ശ്രീലങ്കയെയും നേരിടും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കളത്തിലെ കരുത്തളന്നാല്‍ വീണ്ടുമൊരു ഇന്ത്യ-അഫ്ഗാന്‍ കിരീടപ്പോരിന് കളമൊരുങ്ങുമെന്ന് പ്രവചിക്കപ്പെടുമ്പോഴും ഒളിച്ചുവെച്ച അദ്ഭുതങ്ങള്‍ പുറത്തെടുത്ത് കരുത്തുകാട്ടുകയാണ് മാലദ്വീപും ശ്രീലങ്കയും ലക്ഷ്യമിടുന്നത്. അങ്ങനെവന്നാല്‍ മലയാളക്കരക്ക് ഓര്‍ത്തുവെക്കാനൊരു ഫുട്ബാള്‍ വിരുന്നാവും വ്യാഴാഴ്ചത്തെ സെമിഫൈനല്‍.
കല്ലുകടികളോടെ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പാകിസ്താന്‍ പിന്മാറിയതോടെ ആദ്യ ഘട്ടത്തില്‍ കാര്യമായ വെല്ലുവിളികളില്ലാതെയാണ് ഇന്ത്യയും അഫ്ഗാനും സെമിയിലേക്ക് ടിക്കറ്റെടുത്തത്. ഐ.എസ്.എല്ലിന്‍െറ അര്‍മാദം തീരുംമുമ്പേ വന്നത്തെിയ ടൂര്‍ണമെന്‍റിനെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ മടിച്ച അനന്തപുരിയില്‍ ഇരു ടീമുകളും കളിച്ച മത്സരങ്ങളെല്ലം ജയിച്ചുകയറി. ആതിഥേയരെന്ന സമ്മര്‍ദം പേറി കളത്തിലിറങ്ങിയ നീലക്കടുവകള്‍ ആദ്യ മത്സരത്തില്‍ മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ശ്രീലങ്കയെ കീഴടക്കി. രണ്ടാമങ്കത്തില്‍ 4-1ന് നേപ്പാളിനെ മറികടന്നെങ്കിലും സ്കോര്‍ സൂചനപോലെ കളി അനായാസമല്ലായിരുന്നു. അഫ്ഗാന്‍െറ മൂന്നു ജയങ്ങളും ഏറക്കുറെ ആധികാരികമായിരുന്നു.
സ്വന്തം കാണികള്‍ക്ക് മുന്നില്‍ പ്രതീക്ഷക്കൊത്ത് കളിക്കുകയാണ് പകല്‍ വെളിച്ചത്തില്‍ മാലദ്വീപിനെ നേരിടുന്ന സുനില്‍ ഛേത്രിയുടെയും സംഘത്തിന്‍െറയും ആദ്യ വെല്ലുവിളി. ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ ഗുവാമിനെതിരെ നേടിയ ഒറ്റ ജയത്തിന്‍െറ പിന്‍ബലം മാത്രമുള്ള ഇന്ത്യക്ക് സ്വന്തം തട്ടകത്തില്‍ സാഫില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും കരുതാനില്ല. കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറനും തന്‍െറ മൂല്യത്തിന്‍െറ ഉരകല്ലാണിത്. ഐ.എസ്.എല്‍ കഴിഞ്ഞത്തെിയ താരങ്ങള്‍ മതിയായ വിശ്രമം ലഭിക്കാതെ കളത്തിലിറങ്ങിയതിന്‍െറ ഏകോപനമില്ലായ്മ ആദ്യ മത്സരങ്ങളില്‍ പ്രകടമായിരുന്നു. സന്ദേശ് ജിങ്കാനും മലയാളിയായ അനസ് എടത്തൊടികയും പരിക്കുമൂലം പുറത്തായ പ്രതിരോധം ഇനിയും കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. രണ്ടാം മത്സരത്തില്‍ നേപ്പാള്‍ നേടിയ ആദ്യ ഗോള്‍ നല്‍കുന്ന സൂചന സമ്മര്‍ദഘട്ടങ്ങളില്‍ ആടിയുലയുന്ന പിന്‍നിരയുടേതാണ്. നിര്‍ണായകമായ സെമിയില്‍ പ്രതിരോധത്തില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരുമെന്നു തന്നെയാണ് കോണ്‍സ്റ്റന്‍ൈറന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതും. ഒന്നിലേറെ തവണ ഇന്ത്യയെ ഞെട്ടിച്ച ചരിത്രമുള്ള മാലദ്വീപ് ഫിഫ റാങ്കിങ്ങില്‍ ആതിഥേയര്‍ക്ക് മുന്നിലാണ്. ഇന്ത്യ 166ഉം അവര്‍ 160ഉം സ്ഥാനത്താണ്. 2008ല്‍ കിരീടം നേടിയ മാലദ്വീപ് മൂന്നുതവണ രണ്ടാം സ്ഥാനക്കാരുമാണ്. കണക്കുകളുടെ പിന്‍ബലത്തില്‍ മാലദ്വീപ് രണ്ടുംകല്‍പിച്ച് പൊരുതാനിറങ്ങിയാല്‍ ആറുതവണ സാഫ് കപ്പില്‍ മുത്തമിട്ട ആതിഥേയര്‍ വീണ്ടുമൊരു ഫൈനലില്‍ ഇടംനേടാന്‍ നന്നായി വിയര്‍ക്കും.
