തലയുയര്‍ത്തി വന്‍ പടകള്‍
text_fieldsമ്യൂണിക്: അപ്രതീക്ഷിത അട്ടിമറികളും സമനിലകളും അകന്നുനിന്ന യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് പോരാട്ടങ്ങളില്‍ വന്‍ പടകള്‍ തലയുയര്‍ത്തി വിജയമാഘോഷിച്ചു. ഇംഗ്ളീഷ് പട ആഴ്സനലിനെ 5-1ന് തകര്‍ത്തുവാരി ജര്‍മന്‍ ചാമ്പ്യന്‍ ബയേണ്‍ മ്യൂണികും ബെയ്റ്റിനെ 3-0ത്തിന് കെട്ടുകെട്ടിച്ച് യൂറോപ്യന്‍ ചാമ്പ്യന്‍ ബാഴ്സലോണയും കഷ്ടകാലത്തിന് ഇടവേളയെന്നോണം ഡൈനാമോ കിയവിനെ 2-1ന് വീഴ്ത്തി പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ ചെല്‍സിയും ബയര്‍ ലെവര്‍കൂസനെ 3-2ന് മറികടന്ന് റോമയും സ്വന്തം തട്ടകങ്ങളില്‍ വിജയഭേരി മുഴക്കി. ഗ്രൂപ് എച്ചില് ഒളിമ്പിക് ലിയോണിനെ എവേ പോരില്‍ 2-0ത്തിന് തോല്പിച്ച് ഗ്രൂപ്പില്‍ 100 ശതമാനം ജയം സ്വന്തമാക്കിയ റഷ്യന്‍ ക്ളബ് സെനിത് 12 പോയന്റുമായി നോക്കൗട്ടിലേക്ക് കുതിക്കുന്ന മൂന്നാം ടീമായി. ഇതേ ഗ്രൂപ്പില്‍ വലന്‍സിയയെ 1-0ത്തിന് തോല്പിച്ച് ബെല്‍ജിയം ക്ളബ് ജെന്റ് യൂറോപ്യന്‍ തലത്തിലെ ആദ്യ ജയം സ്വന്തമാക്കി. മകാബി തെല്‍അവീവിനെ 3-1ന് തകര്‍ത്ത് പോര്‍ചുഗീസ് ക്ളബ് പോര്‍ട്ടോ, ബയേണിനും ബാഴ്സക്കുമൊപ്പം അവസാന പതിനാറിലേക്കുള്ള മുന്നേറ്റത്തിന് അടുത്തത്തെി. ഡൈനാമോ സഗ്രേബിനെ 2-1ന് തോല്പിച്ച് ഒളിമ്പ്യാക്കോസ് പിറെയ്സ് ഗ്രൂപ് എഫില്‍ ബയേണിന് സമാനമായി ഒമ്പത് പോയന്റുമായി രണ്ടാമതായി.
ഗോള്‍ മെഷീന് ബയേണ്‍
ഗണ്ണേഴ്സ് എന്ന പേരുകാര്‍ ആഴ്സനലാണെങ്കിലും അലയന്‍സ് അറീനയില്‍ തീതുപ്പുന്ന തോക്കുമായി കാത്തുനിന്നത് ബയേണ്‍ മ്യൂണിക്കായിരുന്നു. ഒന്നിനുപിറകെ ഒന്നായി ആഴ്സന്‍ വെങ്ങറുടെയും പിള്ളേരുടെയും നെഞ്ചകം തകര്‍ത്ത് ജര്‍മന്‍ പടയുടെ തോക്കില്‍നിന്ന് പാഞ്ഞത് അഞ്ച് വെടിയുണ്ടകള്‍. ഒടുവില്‍ ഒന്നു മാത്രം തിരിച്ചുനല്‍കി ആഴ്സനല്‍ തലകുനിച്ചു മടങ്ങി. രണ്ടാഴ്്ചമുമ്പ് എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ മറുപടിയൊന്നും വാങ്ങാതെ രണ്ട് ഗോളില്‍ തോല്പിച്ചതിന് മുതലും പലിശയും ചേര്‍ത്ത് ബയേണ്‍ വക പ്രതികാരം. ചാമ്പ്യന്‍സ് ലീഗ് എഫ് ഗ്രൂപ്പിലെ അതിശക്തരുടെ പോരാട്ടം ഇങ്ങനെ സംഗ്രഹിക്കാം.
