ഡൽഹിക്കെതിരെ ചെന്നൈക്ക് തകർപ്പൻ ജയം
text_fieldsചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹി ഡൈനാമോസിനെതിരെ ചെന്നൈയിൻ എഫ്.സിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ചെന്നൈ ഡൽഹിയെ തോൽപ്പിച്ചത്. ചൈന്നൈയിൽ കഴിഞ്ഞ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ തകർത്തതിന് പിന്നാലെയാണ് ചെന്നൈയിൻ ആധികാരിക വിജയം നേടിയത്. ചെന്നൈയിനുവേണ്ടി ജെജെ രണ്ട് ഗോളുകൾ സ്വന്തമാക്കി. സ്റ്റീവൻ മെൻഡോസ, ബ്രൂണോ പെല്ലിസരി എന്നിവരാണ് മറ്റ് സ്കോറർമാർ. ജയത്തോടെ ചെന്നൈ നാലാം സ്ഥാനത്തെത്തി. ഡൽഹി മൂന്നാം സ്ഥാനത്ത് തുടരും.
മികച്ച പ്രതിരോധനിരയുള്ള ഡൽഹിയെ നിഷ്പ്രഭമാക്കുന്ന കളിയാണ് മാർക്കോ മാറ്ററാസിയുടെ ചെന്നൈയിൻ കാഴ്ചവെച്ചത്. കഴിഞ്ഞ മത്സരങ്ങളിൽ മിന്നുന്ന പ്രകടചനം കാഴ്ചവെച്ച മലയാളി താരം അനസിൻെറ പിഴവാണ് ചെന്നൈയുടെ ആദ്യ ഗോളിന് കാരണം. 17ാം മിനിറ്റിലാണ് ചെന്നൈയിൻ ആദ്യ ഗോൾ നേടിയത്. ലീഗിലെ ടോപ്സ്കോററായ സ്റ്റീവൻ മെൻഡോസായാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. ബോക്സിന് അഡ്വാൻസ് ചെയ്തുനിന്ന ഡൽഹി ഗോളിക്ക് പന്ത് സേവ് ചെയ്യുന്നതിൽ പിഴച്ചു. അനസിനും ക്ലിയർ ചെയ്യാൻ കഴിയാതെ പോയ പന്ത് സ്റ്റീവൻ മോൻഡോസ പോസ്റ്റിലെത്തിക്കുകയായിരുന്നു.
21ാം മിനിറ്റിലാണ് പെല്ലിസരി ഗോൾ നേടിയത്. ബോക്സിൽ വെച്ച് ജെജെ മറിച്ചുനൽകിയ പന്ത് എതിർ ഡിഫൻഡർ തടഞ്ഞെങ്കിലും പിന്നീട് കിട്ടിയത് പെല്ലിസരിയുടെ കാലിൽ. പിഴവുകൾ വരുത്താതെ പെല്ലിസരി പന്ത് പോസ്റ്റിലെത്തിച്ചു. പിന്നീടുള്ള രണ്ട് ഗോളുകളും നേടിയത് ജെജെയാണ്. ആദ്യ പകുതി അവസാനിക്കാൻ അഞ്ച് മിനിറ്റ് ബാക്കിയുള്ളപ്പോഴായിരുന്നു ഗോൾ വീണത്. മെൻഡോസയുടെ പാസിൽ നിന്നായിരുന്നു ഗോൾ. 54ാം മിനിറ്റിലാണ് അവസാനത്തെ ഗോൾ ജെജെ നേടിയത്. ഇത്തവണയും മെൻഡോസയുടെ മികച്ച നീക്കത്തിൽ നിന്നാണ് ഗോൾ പിറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.