ഇത് പെണ്‍പകയുടെ മലപ്പുറം മോഡല്‍
text_fieldsതേഞ്ഞിപ്പലം: മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ സംസ്ഥാന സ്കൂള്‍ ഫുട്ബാള്‍ ടീം തെരഞ്ഞെടുപ്പിനോടുള്ള പ്രതിഷേധം മലപ്പുറത്തെ പെണ്‍കൊടികള്‍ മൈതാനത്ത് തീര്‍ത്തു. സംസ്ഥാന സ്കൂള്‍ ഗെയിംസ് സീനിയര്‍ പെണ്‍കുട്ടികളുടെ ഫുട്ബാളില്‍ കോട്ടയത്തെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി മലപ്പുറം ജില്ല ജേതാക്കളായി. എന്നാല്‍, ദേശീയ സ്കൂള്‍ ഗെയിംസില്‍ കേരള ടീം കളിക്കുക സംസ്ഥാന ചാമ്പ്യന്മാരില്‍നിന്ന് ഒരാള്‍ പോലുമില്ലാതെയായിരിക്കും. സ്വര്‍ണം നേടി സ്വന്തം കരുത്തിന് അടിവരയിട്ട മലപ്പുറത്തിനിത് മധുരപ്രതികാരം കൂടിയായി.
ദേശീയ ഗെയിംസിന് സംസ്ഥാന ഗെയിംസ് കഴിഞ്ഞും ദിവസങ്ങള്‍ ബാക്കിയിരിക്കെ നടന്ന തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍പോലും നടത്താത്ത ചില താരങ്ങളെ തിരുകിക്കയറ്റി ദേശീയ താരങ്ങള്‍ക്ക് വരെ അവസരം നിഷേധിച്ചത് വിവാദമായിരുന്നു. ദക്ഷിണ, ഉത്തരമേഖലാ ഗെയിംസ് മത്സരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ക്യാമ്പിലേക്ക് കളിക്കാരെ തെരഞ്ഞെടുത്തത്. ഒക്ടോബര്‍ 19ന് അന്തിമ സെലക്ഷന്‍ നടത്തി 18 അംഗ ടീം പ്രഖ്യാപിച്ചു. ഉത്തരമേഖലാ ജേതാക്കളായ മലപ്പുറം സംഘത്തില്‍നിന്ന് ഒരാള്‍ പോലുമില്ല. ഇതിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കിയിരുന്നു. രക്ഷിതാക്കളും കുട്ടികളും കോടതിയെ സമീപിക്കാനിരിക്കെയാണ് സംസ്ഥാന ഗെയിംസില്‍ മലപ്പുറത്തിന്‍െറ മിന്നും പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.