10ാം മിനിറ്റില്‍ തുടങ്ങി ആഴ്നലിന്െറ എല്ലാ കണക്കുകൂട്ടലും പിഴക്കാന്‍. സീസണില്‍ ബയേണിന്‍െറ ഗോള്‍മഴയുടെ അമരക്കാരനായ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി തന്നെ ഇത്തവണയും തുടക്കം കുറിച്ചു. 10ാം മിനിറ്റില്‍ ലെവന്‍ഡോവ്സ്കി വക ബുള്ളറ്റ് ആഴ്സനല്‍ വലയിലത്തെി. പിന്നീട് തോമസ് മ്യൂളറുടെ വകയായിരുന്നു പ്രഹരം, 29ാം മിനിറ്റില്‍. തുടര്‍ന്ന് 44ാം മിനിറ്റില്‍ ഡേവിഡ് അലാബയുടെ ബൂട്ടില്നിന്നായി പന്തിന്‍െറ ഗോള്‍വല സന്ദര്‍ശനം. 55ാം മിനിറ്റില്‍ പകരക്കാരനായി ഗ്രൗണ്ടിലത്തെി 30 സെക്കന്‍ഡുപോലും കഴിയുന്നതിനുമുമ്പ് ഫസ്റ്റ് ടച്ചില്‍ വലകുലുക്കിയ വെറ്ററന്‍ ആര്‍യെന്‍ റോബനാണ് സ്കോര്‍ 4-0 എന്ന നിലയിലേക്ക് ഉയര്‍ത്തിയത്. 69ാം മിനിറ്റില്‍ ഒളിവര്‍ ജിറൗഡിന്‍െറ തകര്‍പ്പനൊരു ഗോള്‍ പിറന്ന നിമിഷത്തില്‍ മാത്രം ആഴ്സനലിന് ആഹ്ളാദിക്കാന്‍ അവസരം കിട്ടി.89ാം മിനിറ്റില്‍ തന്‍െറ രണ്ടാം പ്രഹരവും ആഴ്സനലിന്‍െറ വലയില്‍ എത്തിച്ച് തോമസ് മ്യൂളറാണ് സ്കോര്‍ 5-1ലേക്ക് ഉയര്‍ത്തിയത്. തോല്‍വിയോടെ ആഴ്സനലിന്‍െറ നോക്കൗട്ട് സ്വപ്നംതന്നെ ഭീഷണിയിലാണ്. ഗ്രൂപ്പില്‍ മൂന്നാമതാണ് ആഴ്സനല്‍.
നെയ്മര്‍–സുവാരസ് വീണ്ടും
ലയണല്‍ മെസ്സിയെന്ന അനിഷേധ്യന്െറ അഭാവം അറിയിക്കാതെ നെയ്മര്‍-ലൂയിസ് സുവാരസ് ദ്വയം വീണ്ടും ബാഴ്സലോണയെ ചുമലിലേറ്റി. ഗ്രൂപ് ഇയിലെ പോരാട്ടത്തില്‍ ബെലറൂസ് ക്ളബ് ബെയ്റ്റ് ബൊറിസോവിനെ 3-0ത്തിന് തകര്‍ത്തെറിയാന്‍ ഇരട്ടഗോളുകളും സുവാരസിന് അസിസ്റ്റുമായി ഒരുപടി മുന്നില്‍ നിന്നത് നെയ്മര്‍. എന്നാല്‍, മധ്യനിരയിലെ കരുത്തായ ഇവാന് രകിടിച് പരിക്കേറ്റുപുറത്തായത് സ്പാനിഷ് ചാമ്പ്യന്മാര്ക്ക് തിരിച്ചടിയായി. 20ാം മിനിറ്റില്‍ രകിടിച്ചിന് പകരക്കാരനായത്തെിയ മുനിറാണ് ബാഴ്സയുടെ ആദ്യ ഗോളിലേക്കുള്ള കാരണമായത്. 30ാം മിനിറ്റില്‍, മുനിറിനെ പെനാല്‍റ്റി ബോക്സില്‍ മ്ളാഡെനോവിച് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി നെയ്മര്‍ അനായാസം ലക്ഷ്യത്തിച്ചു.
