ചെല്‍സിയുടെ നെഞ്ചകം ചവിട്ടി ലിവര്‍പൂള്‍
text_fieldsലണ്ടന്‍: സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നീലപ്പടയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചത്തെിയ ആരാധകര്‍ക്കു മുന്നില്‍ ചെല്‍സി വധം പൂര്‍ത്തിയാക്കി ലിവര്പൂളിന്െറയും പുതിയ കോച്ച് യുര്‍ഗന്‍ ക്ളോപിന്െറയും വിജയനൃത്തം. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മൂന്ന് ജയംമാത്രമായി 15ാം സ്ഥാനത്തേക്ക് പതിച്ച കോച്ച് മൗറീന്യോയുടെ കസേര ഉറപ്പിക്കാന്‍ ഒരു ജയം അനിവാര്യമായിറങ്ങിയ ചെല്‍സിയെ വരിഞ്ഞുമുറുക്കിക്കൊണ്ടായിരുന്നു ലിവര്‍പൂളിന്‍െറ ജയം (3-1). ഇരട്ടഗോളുമായി ബ്രസീല്‍ താരം ഫിലിപ്പ് കുടീന്യോ സന്ദര്ശകസംഘത്തിന്െറ വിജയനായകനായി മാറി.
കളിയുടെ നാലാം മിനിറ്റില്‍ റമിറസിന്െറ ഹെഡറിലൂടെ നീലപ്പട ഗാലറിയെ ഇളക്കിവിട്ടെങ്കിലും പിന്നീടുള്ള മുഹൂര്‍ത്തങ്ങളില്‍ കാത്തിരുന്നത് മറ്റൊരു തിരക്കഥയായിരുന്നു. വില്യന്-റമിറസ് കൂട്ടിലൂടെ മുന്നേറിയ ചെല്‍സിയെ ഉറച്ച പ്രതിരോധത്തിലൂടെ ചെറുത്ത ലിവര്‍പൂള്‍ പതുക്കെ കളി കൈയിലെടുക്കുകയായിരുന്നു. ഒടുവില്‍, ആദ്യ പകുതിക്ക് പിരിയുംമുമ്പേ സമനില പിടിച്ച് പോരാട്ടവീര്യം വീണ്ടെടുക്കുകയും ചെയ്തു.
രണ്ടാം പകുതിയില്‍ വലതുവിങ്ങിലൂടെ മിസൈല്‍ വേഗത്തില്‍ കുതിച്ച ലിവര്‍പൂള്‍ കളം തീര്‍ത്തും കൈയടക്കി. 74ാം മിനിറ്റില്‍ അര്‍ധാവസരം ഗോളിലേക്ക് വെട്ടിത്തിരിച്ചായിരുന്നു കുടീന്യോ രണ്ടാം തവണ വലകുലുക്കിയത്. ഗാലറിയെ നിശ്ശബ്ദമാക്കിയ ലീഡിനു പിന്നാലെ ലിവര്‍പൂള്‍ വീണ്ടും സ്കോര്‍ ചെയ്തു. 83ാം മിനിറ്റില്‍ വലതുവിങ്ങില്‍നിന്ന് ബെന്ടക് ഉതിര്‍ത്ത ഷോട്ടില്‍ ചെല്‍സി ഗോളി അസ്മിര്‍ ബെഗോവിച് വീണ്ടും കാഴ്ചക്കാരനായതോടെ ലിവര്‍പൂളിന്‍െറ വിജയമുറച്ചു.
ജര്‍മന്‍കാരനായ ക്ളോപിന്‍െറ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ ജയമാണിത്. അതേസമയം, നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയുടെ ആറാം തോല്‍വിയും.
മറ്റുമത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്സനലും ജയം സ്വന്തമാക്കി. സിറ്റി 2-1ന് നോര്‍വിചിനെയും ആഴ്സനല്‍ 3-0ന് സ്വാന്‍സീ സിറ്റിയെയും വീഴ്ത്തി. അതേസമയം, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ക്രിസ്റ്റല്‍ പാലസ് ഗോള്‍ രഹിത സമനിലയില്‍ തളച്ചു. വാറ്റ്ഫോഡ് 2-0ന് വെസ്റ്റ്ഹാമിനെയും ലിഷ്സറ്റര് 3-2ന് വെസ്റ്റ്ബ്രോംവിചിനെയും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.