എതിരില്ലാത്ത ഏഴു ഗോള്‍; മുംബൈയെ മുക്കി ഗോവ
text_fieldsപനാജി: ഐ.എസ്.എല്‍ ചരിത്രത്തിലെ കനത്ത തോല്‍വി മുംബൈക്ക്. എതിരില്ലാത്ത ഏഴു ഗോളുകള്‍ മുംബൈ വലയില്‍ അടിച്ചുകൂട്ടിയാണ് സ്വന്തം തട്ടകമായ ഫട്ടോര്‍ഡയില്‍ ഗോവ സന്ദര്‍ശകരുടെ മാനംകെടുത്തിയത്. ജയം നേടിയാല്‍ ഒന്നാം സ്ഥാനമെന്ന മോഹവുമായി ഗോവയിലിറങ്ങിയവരെ ഹയോകിപും ഡുഡുവും ചേര്‍ന്ന് നിഷ്ഠുരം ചിത്രവധം നടത്തുകയായിരുന്നു. ഇതോടെ 18 പോയന്‍റുമായി ഗോവ ഒന്നാം സ്ഥാനത്ത് നില മെച്ചപ്പെടുത്തി.
ഗോവക്കുവേണ്ടി ഹയോകിപ് എന്ന മണിപ്പൂരുകാരനാണ് ആദ്യ വെടി പൊട്ടിച്ചത്. മുംബൈ വലക്കു സമീപം ഹയോകിപ് നല്‍കിയ പന്ത് ഡുഡു അടിക്കാന്‍ ശ്രമിച്ചെങ്കിലും സുബ്രതാപാല്‍ ഉയര്‍ത്തിയ പ്രതിരോധത്തില്‍ തട്ടി തിരിച്ചുവന്നത് വീണ്ടും ഹയോകിപിന്‍െറ കാലില്‍. വീണുകിടന്ന ഗോളി സുബ്രതാപാല്‍ കാഴ്ചക്കാരനായപ്പോള്‍ 34ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു.
മുംബൈ പ്രതീക്ഷകള്‍ വീണ്ടും കെടുത്തി 42ാം മിനിറ്റില്‍ ഡുഡുവിന്‍െറ വക രണ്ടാം ഗോളെ ത്തി. ലൂസിയോ-മൂറെ സഖ്യത്തിന്‍െറ നീക്കത്തിനൊടുവില്‍ ഡുഡുവിന്‍െറ കാലിലെ ത്തിയ പന്ത് മനോഹരമായി പോസ്റ്റിന്‍െറ മൂലയിലേക്ക് പായിക്കുമ്പോള്‍ ഗോളിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പിന്നീട് ഹയോകിപും ഡുഡുവും മാറി മാറി മുംബൈ വല നിറച്ചുകൊണ്ടിരിന്നപ്പോള്‍ പേരുകേട്ട മുംബൈ പ്രതിരോധവും ആക്രമണവും ഒരുപോലെ തളര്‍ന്നു. വല്ലപ്പോഴും കിട്ടിയ അവസരങ്ങളാകട്ടെ, ഗോവന്‍ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു.
വിങ്ങുകളിലൂടെ കുതിച്ചുപാഞ്ഞ ഗോവന്‍ നിരയുടെ ഓരോ നീക്കവും ഗോളിലെത്തുമെന്നായതോടെ ഗാലറി ആവേശത്തിരയിലമര്‍ന്നു. 34, 52, 79 മിനിറ്റുകളിലായിരുന്നു ഹയോകിപിന്‍െറ ഗോളുകളെങ്കില്‍ 42, 64, 67 മിനിറ്റുകളില്‍ ഡുഡു വലനിറച്ചു. റെയ്നാള്‍ഡോ 90ാം മിനിറ്റില്‍ പട്ടിക തികച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.