രണ്ടാം പകുതിയില്‍ 60ാം മിനിറ്റില്‍ സുവാരസ് ആതിഥേയരുടെ രണ്ടാം ഗോളിന്‍െറ ആഘോഷം കറ്റാലന്‍ ആരാധകര്‍ക്ക് സമ്മാനിച്ചു. ഇടതുവിങ്ങില്‍നിന്ന് പാസ് നല്കിയ നെയ്മറുടെ അസിസ്റ്റില്‍ ബോക്സിന്‍െറ മധ്യത്തില്‍നിന്ന് സുവാരസ് തൊടുത്ത ഷോട്ട് തടയാന്‍ മുന്നോട്ടിറങ്ങിയ ഗോളിക്കുമായില്ല. 83ാം മിനിറ്റില്‍ ബാഴ്സയുടെ വലക്കു മുന്നില്‍ ബെയ്റ്റിന്െറ ആക്രമണം നിഷ്പ്രഭമാക്കി നടത്തിയ പ്രത്യാക്രമണമാണ് മൂന്നാം ഗോളിന് വഴിവെച്ചത്.
സെര്‍ജി റോബര്ട്ടോയില്നിന്ന് പാസ് വാങ്ങിയ സുവാരസ് വലത്തേ വിങ്ങില്‍ ഓഫ്സൈഡ് കുരുക്കില്‍ വീഴാതെ, ഇടത്തേ വിങ്ങില്‍നിന്ന് ബോക്സിന് മുന്നിലേക്ക് ഓടിക്കയറിയ നെയ്മര്‍ക്ക് പാസ് നല്കി. കൂടെ ഓടിയത്തൊന്‍ ശ്രമിച്ച മാര്ക്കര്ക്കോ സുവാരസിനെ നോക്കിനിന്ന ഗോളിക്കോ നെയ്മറുടെ തകര്‍പ്പന്‍ ഷോട്ടിനെ ഗോളാകുന്നതില്നിന്ന് തടയാനായില്ല. ബാഴ്സക്ക് 3-0ത്തിന്‍െറ അനായാസ ജയം. ഗ്രൂപ്പില്‍ മൂന്നാം ജയംകുറിച്ച് ഒന്നാമതുള്ള ബാഴ്സക്ക് 10 പോയന്റായി.
വില്യന് ചെല്‍സി
ഗ്രൂപ് ജിയിലെ ചെല്‍സി-ഡൈനാമോ കിയവ് പോരില്‍ ‘ഇരട്ട ഗോളുമായി’ മുന്നില്‍നിന്നത് കിയവിന്െറ താരം അലക്സാണ്ടര്‍ ഡ്രാഗോവിച്. ആ ഗോളുകളിലൊന്ന് സ്വന്തം വലയില്‍തന്നെ ആയിപ്പോയതുകൊണ്ട് സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ചെല്‍സി കാത്തിരുന്ന ജയം പിറന്നു. 34ാം മിനിറ്റില്‍ ഡ്രാഗോവിച്ചിന്െറ സെല്‍ഫ് ഗോളിന് വഴിവെക്കുകയും 83ാം മിനിറ്റില്‍ മനോഹരമായ ഫ്രീകിക്കിലൂടെ വിജയഗോള്‍ നേടുകയും മത്സരത്തിലുടനീളം തകര്‍പ്പന്‍ നീക്കങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുകയും ചെയ്ത വില്യനാണ് ജോസെ മൗറീന്യോയുടെ നീലപ്പടയുടെ രക്ഷകനായത്. തകര്‍പ്പന്‍ പ്രതിരോധത്തിലൂടെ ചെല്‍സിയുടെ നെഞ്ചിടിപ്പ് കൂട്ടുകയായിരുന്ന ഡൈനാമോ കിയവിന് സെല്‍ഫ് ഗോളിന്‍െറ പ്രഹരം നല്കിയ ഡ്രാഗോവിച് തന്നെ 77ാം മിനിറ്റില്‍ സമനിലയിലേക്കൊരു ഗോളിനും ജന്മം നല്കി. എന്നാല്‍, 83ാം മിനിറ്റില്‍ 30 അടി അകലെനിന്ന് വില്യന് പറത്തിവിട്ട ഫ്രീകിക്ക് പ്രതിരോധമതിലും കടന്ന് വലയിലേക്ക് തുളച്ചുകയറുമ്പോള്‍ ഒന്നു തൊടാന്‍പോലും ഗോളിക്കായില്ല. മൗറീന്യോക്ക് ആശ്വാസംപകര്‍ന്ന ജയത്തോടെ ഗ്രൂപ്പില്‍ പോര്‍ട്ടോക്ക് പിറകില്‍ ചെല്‍സി രണ്ടാമതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.