പരിക്കേറ്റ റോബിന്‍ സിങ് കളിക്കില്ളെന്നുറപ്പായതോടെ മുന്‍നിരയില്‍ യുവത്വത്തിന്‍െറ പ്രസരിപ്പുമായി വരവറിയിച്ച ലാലിയന്‍സുല ചാങ്തേയില്‍ പറ്റിയ കൂട്ടുകാരനെ തേടുകയാണ് ഛേത്രി. പകരക്കാരനായിറങ്ങി നേപ്പാളിനെ വീഴ്ത്തിയ ഉജ്ജ്വലമായ രണ്ടു ഗോളുകള്‍ നേടിയ ചാങ്തേ മുഴുസമയം കളത്തിലിറങ്ങി തിളങ്ങിയാല്‍ ഗോളടിക്കാന്‍ ആളെ തേടേണ്ടിവരില്ല. ചാങ്തേ ആദ്യ ഇലവനില്‍ ഇടംതേടുമോയെന്ന കാര്യത്തില്‍ കോച്ച് ഇനിയും മനംതുറന്നിട്ടില്ല. പരിക്കില്‍നിന്ന് മോചിതനായിട്ടില്ലാത്ത ജെജെ ലാല്‍പെക്ലുവയാണ് ഛേത്രിക്കൊപ്പം പ്രധാന പ്രതീക്ഷ. ഹാലിചരണ്‍ നര്‍സാരി, റൗളിന്‍ ബോര്‍ഗസ്, യൂജിന്‍സണ്‍ ലിങ്ദോ എന്നിവര്‍ ആതിഥേയരുടെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍പിടിക്കും.
സമീപകാലത്ത് സാഫ് കപ്പില്‍ ശ്രദ്ധിക്കപ്പെടുന്ന വിജയങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത മാലദ്വീപ്, കോച്ച് ഹെര്‍ബര്‍ട്ട് ലോയ്ഡിന്‍െറ ശിക്ഷണത്തില്‍ തിരിച്ചുവരവിന്‍െറ വഴികള്‍ തേടുകയാണ്. ഭൂട്ടാനോടും ബംഗ്ളാദേശിനോടും ജയിച്ചുകയറിയ അവര്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അഫ്ഗാനോട് പിണഞ്ഞ കനത്ത തോല്‍വിയുടെ ക്ഷീണവുമായാണ് ആതിഥേയര്‍ക്ക് മുന്നിലത്തെുന്നത്. മൂന്നു മത്സരങ്ങളില്‍ ഏഴു ഗോളുകള്‍ അടിച്ചുകൂട്ടിയെങ്കിലും ഇതിനകം ആറു ഗോളുകളും വഴങ്ങി. പ്രതിരോധത്തിലെ പഴുതടച്ച് ആതിഥേയരെ വിറപ്പിച്ചുനിര്‍ത്താനാണ് ദ്വീപുകാര്‍ ഇന്ന് തന്ത്രങ്ങള്‍ മെനയുന്നത്. ക്യാപ്റ്റന്‍ അഷ്ഫാഖ് അഹമ്മദും അഷ്ഫാഖ് അലിയും നാഷിദ് അഹമ്മദും ഹസന്‍ നായിസുമൊക്കെ തങ്ങളുടേതായ ദിവസത്തില്‍ ഏതുപ്രതിരോധവും കീറിമുറിക്കാന്‍ പോന്നവരാണ്.
പോരാട്ടത്തിന്‍െറ കനല്‍വഴികളില്‍ പാകപ്പെട്ട അഫ്ഗാന്‍ ദക്ഷിണേഷ്യയിലെ ഫുട്ബാള്‍ കരുത്താണ്. സ്വന്തം മണ്ണില്‍ കളിച്ചുവളരാന്‍ വിധിക്കപ്പെട്ടിട്ടില്ലാത്ത പ്രതിഭകളുടെ നിര ഇത്തവണയും കപ്പിലേക്കാണ് ഉന്നമിടുന്നത്. 2013ല്‍ ഇന്ത്യയെ ഞെട്ടിച്ച് ആദ്യമായി ഒരന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായി ചരിത്രംകുറിച്ചവര്‍ പ്രാഥമിക റൗണ്ടില്‍ യഥാര്‍ഥ ചാമ്പ്യന്മാരെപ്പോലെയാണ് കളിച്ചുകയറിയത്. വിദേശ ക്ളബുകളില്‍ കളിച്ച് പരിചയിച്ച യുവനിരക്ക് ശ്രീലങ്കയും ദുര്‍ബലരായ എതിരാളികളാവും.
നായകന്‍ ഫൈസല്‍ ഷെയ്സതെയും ഖൈബര്‍ അമാനിയും മസീഹ് സൈഗാനിയുമൊക്കെ മരതക ദ്വീപുകാരെ വെള്ളംകുടിപ്പിക്കും. ഉദ്ഘാടന മത്സരത്തില്‍ നേപ്പാളിനെതിരെ അവസാന സെക്കന്‍ഡില്‍ വീണുകിട്ടിയ ഗോളിന് കരകയറിയ ശ്രീലങ്കക്ക് സെമി പ്രവേശംതന്നെ ബോണസാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.