ഹ്യൂമാക്രമണത്തില്‍ തകര്‍ന്ന് മുംബൈ
text_fieldsമുംബൈ: മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍ കൊല്‍ക്കത്തക്കാരുടെ ‘ഹ്യൂം ദാ’ ആയി ഗോളടിച്ചുകൂട്ടുന്ന കാഴ്ച. മുംബൈയുടെ മണ്ണില്‍ വിജയക്കുതിപ്പ് നടത്തിയ സുനില്‍ ഛേത്രിയുടെ മറാത്ത സംഘത്തെ 4-1ന് തകര്‍ത്തെറിഞ്ഞ് ചാമ്പ്യന്‍ കൊല്‍ക്കത്തയുടെ വീരോചിത തിരിച്ചുവരവ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്ന് തോല്‍വിയുമായി പ്രതിരോധത്തിലായ അത്ലറ്റികോയെ ഹാട്രിക് ഗോളുമായി ഇയാന്‍ ഹ്യൂം മുന്നില്‍നിന്ന് നയിച്ചപ്പോള്‍ ചാമ്പ്യന്മാര്‍ക്കൊത്ത ആദ്യ ജയം. കളിയുടെ 34, 45, 82 മിനിറ്റുകളിലായിരുന്നു ഹ്യൂമിന്‍െറ മൂന്ന് ഗോളുകള്‍ സുബ്രതാപാലിന്‍െറ വലക്കോട്ടയെ നെടുകെ പിളര്‍ത്തിയത്. 77ാം മിനിറ്റില്‍ അഗസ്റ്റില്‍ ഫെര്‍ണാണ്ടസിന്‍െറ വകയായിരുന്നു അവശേഷിച്ച ഒരു ഗോള്‍.
മുംബൈയുടെ ആശ്വാസ ഗോള്‍ 71ാം മിനിറ്റില്‍ തുര്‍ക്കി താരം സലിം ബെനാഷൊറിന്‍െറ ബൂട്ടില്‍നിന്ന് പിറന്നു.തുടര്‍ച്ചയായി മൂന്ന് ജയവുമായി സ്വന്തം മണ്ണില്‍ വിജയക്കുതിപ്പ് നടത്തിയ മുംബൈയുടെ പീരങ്കിക്കുഴല്‍ തരിപ്പണമാക്കുന്നതായിരുന്നു ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലെ കാഴ്ച. സുനില്‍ ഛേത്രി, സോണി നോര്‍ദെ, സുഭാഷ് സിങ് എന്നിവര്‍ക്കൊപ്പം കോച്ച് നികളസ് അനല്‍കകൂടി പ്ളെയിങ് ഇലവനിലത്തെിയപ്പോള്‍ ഗോളടിച്ചുകൂട്ടാനുള്ള മുംബൈ തന്ത്രം വ്യക്തമായിരുന്നു.
കണക്കുകൂട്ടല്‍പോലെ ആദ്യ മിനിറ്റ് മുതല്‍ മുംബൈക്കാര്‍ അത്ലറ്റികോ ഗോള്‍മുഖം വിറപ്പിച്ചു. ഇടതടവില്ലാതെ നടത്തിയ ആക്രമണങ്ങളെ ചെറുക്കാന്‍ ഹ്യൂം അടക്കമുള്ള മുന്നേറ്റക്കാരും പെനാല്‍റ്റിബോക്സില്‍ വട്ടമിട്ടു.
ഇതിനിടെയാണ്, കളിയുടെ ഗതിക്ക് വിപരീതമായി അത്ലറ്റികോയുടെ സ്കോറിങ്. വിങ്ങിലൂടെ കുതിച്ചുപാഞ്ഞ ജാമി ഗാവിലന്‍ ഉതിര്‍ത്ത ഉജ്ജ്വല ക്രോസ് ഫുള്‍വോളി ഷോട്ടിലൂടെ ഇയാന്‍ ഹ്യൂം തൊടുത്തുവിട്ടപ്പോള്‍ സുബ്രതാപാലും ഞെട്ടി. സന്ദര്‍ശകര്‍ക്ക് 1-0ത്തിന്‍െറ ലീഡ്. അപ്രതീക്ഷിതമായി പിറന്ന ഗോളില്‍ ഞെട്ടിയ ആതിഥേയര്‍ക്ക് ഒരിക്കലും കളിയിലേക്ക് തിരിച്ചത്തൊനായില്ല. ഒന്നാം പകുതി പിരിയുംമുമ്പ് സുഭാഷ് സിങ്ങിന്‍െറ ഫൗളിന് മലയാളി റഫറി സന്തോഷ്കുമാര്‍ വിധിച്ചത് പെനാല്‍റ്റി. സ്പോട്ട് അനായാസം വലയിലേക്ക് കയറ്റി ഹ്യൂമിന്‍െറ രണ്ടാം ഗോള്‍.
രണ്ടാം പകുതി കിക്കോഫിനു പിന്നാലെ ഗോള്‍വഴങ്ങിയ അത്ലറ്റികോയെ, അഗസ്റ്റിനോ 3-1ലത്തെിച്ചു.പാടെ തകര്‍ന്ന മുംബൈയെ വീണ്ടും ഞെട്ടിച്ചുകൊണ്ടായി ഹ്യൂമിന്‍െറ ഹാട്രിക് നേട്ടം. ഇക്കുറി ഇടതു വിങ്ങിലൂടെ കുതിച്ച സമീഹ് ദൗതിയുടെ ക്രോസിലൂടെയായിരുന്നു ഹ്യൂമിന്‍െറ ഗോള്‍.
കഴിഞ്ഞ മത്സരത്തിനിടെ ഏറ്റ പരിക്ക് സമ്മാനിച്ച ബാന്‍ഡേജും തലയില്‍ കെട്ടി കളത്തില്‍ പൊരുതിയ മുന്‍ ബ്ളാസ്റ്റേഴ്സ് താരത്തിന്‍െറ രണ്ടാം സീസണിലെ ഗോള്‍വേട്ടക്ക് ഹാട്രിക്കോടെ തുടക്കം. ഒപ്പം, കഴിഞ്ഞ സീസണില്‍ കിരീടമണിഞ്ഞ അതേ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്തയുടെ തിരിച്ചുവരവും. സീസണിലെ മൂന്നാം ഹാട്രിക്കുകൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.