സീസണിലെ ആദ്യ എല്‍ ക്ലാസികോയില്‍ റയലും ബാഴ്സയും നേര്‍ക്കുനേര്‍
text_fieldsമഡ്രിഡ്: ഫുട്ബാള്‍ പ്രേമികളുടെ കാത്തിരിപ്പിന് ഇന്ന് വിരാമം. മാസങ്ങളുടെ ഇടവേളക്കുശേഷം സ്പാനിഷ് ലാ ലിഗയില്‍ ശനിയാഴ്ച ക്ളാസിക്കല്‍ ഏറ്റുമുട്ടലിന്‍െറ ആരവമുയരും. സീസണിലെ ആദ്യ എല്‍ ക്ളാസികോ പോരില്‍ ബാഴ്സലോണയും റയല്‍ മഡ്രിഡും റയലിന്‍െറ തട്ടകമായ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ സമയം രാത്രി 10.45നാണ് മത്സരം. പാരിസ് ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ആരാധകരെ ചൂടുപിടിപ്പിക്കുന്ന മത്സരത്തിന്‍െറ കിക്കോഫ് നടക്കുക. രണ്ടുമാസത്തെ ഇടവേളക്കുശേഷം സൂപ്പര്‍ താരം ലയണല്‍ മെസ്സി കളത്തിലേക്ക് തിരിച്ചത്തെുന്ന വേദി എന്നനിലയിലും ആരാധകരുടെ ഹൃദയം നിറക്കുന്നതാവും ഇന്നത്തെ എല്‍ ക്ളാസികോ.
കൂടാതെ, ആവേശം നിറക്കാന്‍ മുന്‍നിര താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, ലൂയി സുവാരസ്, ഗാരെത് ബെയ്ല്‍, കരീം ബെന്‍സേമ, ജെയിംസ് റോഡ്രിഗസ്, ആന്ദ്രെ ഇനിയേസ്റ്റ എന്നിവര്‍ ഇരു നിരകളിലുമായി അണിനിരക്കും. മെസ്സി കളിക്കാനിറങ്ങുമെന്ന് ഏറക്കുറെ ഉറപ്പായതോടെ ബാഴ്സലോണ ആരാധകര്‍ ആഹ്ളാദത്തിലാണ്. കാല്‍മുട്ടിലെ ലിഗ്മെന്‍റിനേറ്റ പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മെസ്സി വ്യാഴാഴ്ച മുതല്‍ ടീമിനൊപ്പം പരിശീലനത്തിനിറങ്ങി. എന്നാല്‍, മെസ്സിയെ പ്ളെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ‘റിസ്ക്’ എടുക്കാന്‍ കോച്ച് ലൂയിസ് എന്‍റിക് താല്‍പര്യമെടുക്കാതിരുന്നാല്‍ പകരക്കാരന്‍െറ റോളിലായിരിക്കും താരമിറങ്ങുക. കിരീടം നിര്‍ണയിക്കുന്ന ജീവന്മരണ പോരാട്ടമല്ല എന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ പരിക്കില്‍നിന്ന് സാവധാനത്തിലുള്ള തിരിച്ചുവരവായിരിക്കും മെസ്സിക്കും താല്‍പര്യം. മധ്യനിരയില്‍ കരുത്തായ ഇവാന്‍ രകിടിചിന്‍െറ കാര്യത്തില്‍ ഇപ്പോഴും സംശയത്തിലാണ് ബാഴ്സ. താരം കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയിരുന്നു.
കണക്കുകളുടെ കളി
മറുവശത്ത് റയലും ഒരുങ്ങിത്തന്നെയാണ്. സ്വന്തം കാണികള്‍ക്കു മുന്നില്‍ തോല്‍ക്കാന്‍ മനസ്സില്ലാതെയാണ് റയല്‍ ഇറങ്ങുക. ‘ഹോം’ ഘടകം അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. 22 ലാ ലിഗ ഹോം മത്സരങ്ങളിലായി റയല്‍ തോല്‍വിയറിയാതെ മുന്നേറുകയാണ്. അവയില്‍ കഴിഞ്ഞ അഞ്ചെണ്ണത്തില്‍ വഴങ്ങിയത് ഒരു ഗോള്‍ മാത്രം. ബാഴ്സയാകട്ടെ, കഴിഞ്ഞ 15 ലാ ലിഗ എവേ മത്സരങ്ങളിലും ഒരു തവണയെങ്കിലും സ്കോര്‍ ചെയ്ത മികവുമായാണ് എത്തുന്നത്.
11 കളികളില്‍നിന്ന് 27 പോയന്‍റുമായി ബാഴ്സയാണ് ലീഗില്‍ ഒന്നാമത്. 24 പോയന്‍റുമായി രണ്ടാം സ്ഥാനത്താണ് റയലിന്‍െറ സ്ഥാനം. ആദ്യ 10 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറുകയായിരുന്ന റയല്‍, രണ്ടാഴ്ച മുമ്പ് സെവിയ്യയോട് സീസണിലെ ആദ്യ തോല്‍വി (3-2) ഏറ്റുവാങ്ങിയതോടെയാണ് ബാഴ്സ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്.
കഴിഞ്ഞ സീസണിലെ അവസാന എല്‍ ക്ളാസികോയില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബാഴ്സക്കൊപ്പമായിരുന്നു ജയം. കഴിഞ്ഞ അഞ്ച് എല്‍ ക്ളാസികോകളുടെ കണക്കെടുത്താലും മൂന്നു ജയവുമായി ബാഴ്സക്കാണ് മുന്‍തൂക്കം.ക്രിസ്റ്റ്യാനോക്കൊപ്പം ഗാരെത് ബെയ്ലും ജെയിംസ് റോഡ്രിഗസും ബെനിറ്റസിന്‍െറ സ്ക്വാഡിലുണ്ടാകും. പരിക്കിന്‍െറ പിടിയിലായിരുന്ന മുന്നേറ്റ താരം കരീം ബെന്‍സേമ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ടെങ്കിലും ആദ്യ ഇലവനില്‍ സ്ഥാനംപിടിക്കുന്ന കാര്യം സംശയത്തിലാണ്. കഴിഞ്ഞ മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോയുടെ സ്കോറിങ് പാടവം മങ്ങിയതാണ് റയല്‍ കോച്ച് ബെനിറ്റസിനെ കുഴക്കുന്ന മറ്റൊരു ഘടകം.
എന്നാല്‍, ക്രിസ്റ്റ്യാനോയുടെ ‘കില്ലര്‍’ ബൂട്ടുകളെ എഴുതിത്തള്ളാനുള്ള അതിബുദ്ധി ബാഴ്സയുടെ ഭാഗത്തുനിന്ന് എന്തായാലുമുണ്ടാകില്ല. ബെയ്ലും ക്രിസ്റ്റ്യാനോയും ആക്രമണത്തിന്‍െറ ചുമതലയേല്‍ക്കുമ്പോള്‍ ഇസ്കോ, ക്രൂസ്, കാസെമിറൊ, മോഡ്രിച് എന്നിവര്‍ക്കായിരിക്കും മധ്യനിരയുടെ ഉത്തരവാദിത്തം.
ബാഴ്സ നിരയില്‍ കഴിഞ്ഞ ഒമ്പതു മത്സരങ്ങളിലും മെസ്സിയില്ലാത്തതിന്‍െറ ക്ഷീണമുണ്ടായിരുന്നില്ല. മുന്നേറ്റ നിരയില്‍ സുവാരസും നെയ്മറും ഭംഗിയായി ഉത്തരവാദിത്തം നിറവേറ്റിയതോടെ ഏഴു കളികളില്‍ ബാഴ്സ വിജയംകണ്ടു. ഒന്നു തോറ്റപ്പോള്‍ ഒന്ന് സമനിലയിലായി. കഴിഞ്ഞ ആറു കളികളില്‍ ഒരു ഗോള്‍ മാത്രമാണ് ബാഴ്സ വഴങ്ങിയത്.
പ്രതിരോധ നിരയില്‍ ജെറാര്‍ഡ് പിക്വെും ബുസ്ക്വറ്റ്സിനുമൊപ്പം യാവിയര്‍ മഷെറാനോയത്തെും. മെസ്സി പ്ളെയിങ് ഇലവനില്‍ കളിക്കാതിരിക്കുന്ന സാഹചര്യത്തിലും മൂന്നു പേരടങ്ങുന്ന മുന്നേറ്റമാണ് പരീക്ഷിക്കുന്നതെങ്കില്‍ മുനിര്‍ ആയിരിക്കും നെയ്മര്‍ക്കും സുവാരസിനും ഒപ്പം കളംനിറയുക. ക്യാപ്റ്റനെന്ന നിലയില്‍ ഇനിയേസ്റ്റയുടെ ആദ്യ എല്‍ ക്ളാസികോയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.